ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇനി വിസ വേണ്ട; ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങള്‍ക്ക് ഇളവ്

ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു വിസാരഹിത പ്രവേശനം അനുവദിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. അടിയന്തരമായി ഇതു നടപ്പാക്കും. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം എന്നാണു നിഗമനം.

ഇന്ത്യയ്ക്കു പുറമേ യു.എസ്., ബ്രിട്ടന്‍, കാനഡ, ദക്ഷിണാഫ്രിക്ക, സീഷെല്‍സ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങി 80 രാജ്യങ്ങള്‍ക്കാണു വിസാ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളില്‍നിന്ന് ഇനി ഖത്തര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വിസയ്ക്ക് അപേക്ഷിക്കേണ്ട ആവശ്യമില്ല. എത്തുന്ന വിമാനത്താവളത്തിലോ തുറമുഖത്തോ ആറു മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, തിരിച്ചുള്ള ടിക്കറ്റ് എന്നിവ ഹാജരാക്കിയാല്‍ വിസാ ഇളവു രേഖ നല്‍കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.

സന്ദര്‍ശകന്റെ പൗരത്വത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു തരത്തില്‍ ഇളവു നല്‍കാനാണു തീരുമാനം. ഇന്ത്യയുള്‍പ്പെടെ 47 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു 30 ദിവസത്തെ വിസാ ഇളവായിരിക്കും നല്‍കുക. അവര്‍ക്കു കാലാവധി കഴിഞ്ഞ് 30 ദിവസത്തെ ഇളവിനു കൂടി അപേക്ഷിക്കാനാകും.

യു.എസും ബ്രിട്ടനും ഉള്‍പ്പെടെ 33 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു പരമാവധി 180 ദിവസം വരെ കാലാവധിയുള്ള വിസാ ഇളവു രേഖ നല്‍കും. ഇതനുസരിച്ച് ഒരു തവണ 90 ദിവസം വരെ ഖത്തറില്‍ തങ്ങാന്‍ കഴിയും. വീണ്ടും മടങ്ങിയെത്തുമ്പോഴും ഇതേ രേഖയുപയോഗിച്ചു 90 ദിവസത്തെ ഇളവു ലഭിക്കും. 2016 നവംബറില്‍ ഖത്തര്‍ സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിച്ചിരുന്നു. ഖത്തര്‍ വഴി യാത്ര ചെയ്യുന്ന ആര്‍ക്കും അഞ്ചുമണിക്കൂര്‍ മുതല്‍ നാലു ദിവസം വരെയാണു ട്രാന്‍സിറ്റ് വിസ നല്‍കുന്നത്.
എ എം

Share this news

Leave a Reply

%d bloggers like this: