തമിഴ്നാട് സ്വദേശി ചികിത്സ കിട്ടാതെ മരിച്ച സംഭവം; ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന്‍ ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യാന്‍ നിയമോപദേശം തേടാനൊരുങ്ങി പൊലീസ്. കൊല്ലം, തിരുവന്തപുരം ജില്ലകളിലെ ആറ് ആശുപത്രികളാണു മുരുകനു ചികിത്സ നിഷേധിച്ചത്. ഇവിടങ്ങളിലെ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്യുന്നതിനു നിയമതടസമുണ്ടോ എന്നാണ് പൊലീസ് ആരായുന്നത്.

ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മുരുകന്‍ മരിക്കുമെന്നു ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, മുരുകന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മനഃപൂര്‍വമായ വീഴ്ചവരുത്തിയെന്നും അന്വേരഷണത്തില്‍ വ്യക്തമായി.

രണ്ട് വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരിക്കെയാണ് ഇല്ലെന്നു പറഞ്ഞു ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ മടക്കിയയച്ചെതെന്നാണ് കണ്ടെത്തല്‍. മൂന്നു മണിക്കൂര്‍ കാത്തുകിടന്നിട്ടും ബദല്‍ സംവിധാനമൊരുക്കിയില്ലെന്നും വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്നു മൊഴി നല്‍കി അന്വേഷണസംഘത്തെയും അധികൃതര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ വെന്റിലേറ്റര്‍ ഒഴിവില്ലെന്നായിരുന്നു വിശദീകരണം. എന്നാല്‍ ഈ സമയം അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിലും പൊള്ളല്‍ ചികിത്സാ വിഭാഗത്തിലും രണ്ടു പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. എന്നാല്‍ ഈ വിഭാഗങ്ങളിലെ മേധാവികളുമായി കൂടിയാലോചന നടത്താതെ വെന്റിലേറ്റര്‍ ഒഴിവില്ലെന്നു നിരുത്തരവാദത്തോടെ അറിയിക്കുകയായിരുന്നു. മൂന്നു മണിക്കൂര്‍ കാത്തു കിടന്നിട്ടും ചികില്‍സ ലഭിക്കാഞ്ഞതോടെ മുരുകനുമായെത്തിയ ആംബുലന്‍സ് മടങ്ങി. മടങ്ങിപ്പോകുന്നതിനിടെയാണ് മുരുകന്റെ മരണം സംഭവിച്ചത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: