പീഡനക്കേസില്‍ ദേരാ സച്ചാ നേതാവ് ഗുര്‍മീത് സിംഗ് കുറ്റക്കാരന്‍; പഞ്ചാബില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നു

അനുയായിയായ സ്ത്രീയെ പീഡിപ്പിച്ച കേസില്‍ ദേരാ സച്ചാ സൗദാ ആത്മീയ നേതാവായ ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് പഞ്ചകുള സിബിഐ കോടതിയുടെ വിധി. ഏഴുവര്‍ഷത്തെ തടവ് വരെ ലഭിക്കാവുന്ന കുറ്റമാണ്. ലക്ഷക്കണക്കിന് അനുയായികളുള്ള ദേരാ സച്ചാ സൗദാ നേതാവിനെതിരെയുള്ള വിധി പുറപ്പെടുവിക്കുന്നുവെന്നറിഞ്ഞ് ഒരാഴ്ചയോളമായി അദ്ദേഹത്തിന്റെ അനുയായികള്‍ പ്രധാന ആശ്രമം സ്ഥിതി ചെയ്യുന്ന സിര്‍സയിലെ ദേരാ ആശ്രമത്തിലേക്കും വിചാരണ നടന്ന പഞ്ചഗുള കോടതിയിലേക്കും ഒഴുകുകയായിരുന്നു. ഇതുവരെ ഒരുലക്ഷത്തിലധികം പേരാണ് സിര്‍സയിലെ പ്രധാന ആശ്രമത്തിലെത്തിച്ചേര്‍ന്നത്.

വിധി ഗുര്‍മീത് റാം റഹീമിന് പ്രതികൂലമായാല്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ കലാപമുണ്ടാക്കിയേക്കുമെന്ന ഭീതിയില്‍ സര്‍ക്കാരുകള്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പതിനായിരത്തോളം വരുന്ന അര്‍ധ സൈനികരെ ഇരു സംസ്ഥാനങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. സൈനികരെ കൂടാതെ 10 ഐപിഎസ് ഉദ്യോഗസ്ഥര്‍, ഡിജിപി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍, 100 മജിസ്ട്രേറ്റുമാര്‍ എന്നിവരെയുമാണ് സുരക്ഷയുടെ ഭാഗമായി നിയോഗിച്ചത്.

നേരത്തെ ഗുര്‍മീതിന്റെ അനുയായികള്‍ ഒത്തുകൂടിയിട്ടുള്ള ചണ്ഡിഗഡ് സെക്ടര്‍ 16 ക്രിക്കറ്റ് സ്റ്റേഡിയം തത്കാലിക ജയിലാക്കിക്കൊണ്ട് ചണ്ഡിഗഡ് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇവിടെ ഒത്തുകൂടിയവരെ അവിടെവച്ച് തന്നെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ച് ജയിലിന് സമാനമായ കാവല്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇവിടെയുള്ളവരെ പിന്നീട് കോടതി ഉത്തരവ് വരുന്നതുവരെ പുറത്തുപോകാന്‍ അനുവദിക്കില്ല.സ്റ്റേഡിയം നിറഞ്ഞാല്‍ സമീപത്തെ സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും ജയിലാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

മൂന്ന് ദിവസത്തേക്ക് പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.ഇരു സംസ്ഥാനങ്ങളിലേയും 29 ഓളം ട്രെയിനുകള്‍ റദ്ദാക്കി. വിധി പുറപ്പെടുവിക്കുന്നതുവരെ സംസ്ഥാനത്തെ എല്ലാ എംഎല്‍എമാരോടും അതത് മണ്ഡലങ്ങളില്‍ തങ്ങാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വീടിന് പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചണ്ഡിഗഢിനു സമീപത്തെ പഞ്ചകുള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസിലെ വിധിയാണ് സിബിഐ കോടതി പ്രഖ്യാപിച്ചത്. റഹിം തന്നെയും മറ്റൊരു സ്ത്രീയെയും ആശ്രമത്തില്‍വച്ച് പീഡിപ്പിച്ചെന്ന അനുയായിയായിരുന്ന സ്ത്രീയുടെ പരാതിയാണ് കേസിന് ആധാരം. അന്ന് പ്രധാനമന്ത്രിയായിരുന്ന എബി വാജ്പേയിക്ക് 2009 ല്‍ ആശ്രമത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ട വിവരം കാട്ടി ഒരു സ്ത്രീ ഊമക്കത്ത് അയക്കുകയായിരുന്നു.

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സിബിഐ നടത്തിയ അന്വേഷണത്തില്‍ ഒരു സ്ത്രീ കൂടി റഹീമിനെതിരേ മൊഴി നല്‍കിയിരുന്നു. മറ്റ് പലരും തങ്ങളെ ഗുര്‍മീത് റാം റഹീം പീഡിപ്പിച്ചതായി മൊഴി നല്‍കിയെങ്കിലും പരാതിയില്ലെന്നാണ് അറിയിച്ചത്. ചിലര്‍ ആത്മീയാചാര്യന്‍ പീഡിപ്പിച്ചതുവഴി തങ്ങള്‍ ആത്മശുദ്ധിവന്നവരായെന്ന രീതിയിലും മൊഴി നല്‍കിയിരുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: