പാക്കിസ്ഥാനെതിരായ ട്രംപിന്റെ നിലപാട് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പാക്കിസ്ഥാനോടുള്ള സന്ദേശം സുവ്യക്തമായിരുന്നു. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും അവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന, അഫ്ഗാനിസ്ഥാനില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പായിരുന്നു ട്രംപ് നടത്തിയത്. ഭീകരസംഘടനകളെയും അഫ്ഗാനിസ്ഥാനെ പ്രക്ഷുബ്ധമാക്കാന്‍ ശ്രമിക്കുന്നവരെയും പിന്തുണയ്ക്കുന്ന നിലപാട് പാക്കിസ്ഥാന്‍ നിര്‍ത്തണമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ പ്രസ്താവന ഏറെ ഗുണകരമാണ്.

മാത്രമല്ല പാക്കിസ്ഥാനിട്ട് മറ്റൊരു കൊട്ട് കൂടി നല്‍കിയിട്ടുണ്ട് ട്രംപ്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തില്‍ ഇന്ത്യയുടെ സഹായം കൂടുതല്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ട്രംപ്. ഇത് പാക്കിസ്ഥാനെ ഏറെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. യുഎസിലെ അഫ്ഗാന്‍ നയം ഇന്ത്യ കേന്ദ്രീകൃതമായിരിക്കുമെന്നും പാക്കിസ്ഥാനെ പുറന്തള്ളിയുള്ളതായിരിക്കുമെന്നുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി അമേരിക്ക ഭീകരതയുടെ പട്ടം നല്‍കിയ ഏകദേശം 20 സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. ട്രംപ് ഇതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ നയപ്രഖ്യാപനം വ്യക്തമാക്കുന്നത്.

വാള്‍സ്ട്രീറ്റ് ജേണലിന്റെ കണക്ക് പ്രകാരം ഏകദേശം 12,000 യുഎസ് ട്രൂപ്പുകളാണ് അഫ്ഗാനിസ്ഥാനിലുള്ളത്. പ്രസിഡന്റിന്റെ പുതിയ സ്ട്രാറ്റജി അനുസരിച്ച് 3,900 സൈനികരെ കൂടി അങ്ങോട്ടേക്ക് അയക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെ വന്നാല്‍ മൊത്തം സൈനികരുടെ എണ്ണം ഏകദേശം 16,000 വരും. അമേരിക്ക സൈനികപരമായും സാമ്പത്തികപരമായും വലിയ നിക്ഷേപമാണ് അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തുന്നത്. ഇത് ഫലവത്താകണമെങ്കില്‍ അവിടത്തെ ഭീകരത തുടച്ചുനീക്കേണ്ടതുണ്ട്.

ഈ പ്രക്രിയയിലെ സുപ്രധാനമായ ചുവടുവെപ്പാണ് പാക്കിസ്ഥാനെ നിയന്ത്രിച്ച് നിര്‍ത്തുകയെന്നത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി അഫ്ഗാനിസ്ഥാനില്‍ ഭീകരതയുടെ വിത്ത് പാകി, അതില്‍ നിന്നും വിളവെടുപ്പ് നടത്തുന്ന പ്രക്രിയ തുടരുകയാണ് പാക്കിസ്ഥാന്‍. ഇത് പൂര്‍ണമായും തുടച്ചുനീക്കപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ അഫ്ഗാനിസ്ഥാന്റെ വളര്‍ച്ചയും വികസനവും സുസ്ഥിരമാകില്ല. അവിടത്ത ജനതയ്ക്ക് സമാധാനവുമുണ്ടാകില്ല.

നിലവില്‍ അഫ്ഗാനിസ്ഥാന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ പ്രധാന പങ്കാളിയാണ് ഇന്ത്യ. അഫ്ഗാന്‍ സുരക്ഷാ സേനകള്‍ക്കുള്ള ലോജിസ്റ്റിക്സ്, ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളിലെ പിന്തുണ ഇന്ത്യ നല്‍കണമെന്ന ആവശ്യം യുഎസ് മുന്നോട്ടുവെക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ സമാധാനവും സുരക്ഷയും ജനാധിപത്യവും സംരക്ഷിക്കുന്നതില്‍ അമേരിക്ക നടത്തിയ ത്യാഗങ്ങളെ എല്ലാ അര്‍ത്ഥത്തിലും ഞങ്ങള്‍ മനസിലാക്കുന്നു, അഭിനന്ദിക്കുന്നു എന്നായിരുന്നു അടുത്തിടെ കേന്ദ്ര മന്ത്രി സുഷമ സ്വരാജ് പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഖ്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പാക്കിസ്ഥാന്റെ സ്വാധീനം തുടച്ചുനീക്കാന്‍ സഹായകമാകുമെന്നാണ് കരുതുന്നത്.

ഭീകരതയെ ഒളിഞ്ഞു തെളിഞ്ഞും പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അഫ്ഗാന്റെ പുനര്‍നിര്‍മാണത്തില്‍ പാക്കിസ്ഥാന്റെ ക്രിയാത്മക സഹകരണം അമേരിക്ക ആവശ്യപ്പെടുമെന്നായിരുന്നു ഇസ്ലാമിക രാജ്യം പ്രതീക്ഷിച്ചത്. അതല്ല തങ്ങളുടെ നയമെന്ന് താക്കീതിന്റെ സ്വരത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ്. അഫ്ഗാന്‍ നയത്തിന്റെ കാര്യത്തില്‍ തന്റെ നിലപാട് യുക്തിപൂര്‍ണമാണെന്ന് കൂടിയാണ് ട്രംപ് തെളിയിച്ചിരിക്കുന്നത്. താലിബാനെയും ഹക്കാനി ശൃംഖലയെയും എല്ലാം പാക്കിസ്ഥാന്‍ ഇനി ഏത് രീതിയിലാണ് കൈകാര്യം ചെയ്യുകയെന്നതാണ് കാണേണ്ടത്.

 

 
ഡികെ

Share this news

Leave a Reply

%d bloggers like this: