ഹാര്‍വി ചുഴലി: ഹ്യൂസ്റ്റണില്‍ 200 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയെന്ന് മന്ത്രി സുഷമ സ്വരാജ്

കൊടുങ്കാറ്റും ഇതിനൊപ്പമുണ്ടായ വെള്ളപ്പൊക്കവും മൂലം ദുരിതം രൂക്ഷമായ അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ 200 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിരിക്കുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വീറ്ററിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ദുരിതം വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷപെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുവാനുള്ള പ്രവര്‍ത്തനത്തിന് ഹ്യൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചതായും വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന് ബോട്ടുകള്‍ ആവശ്യമായതിനാല്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ് അനുമതി നല്‍കിയില്ലെന്നും വിദേശകാര്യമന്ത്രി അറിയിച്ചു. കഴുത്തൊപ്പം വെള്ളത്തിലാണ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ കഴിയുന്നതെന്നും ശാലിനി, നിഖില്‍ ഭാട്ടിയ എന്നീ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായും സുഷമ സ്വരാജ് അറിയിച്ചു. ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുപം റായിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ഇന്ത്യക്കാരുടെ വിഷയത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഒരു പതിറ്റാണ്ടിനിടെ അമേരിക്ക നേരിട്ട ഏറ്റവും വലിയ കൊടുങ്കാറ്റായ ഹാര്‍വി ചുഴലിയിലും ഇതിനൊപ്പമുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ അഞ്ചുപേര്‍ മരിച്ചെന്നാണ് വിവരം. മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഹ്യൂസ്റ്റണില്‍ ഇതിനകം മുപ്പതിനായിരത്തിലധികം പേരെയാണ് താല്‍ക്കാലിക ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്.

 
എ എം

Share this news

Leave a Reply

%d bloggers like this: