ഇന്ത്യന്‍ വംശജനായ ജോസഫ് യുവരാജ് പിള്ള സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റ്

ഇന്ത്യന്‍ വംശജനായ ജോസഫ് യുവരാജ് പിള്ളയെ സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു. നിലവിലെ പ്രസിഡന്റ് ടോണി ടാന്‍ കെംഗ് യാമിന്റെ കാലാവധി വ്യാഴാഴ്ച അവസാനിച്ചതിനെ തുടര്‍ന്നാണ്, മുന്‍ ഉദ്യോഗസ്ഥനായ ജെ വൈ പിള്ളയെ ഇടക്കാല പ്രസിഡന്റായി നിയമിച്ചത്. ഈ മാസം 23 ന് സിംഗപ്പൂരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് വരേയ്ക്കാണ് 83 കാരനായ പിള്ളയെ ഇടക്കാല പ്രസിഡന്റായി നിയമിച്ചിട്ടുള്ളത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിലവില്‍ വന്നശേഷം ഇതാദ്യമായാണ് സിംഗപ്പൂരില്‍ പ്രസിഡന്റിന്റെ പദവി ഒഴിഞ്ഞുകിടക്കുന്നത്. നിലവില്‍ പ്രസിഡന്റിന്റെ ഉപദേശക കൗണ്‍സില്‍ അംഗമാണ് പിള്ള. 34 വര്‍ഷത്തോളം സിംഗപ്പൂര്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ഉന്നത ഉദ്യോഗസ്ഥനായി ജെ വൈ പിള്ള സേവനം അനുഷ്ഠിച്ചിട്ടുണ്ട് സിംഗപ്പൂര്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള പിള്ള, സിഗപ്പൂര്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍, സിംഗപ്പൂര്‍ എക്സ്ചേഞ്ച് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയില്‍ പ്രസിഡന്റ് ടോണി ടാന്‍ യൂറോപ്പ് പര്യടനത്തിന് പോയപ്പോള്‍ പിള്ളയായിരുന്നു ഇടക്കാല പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നത്. 2007 ല്‍ അന്നത്തെ പ്രസിഡന്റ് എസ് ആര്‍ നാഥന്‍ ആഫ്രിക്കന്‍ പര്യടനത്തിന് പോയപ്പോഴും പിള്ളയായിരുന്നു ഇടക്കാല പ്രസിഡന്റായത്. ഈ മാസം 23 ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മൂന്ന് മലയ വംശജരാണ് ഏറ്റുമുട്ടുന്നത്. ഇത്തവണ ന്യൂനപക്ഷ വിഭഗങ്ങള്‍ക്ക് പ്രസിഡന്റ് പദവി സംവരണം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മലയ വംശജരുടെ ഏറ്റുമുട്ടലിന് വേദിയാകുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: