സ്ത്രീകള്‍ അസമത്വം നേരിടുന്നത് പകല്‍ പോലെ വ്യക്തം: മന്ത്രി ലിയോ വരേദ്കര്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ സ്ത്രീകള്‍ എല്ലാ മേഖലയിലും അസമത്വം നേരിടുകയാണെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. ലോങ്ഫോര്‍ഡിലെ പൊതു വേദിയില്‍ വെച്ച് മന്ത്രി കാതറിന്‍ സബോണിന്റെ സ്ത്രീ അവകാശങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെ ആണ് ലിയോ വരേദ്കര്‍ തന്റെ അഭിപ്രായം തുറന്നടിച്ചത്. രാജ്യത്ത് സ്ത്രീകള്‍ക്ക് പ്രത്യുല്പാദന അവകാശം ലഭിക്കുന്നില്ലെന്ന് അഭിപ്രായ പ്രകടനം നടത്തിയ മന്ത്രി കാതറിന്‍ സബോണിന്റെ വാദത്തെ പിന്താങ്ങുന്ന നിലപാട് തന്നെയാണ് വരേദ്കറും സ്വീകരിച്ചത്.

അബോര്‍ഷന്‍ നിയമത്തില്‍ സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പലപ്പോഴും നിഷേധിക്കപെടുന്നുണ്ടെന്ന കാതറിന്‍ സബോണിന്റെ അഭിപ്രായത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് വരേദ്കര്‍ സ്ത്രീ അസമത്വത്തെ ചൂണ്ടിക്കാണിച്ചത്. ഒരു മേഖലയില്‍ മാത്രമല്ല നിരവധി മേഖലകളില്‍ സ്ത്രീകള്‍ അസമത്വം നേരിടുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മേഖലയില്‍ കനത്ത ചൂഷണത്തിന് വിധേയരാവുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നുണ്ടെന്ന വനിതാ സംഘടനകള്‍ നടത്തിയ പഠനങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രധാനമന്ത്രി പ്രസ്താവനയിറക്കിയത്.

സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ പലതും ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്ത്രീ സമൂഹത്തോട് പക്ഷപാതപരമായ സമീപനം കൈക്കൊള്ളുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നത് മന്ത്രി വിലയിരുത്തി. സ്ത്രീകളെ രാഷ്ട്രീയ മേഖലയിലേക്ക് പ്രവേശിപ്പിക്കുന്നതിന് തന്റെ പാര്‍ട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ സ്ത്രീ പ്രതിനിധികളെ തിരഞ്ഞെടുക്കുമെന്നും വരേദ്കര്‍ ഉറപ്പു നല്‍കി. സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും വരേദ്കര്‍ അഭിപ്രായപ്പെട്ടു.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: