ഡബ്ലിനില്‍ വീണ്ടും സൗജന്യ വൈഫൈ

ഡബ്ലിന്‍: രണ്ട് വര്‍ഷം മുന്‍പ് നിര്‍ത്തിവെയ്ക്കപ്പെട്ട സൗജന്യ വൈഫൈ സംവിധാനം ഉടന്‍ തന്നെ പുനരാരംഭിക്കാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. കൗണ്‍സിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്ന നെറ്റ്വര്‍ക്ക് സേവനദാതാക്കളെ അന്വേഷിക്കുകയാണ് കൗണ്‍സില്‍. ആഴ്ചകള്‍ക്ക് മുന്‍പ് ഗാല്‍വേ സിറ്റി മുഴുവന്‍ വൈഫൈ സൗജന്യമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ലിനിലും ഈ സംവിധാനം കൊണ്ടുവരാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.

അയര്‍ലണ്ടിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തന്നെ സൗജന്യ വൈഫൈ സംവിധാനം ആരംഭിച്ചു കഴിഞ്ഞു. ഡബ്ലിന്‍ മാത്രമാണ് ഈ കാര്യത്തില്‍ പുറകിലുള്ളത്. ഡബ്ലിനില്‍ നിര്‍ത്തിവെയ്ക്കപ്പെട്ട വൈഫൈ സംവിധാനം പുനരാരംഭിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി പരാതികളാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തലസ്ഥാന നഗരിയില്‍ വൈഫൈ ഉപയോഗിക്കാന്‍ കഴിയാത്തതില്‍ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റ് സേവന ദാതാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഡബ്ലിനില്‍ സജന്യ വൈഫൈ ആരംഭിക്കാന്‍ കൗണ്‍സില്‍ തയ്യാറാവാത്തതെന്ന ആരോപണം ശക്തമായിരുന്നു. അയര്‍ലന്‍ഡിലെ പ്രധാന നഗരങ്ങളായ കോര്‍ക്ക്, ലീമെറിക്ക്, ഗാല്‍വേ, വാട്ടര്‍ഫോര്‍ഡ്, കില്‍ക്കെനി തുടങ്ങിയ പ്രദേശങ്ങളില്‍ സൗജന്യ വൈഫൈ സേവനം നിലവിലുണ്ട്. ശക്തമായ പ്രതഷേധങ്ങള്‍ക്കൊടുവിലാണ് ഈ സേവനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുമായി ഡബ്ലിന്‍ കൗണ്‍സില്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: