മലയാളിക്ക് ഇനി വിദേശമണല്‍; ഇറക്കുമതി താല്‍പര്യമുളളവര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കും

 

നിര്‍മ്മാണ മേഖലയ്ക്കാവശ്യമായ മണലിന്റെ ലഭ്യത ഇറക്കുമതിയിലൂടെ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. മണലിന്റെ കടുത്ത ദൗര്‍ലഭ്യവും അമിതമായി മണല്‍ വാരുന്നതുമൂലമുളള പരിസ്ഥിതി പ്രശ്നങ്ങളും ഒഴിവാക്കാനാണ് ഇറക്കുമതി ചെയ്യുന്നത്.

വിദേശത്തുനിന്ന് മണല്‍ ഇറക്കുമതി ചെയ്യുന്നതിന് ഇപ്പോള്‍ നിയമ തടസ്സങ്ങളില്ല. കൊച്ചി തുറമുഖം വഴി മണല്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇറക്കുമതിക്കു സംസ്ഥാന സര്‍ക്കാരിന്റെ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പെര്‍മിറ്റ് ആവശ്യമാണ്. ഇറക്കുമതി ചെയ്യാന്‍ താല്‍പര്യമുളളവര്‍ക്കു വകുപ്പ് പെര്‍മിറ്റ് നല്‍കും.

മലേഷ്യ, വിയറ്റ്‌നാം, കംബോഡിയ മുതലായ രാഷ്ട്രങ്ങളില്‍ മണല്‍ വേണ്ടത്ര ലഭ്യമാണ്. കേരളത്തിന് പ്രതിവര്‍ഷം മൂന്ന് കോടി ടണ്‍ മണലാണ് ആവശ്യം. ഇതിന്റെ ചെറിയ ശതമാനം മാത്രമേ പുഴകളില്‍നിന്ന് ലഭിക്കുന്നുളളു. ഇത് കാരണം നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധിയുണ്ട്. ദൗര്‍ലഭ്യം കാരണം വില കുത്തനെ ഉയരുകയും ചെയ്യുന്നു. ഇപ്പോള്‍ ക്യുബിക് അടിക്ക് 140 രൂപ വരെ വിലയുണ്ട്. ഈ സാഹചര്യത്തിലാണ് മണല്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇറക്കുമതിക്കു ശേഷം മണലിന് ഗണ്യമായി വില കുറയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: