ഉടമസ്ഥയുടെ ശബ്ദത്തില്‍ ആമസോണില്‍ ഓര്‍ഡര്‍ നല്‍കി തത്ത

 

ബ്രിട്ടനില്‍ ഉടമസ്ഥയുടെ ശബ്ദത്തില്‍ വളര്‍ത്തു തത്ത സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത വാര്‍ത്ത വൈറലാകുന്നു. ആമസോണ്‍ എന്ന ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സ്ഥാപനത്തിന്റെ ഉല്‍പന്നം ഓര്‍ഡര്‍ ചെയ്തു കൊണ്ടാണു തത്ത തന്റെ കഴിവ് പ്രകടമാക്കിയിരിക്കുന്നത്. ശബ്ദ നിയന്ത്രിത സ്മാര്‍ട്ട് സ്പീക്കറിലൂടെ തന്റെ ഉടമയെ അനുകരിച്ചു കൊണ്ടു വളര്‍ത്തു തത്ത ഓണ്‍ലൈന്‍ ഷോപ്പിംഗ് ഓര്‍ഡര്‍ കൊടുത്തതായി ബുധനാഴ്ച ബ്രിട്ടീഷ് മാധ്യമമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ബഡി എന്ന ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, ആമസോണിന്റെ അലക്സ എന്ന ശബ്ദ നിയന്ത്രിത സംവിധാനത്തിലൂടെയാണു പത്ത് പൗണ്ട് വിലവരുന്ന ഗിഫ്റ്റ് ബോക്സുകള്‍ ഓര്‍ഡര്‍ ചെയ്തത്.

തെക്ക് കിഴക്കന്‍ ലണ്ടനില്‍ താമസിക്കുന്ന ദക്ഷിണാഫ്രിക്കന്‍ വംശജയായ 39-കാരി, കൊറേനി പ്രിട്ടോറിയയുടെ വീട്ടിലാണു സംഭവം അരങ്ങേറിയത്. അഞ്ച് വയസുള്ള തത്ത, കൊറേനി വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കമ്പനിയായ ആമസോണിന്റെ എക്കോ സ്മാര്‍ട്ട് സ്പീക്കര്‍ ആക്ടിവേറ്റ് ചെയ്തു. ഈ സ്പീക്കര്‍ ആമസോണിന്റെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ്ബുമായി ബന്ധിപ്പിക്കുന്നതാണ്. ഈ സ്പീക്കര്‍ ആക്ടിവേറ്റ് ചെയ്താല്‍ ഓര്‍ഡര്‍ ചെയ്യാന്‍ സൗകര്യമുണ്ട്. ഇത്തരത്തിലാണു ബഡി എന്ന തത്ത ഓര്‍ഡര്‍ ചെയ്തത്.

ഓര്‍ഡര്‍ ചെയ്തതനുസരിച്ച് വീട്ടില്‍ ഗിഫ്റ്റ് ബോക്സ് എത്തിയപ്പോള്‍ കൊറേനി ആശ്ചര്യപ്പെട്ടു. കാരണം താന്‍ ഓര്‍ഡര്‍ ചെയ്യാതെ എങ്ങനെയാണ് സമ്മാനം വീട്ടിലെത്തിയതെന്നു ചിന്തിച്ചു. പിന്നീട് എട്ടു വയസുകാരന്‍ മകനെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്തു. എന്നാല്‍ അവരാരും ഓര്‍ഡര്‍ ചെയ്തില്ലെന്നും അറിയിച്ചു. പിന്നീടാണ് തങ്ങള്‍ വളര്‍ത്തുന്ന തത്തയാണ് പണി ഒപ്പിച്ചതെന്നു മനസിലാക്കിയത്.

നാല് മാസം മുന്‍പാണു സ്മാര്‍ട്ട് സ്പീക്കര്‍ കൊറേനി വാങ്ങിയത്. പാട്ട് കേള്‍ക്കാനും, പ്രതിദിനം നിര്‍വഹിക്കേണ്ട കാര്യങ്ങളുടെ പട്ടിക തയാറാക്കാനുമാണ് ഡെക്കറേറ്റിംഗ് ബിസിനസ് ചെയ്യുന്ന കൊറേനി ഈ സ്പീക്കര്‍ ഉപയോഗിച്ചിരുന്നത്. ഇത്രയും കാലം കൊറേനി ഈ സംവിധാനം ഉപയോഗിച്ച് ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്തിരുന്നുമില്ല. പക്ഷേ വളര്‍ത്തു തത്ത ഒടുവില്‍ അത് ചെയ്തു. സിവില്‍ എന്‍ജിനീയറായ ഭര്‍ത്താവ് 45-കാരന്‍ ജാന്‍, മകന്‍ എട്ടു വയസുകാരന്‍ ജാദന്‍ എന്നിവരോടൊപ്പമാണു കൊറേനി താമസിക്കുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: