ബംഗ്ലാദേശ് പ്രധാന മന്ത്രിയെ വധിക്കാനുള്ള തീവ്രവാദികളുടെ പദ്ധതി ഇന്ത്യയുടെ ഇന്റലിജന്‍സ് വിഭാഗം തകര്‍ത്തു

സ്വന്തം അംഗരക്ഷകരെ ഉപയോഗിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൊലപ്പെടുത്താനുള്ള തീവ്രവാദികളുടെ നീക്കം തകര്‍ത്തടുക്കി സുരക്ഷാ വിഭാഗം. തീവ്രവാദ വിരുദ്ധ സേനയും ഷെയ്ഖ് ഹസീനയുടെ അംഗരക്ഷകരും ചേര്‍ന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പദ്ധതി തകര്‍ത്തത്.ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തുല്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയാണ് പ്രധാന മന്ത്രിയെ വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ഷെയ്ഖ് ഹസീനയുടെ അംഗരക്ഷകരെ സ്വാധീനിക്കുകയായിരുന്നു.

വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍ വെടിവെച്ചു കൊല്ലാനായിരുന്നു അംഗരക്ഷകര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. പ്രധാനമന്ത്രി ഓഫീസിന് പുറത്തിറങ്ങുന്ന സമയത്ത് ഓഫീസിന് സമീപം സ്ഫോടനം നടത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാനും ആ സമയത്ത് പ്രധാന മന്ത്രിയെ വധിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ഈ പദ്ധതി സുരക്ഷാസേന പൊളിച്ചടുക്കുകയായിരുന്നു.

ജമാഅത്തുല്‍ തീവ്രവാദികളും പ്രധാന മന്ത്രിയുടെ സുരക്ഷാ ഗാര്‍ഡുകളില്‍ ചിലരും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം ചോര്‍ത്തിയ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ഇന്റലിജന്‍സ് വിഭാഗം വിവരം അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ഇന്‍ലിജന്‍സ് വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കാന്‍ സഹായകമായത്.

കൊലപാതക നീക്കത്തെക്കുറിച്ച് സൂചന കിട്ടിയതോടെ തീവ്രവാദ വിരുദ്ധ സേനയും വിശ്വസ്തരായ അംഗരക്ഷകരും ചേര്‍ന്ന് കൊതപാതകം നടപ്പിലാക്കാന്‍ തയ്യാറായ സുരക്ഷാ ഗാര്‍ഡുകളെ നിരീക്ഷിക്കുകയായിരുന്നു. മുഴുവന്‍ വിവരങ്ങളും ലഭ്യമായിട്ടും വാര്‍ത്ത പുറത്തറിയാതെ സൂക്ഷിക്കാനും സുരക്ഷാ വിഭാഗത്തിന് കഴിഞ്ഞു. ഒടുവില്‍ വ്യക്തമായ തെളിവുകളോടെ സുരക്ഷാ ഗാര്‍ഡുകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യുകയാണ്.

പ്രധാന മന്ത്രി ഷെയ്ഖ് ഹസീനക്ക് നേരെയുള്ള പതിനൊന്നാമത്തെ വധ ശ്രമമാണിത്. 2009 ല്‍ പ്രധാന മന്ത്രിയായി അധികാരമേറ്റതു മുതല്‍ പലയിടത്തുവെച്ചും ഷെയ്ഖ് ഹസീനയെ വധിക്കാന്‍ ശ്രമമുണ്ടായിട്ടുണ്ട്. ഇത്തവണ പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതിയില്‍ പാക് ചാര സംഘടനയായ ഐഎസ്ഐക്കും പങ്കുണ്ടെന്നാണ് സൂചന.

 

എ എം

 

Share this news

Leave a Reply

%d bloggers like this: