റോക്കറ്റുകളില്‍ ഇനി ഭൂമിയിലെവിടെ വേണമെങ്കിലും യാത്ര ചെയ്യാം; അതിശയ വാഗ്ദാനവുമായി എലന്‍ മസ്‌ക്

 

ബഹിരാകാശത്ത് യാത്ര ചെയ്യാനുപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഭൂമിയിലും യാത്ര ചെയ്യാമെന്ന വാഗ്ദാനവുമായി സ്പേസ് എക്സ് സിഇഒ എലന്‍ മസ്‌ക്. ഓസ്ട്രേലിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ ആസ്ട്രോനോട്ടിക്കല്‍ കോണ്‍ഫറന്‍സിലാണ് എലന്‍ മസ്‌ക് തന്റെ പുതിയ ആശയത്തെക്കുറിച്ച് സംസാരിച്ചത്. റോക്കറ്റുകള്‍ ഉപയോഗിച്ച് ഭൂമിയില്‍ എവിടെ വേണമെങ്കിലും യാത്ര ചെയ്യാമെന്നായിരുന്നു എലന്റെ വാഗ്ദാനം.

ഡല്‍ഹിയില്‍ ടോക്യോയിലേക്ക് എത്താന്‍ മുപ്പത് മിനുട്ടുകള്‍ മാത്രം മതി. ഹോങ്കോങ്ങില്‍ നിന്ന് സിംഗപ്പൂരിലേക്ക് 22 മിനുട്ടും ലണ്ടനില്‍ നിന്ന് ദുബായിലേക്ക് 29 മിനുട്ടും മതി. ഒരു മണിക്കൂറിനുള്ളില്‍ ഭൂമിയിലെവിടേക്ക് വേണമെങ്കിലും എത്തിച്ചേരാന്‍ കഴിയും. അതും വിമാന ടിക്കറ്റ് നക്കില്‍ തന്നെ.

ഒരു മെഗാ റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശ വാഹനങ്ങളെ ഭ്രമണ പഥത്തില്‍ എത്തിക്കാനാകുമെന്നും ആ വാഹനങ്ങള്‍ക്ക് ഭൂമിയിലെ നിശ്ചിതസ്ഥലത്ത് തിരിച്ചിറങ്ങാനുള്ള ശേഷിയുണ്ടാവുമെന്നും എലന്‍ പറഞ്ഞു. ഈ അതിശയ വാഗ്ദനം എങ്ങനെയാണ് നടപ്പില്‍ വരുത്തുക എന്നതിന്റെ മാതൃകയും അദ്ദേഹം കോണ്‍ഫറന്‍സില്‍ പ്രദര്‍ശിപ്പിച്ചു.

പ്രദര്‍ശനപ്രകാരം ജലാശയത്തില്‍ സ്ഥാപിച്ചിട്ടുള്ള വിക്ഷേപണ സ്ഥലത്തേക്ക് ആദ്യം യാത്രക്കാരെ ബോട്ടില്‍ എത്തിക്കുന്നു. പിന്നീട് ബഹിരാകാശ വാഹനത്തിലേക്ക് യാത്രക്കാരെ കയറ്റുന്നു. ആളുകള്‍ കയറുന്നതോടെ ഈ വാഹനം കുതിപ്പ് തുടങ്ങുന്നു. ഈആദ്യം ബഹിരാകാശം ചുറ്റി പിന്നീട് ഭൂമിയിലെ മറ്റൊരു നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള വിക്ഷേപണ സ്ഥലത്ത് പറന്നിറങ്ങുന്നു.

 

എലന്‍ മസ്‌കിന്റെ ആശയത്തെ അതിശയത്തോടെയാണ് ഏവരും വരവേറ്റത്. എന്നാല്‍ പദ്ധതി ഇപ്പോള്‍ മനസ്സില്‍ മാത്രമാണെന്നും ആറോ ഒമ്പതോ മാസങ്ങള്‍ക്കുള്ളില്‍ പ്രാരംഭ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും എലന്‍ പറഞ്ഞു. മനുഷ്യര്‍ക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത അത്ഭുതങ്ങളെ സാങ്കേതിക വിദ്യകളുടെ സാഹായത്തോടെ നടപ്പിലാക്കിയിട്ടുള്ള ഈ വാഗ്ദാനവും നിറവേറ്റുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

എ എം

 

Share this news

Leave a Reply

%d bloggers like this: