സോളാര്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട്: ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനും ആര്യാടനുമെതിരേ കേസ്

 

ഉമ്മന്‍ ചാണ്ടിയുടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ അഴിമതിക്കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കും എംപിമാരും ഉദ്യോഗസ്ഥരുമടക്കമുള്ള പ്രമുഖര്‍ക്കെതിതിരേ കുരുക്കൊരുക്കി പിണറായി സര്‍ക്കാര്‍.

സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും പരിശോധിക്കാന്‍ നിയോഗിച്ച ജസ്റ്റീസ് ജി ശിവരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയത്. സോളാര്‍ കേസില്‍ ഉയര്‍ന്ന അഴിമതിയും ലൈംഗിക ആരോപണങ്ങളുമടക്കം കമ്മീഷന്‍ വിശദമായി പരിശോധിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെയാണ് കമ്മീഷനെ നിയോഗിച്ചത്. രണ്ടര വര്‍ഷത്തോളം നീണ്ട മൊഴിയെടുപ്പും നടപടികള്‍ക്കുമൊടുവില്‍ കഴിഞ്ഞമാസം 26 നാണ് ജസ്റ്റീസ് ശിവരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വൈദ്യതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവര്‍ക്കും ബെന്നി ബഹ്നാന്‍ അടക്കമുള്ള എംഎല്‍എമാര്‍, എംപിമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയടക്കം പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരേ കര്‍ശനനടപടികള്‍ ഉണ്ടാകും.

ഉമ്മന്‍ ചാണ്ടിക്കെതിരേ വിജിലന്‍സ് കേസിനാണ് തീരുമാനിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ കേസില്‍ നിന്ന് രക്ഷിക്കാന്‍ കൂട്ടുനിന്നതിന് അന്നത്തെ അഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. സരിതയെ സഹായിച്ചതിന് വൈദ്യതിമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനെതിരേയും വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന് സരിത വ്യക്തമാക്കിയ എംഎല്‍എമാരും എംപിമാരും അടക്കം പത്തുപേര്‍ക്കെതിരേ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ പത്ത് പേരില്‍ യുഡിഎഫിലെ പ്രമുഖ എംഎല്‍എമാരും മുന്‍ എംല്‍എമാരും എംപിമാരും ഉള്‍പ്പെടുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായ മുന്‍ എംഎല്‍മാരായ തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും കേസില്‍ ഇടപെടല്‍ നടത്തിയ കാര്യം കമ്മീഷന്‍ വിശദീകരിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം മുന്‍ മന്ത്രിമാരും നിലവില്‍ എംഎല്‍എമാരുമായ അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ തുടങ്ങിയവര്‍ക്കെതിരേ ഗുരുതരമായ പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ സോളാര്‍ കേസില്‍ അന്വേഷണം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥരായ എ ഹേമചന്ദ്രന്‍, കെ പത്മകുമാര്‍, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരേ വകുപ്പ് തലനടപടികള്‍ക്കും തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം കേസില്‍ ഉള്‍പ്പെടുന്ന മറ്റുള്ളവര്‍ക്കൊപ്പം ഇവരും അന്വേഷണം നേരിടേണ്ടിവരുകയും ചെയ്യും. രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: