കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനം; ഭരണമേറ്റെടുക്കാന്‍ സ്പെയിന്‍ ആലോചിക്കുന്നു

 

കാറ്റലോണിയയുടെ സ്വയംഭരണാധികാരം പിന്‍വലിക്കുമെന്ന് സ്?പാനിഷ് പ്രധാനമന്ത്രി മരിയാനോ റഹോയിയുടെ മുന്നറിയിപ്പ്. കാറ്റലോണിയയുടെ വിട്ടുപോകല്‍ ഒഴിവാക്കാന്‍ തന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ചത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ കാറ്റലന്‍ പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്‍ ‘കാറ്റലോണിയ സ്വതന്ത്രരാജ്യമാക്കുന്നതിന്’ ജനം നല്‍കിയ അനുമതിയെ അംഗീകരിക്കുന്നതായി പറഞ്ഞിരുന്നു. സ്പെയിനിലെ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനായി സ്വാതന്ത്ര്യപ്രഖ്യാപനം മാറ്റിവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപിന്നാലെ അദ്ദേഹവും സഖ്യകക്ഷികളും സ്വാതന്ത്ര്യപ്രഖ്യാപനത്തില്‍ ഒപ്പിട്ടു. ഈ ഒപ്പിടല്‍ പ്രതീകാത്മകം മാത്രമാണെന്ന് കാറ്റലന്‍ സര്‍ക്കാരിന്റെ വക്താവ് ജോര്‍ഡി ടുറുള്‍ പറഞ്ഞു.

പുജ്ഡമൊന്റെ പ്രസംഗത്തിനുപിന്നാലെ റഹോയി പാര്‍ലമെന്റിന്റെ അടിയന്തരയോഗം വിളിച്ചു. ഇതിനുശേഷം നടത്തിയ പ്രസംഗത്തില്‍, വാസ്തവത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചോയെന്ന് അദ്ദേഹം പുജ്ഡമൊനോട് ചോദിച്ചു. ഇക്കാര്യത്തില്‍ കാറ്റലന്‍ സര്‍ക്കാരിനോട് വ്യക്തത തേടാന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. പുജ്ഡമൊന്റെ മറുപടിയനുസരിച്ചാവും ഭാവികാര്യങ്ങള്‍ തീരുമാനിക്കുകയെന്ന് റഹോയി പറഞ്ഞു. രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാവുന്ന സാഹചര്യത്തില്‍ കാറ്റലോണിയയുടെ സ്വയംഭരണാധികാരം റദ്ദാക്കാന്‍ സ്?പാനിഷ് ഭരണഘടനയുടെ 155-ാം അനുച്ഛേദം അനുസരിച്ച് സ്പെയിനിനു കഴിയും.

കാറ്റലോണിയ പ്രതിസന്ധി പരിഹരിക്കാന്‍ ഭരണഘടനാ പരിഷ്‌കരണം സാധ്യമാണോയെന്ന് പഠിക്കാന്‍ പ്രതിപക്ഷവും സര്‍ക്കാരും തീരുമാനിച്ചതായി പ്രതിപക്ഷ കക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് പെഡ്രോ സാഞ്ചസ് പറഞ്ഞു. കാറ്റലോണിയയെ എങ്ങനെ സ്പെയിനില്‍ നിര്‍ത്താനാവുമെന്നാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമാകാനുള്ള നിശ്ചയം ഉപേക്ഷിക്കാതെ കാറ്റലോണിയയുമായി ചര്‍ച്ചയില്ലെന്ന നിലപാടിലാണ് സ്പെയിന്‍.

സ്?പാനിഷ് ഭരണഘടനാക്കോടതിയുടെ എതിര്‍പ്പ് വകവെക്കാതെ ഒക്ടോബര്‍ ഒന്നിനാണ് കാറ്റലോണിയ ഹിതപരിശോധന നടത്തിയത്. ഇതില്‍ പങ്കെടുത്ത 92 ശതമാനം പേരും കാറ്റലോണിയ സ്പെയിന്‍ വിടുന്നതിനെ അനുകൂലിച്ചെന്നാണ് കാറ്റലന്‍ സര്‍ക്കാരിന്റെ നിലപാട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: