വളര്‍ത്തുമൃഗങ്ങളെ കുറഞ്ഞ ചെലവില്‍ വിമാനത്തിലേറ്റാനുള്ള സൗകര്യമൊരുക്കി ഖത്തര്‍ എയര്‍വേയ്‌സ്

 

 

വളര്‍ത്തുമൃഗ സ്‌നേഹികള്‍ക്ക് ആശ്വാസകരമായി ഖത്തര്‍ എയര്‍വേയ്‌സ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. വളര്‍ത്തുമൃഗങ്ങളുടെ യാത്രാക്കൂലിയില്‍ കുറവ് വരുത്താനുള്ള യാത്രക്കാരുടെ ആവശ്യമാണ് പുതിയ ഓഫറിലൂടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള യാത്രാക്കൂലിയില്‍ കുറവ് വരുത്തിയതോടൊപ്പം നേരത്തെയുണ്ടായിരുന്നതില്‍ നിന്നും ഇരട്ടി തൂക്കവും ഖത്തര്‍ എയര്‍വേയ്‌സ് അനുവദിച്ചിട്ടുണ്ട്.

യൂറോപ്പിലേക്കും അമേരിക്കന്‍ രാജ്യങ്ങളിലേക്കും വലിയ വളര്‍ത്തുനായകളെ കൊണ്ടുപോകുന്നതിന് നേരത്തേ നിശ്ചയിച്ചിരുന്നത് 400 ഡോളറായിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം ദോഹക്ക് പുറത്ത് ഇനി ചെലവ് 300 ഡോളര്‍ മാത്രമേ വരികയുള്ളൂ. ഇതോടെ കൂടുതല്‍ എളുപ്പത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് സാധിക്കുന്നു.

അതേസമയം, യാത്രക്കാര്‍ സഞ്ചരിക്കുന്ന അതേ വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് അനുവദിച്ചിരുന്ന തൂക്കത്തിലും ഖത്തര്‍ എയര്‍വേയ്‌സ് വര്‍ധനവ് അനുവദിച്ചിട്ടുണ്ട്. 32 കിലോഗ്രാമില്‍ നിന്നും 75 കിലോഗ്രാമായാണ് പുതിയ തൂക്കം അനുവദിച്ചിരിക്കുന്നത്. തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കൂടി ഒപ്പം കൊണ്ടുപോകുന്നതിന് യാത്രക്കാര്‍ ഇനി ഖത്തര്‍ എയര്‍വേയ്‌സിനെ തെരഞ്ഞെടുക്കുന്നതിലേക്കെത്തുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ സ്വന്തം വിമാനത്തില്‍ കൊണ്ടുപോകുന്നതിനായുള്ള വര്‍ധിച്ച ആവശ്യങ്ങള്‍ക്കുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ അനുയോജ്യമായ നടപടി കൂടിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

യാത്രക്കാരും അവരുടെ വളര്‍ത്തുമൃഗങ്ങളും തമ്മിലുള്ള സ്‌നേഹബന്ധത്തെക്കുറിച്ച് അറിയാമെന്നും പലപ്പോഴും അവയെ വിട്ടുപിരിയുന്നത് ഉടമസ്ഥര്‍ക്ക് വേദനയുളവാക്കുന്നുണ്ടെന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ തീരുമാനം അവര്‍ക്കുള്ള ആശ്വാസമാണെന്നും ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഇഹാബ് അമിന്‍ പറഞ്ഞു. വളര്‍ത്തുമൃഗങ്ങളെ സ്വന്തം വിമാനത്തില്‍ അനുവദിക്കുന്ന ലോകത്തിലെ ചുരുക്കം ചില വിമാനകമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്‌സെന്നും ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ ഏറെ സന്തോഷകരമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: