ജോലി സമയം അവസാനിച്ചതിനെ തുടര്‍ന്നു പൈലറ്റ് വിമാനം ഉപേക്ഷിച്ചു: യാത്രക്കാര്‍ പെരുവഴിയില്‍

 

ജോലി സമയം തീര്‍ന്നതായി കാണിച്ച് പൈലറ്റ് പണി അവസാനിപ്പിച്ചതിനെ തുടര്‍ന്ന് വിമാന യാത്രക്കാര്‍ കുടുങ്ങി. ചിലര്‍ എയര്‍ലൈന്‍സ് കമ്പനി അനുവദിച്ച ഹോട്ടലുകളിലേയ്ക്ക് പോയി. മറ്റ് ചിലര്‍ ബസ് പിടിച്ചു. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലാണ് സംഭവം. ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള അലൈന്‍സ് എയര്‍ വിമാനമാണ് പൈലറ്റ് പണി നിര്‍ത്തിയതിനെ തുടര്‍ന്ന് പുറപ്പെടാതിരുന്നത്. എയര്‍ ഇന്ത്യയുടെ ഉപകമ്പനിയാണ് അലൈന്‍സ് എയര്‍. 40 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

കുറച്ച് പേരെ ഡല്‍ഹിയിലേക്ക് ബസ് ഏര്‍പ്പാടാക്കി വിമാന കമ്പനി അയയ്ക്കുകയായിരുന്നു. ബാക്കിയുള്ളവരെ ഹോട്ടലില്‍ താമസിപ്പിച്ച ശേഷം മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു. അതേസമയം പൈലറ്റിന്റെ നടപടിയില്‍ യാതൊരു തെറ്റുമില്ലെന്നും ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പൈലറ്റുമാര്‍ ഡ്യൂട്ടി ടൈം കഴിഞ്ഞ് വീണ്ടും വിമാനം പറത്താന്‍ പാടില്ലെന്നും ജയ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെഎസ് ബല്‍ഹാര പറഞ്ഞു. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു ചട്ടം കൊണ്ടുവന്നിരിക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലെത്തിയ വിമാനം തിരിച്ച് ഡല്‍ഹിയിലേക്ക് പറത്താന്‍ നിയോഗിക്കപ്പെട്ടിരുന്നതും അതേ പൈലറ്റ് തന്നെയായിരുന്നു. എന്നാല്‍ എത്തേണ്ടിയിരുന്ന സമയത്തിലും ഏറെ വൈകിയാണ് വിമാനം ജയ്പൂരില്‍ ഇറങ്ങിയത്. അപ്പോളേക്കും പൈലറ്റിന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: