അയര്‍ലണ്ടില്‍ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ധിക്കുന്നു; അടിയന്തിര നടപടി ആവശ്യപ്പെട്ട് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി

 

കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള ഗവണ്‍മെന്റിന്റെ നടപടികള്‍ ഫലപ്രദമാകുന്നിലെന്ന് റിപ്പോര്‍ട്ടുകള്‍. ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വര്‍ധിക്കുന്നതിന് അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (ഇപിഎ) യില്‍ നിന്നുള്ള പുതിയ കണക്കുകള്‍ പ്രകാരം കാര്‍ബണ്‍ പുറന്തള്ളല്‍ കഴിഞ്ഞ വര്‍ഷം 3.5 ശതമാനം അതായത് 2 മില്യണ്‍ ടണ്‍ വര്‍ധിച്ചതായി കണ്ടെത്തി. ഊര്‍ജ്ജം, ഗതാഗതം, കാര്‍ഷിക മേഖലകളില്‍ ഗണ്യമായ വര്‍ധന ഉണ്ടായതായി വ്യക്തമാക്കുന്നു. ഈ അവസ്ഥ തുടരുകയാണെങ്കില്‍ അടുത്ത പത്തോ ഇരുപതോ വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ കഴിയുമെന്ന ലക്ഷ്യത്തിന് തിരിച്ചടിയാകും.

അയര്‍ലണ്ടിലെ ഊര്‍ജ്ജ, ഗതാഗത, കാര്‍ഷിക മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയെങ്കില്‍ മാത്രമേ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂവെന്ന് ഇപിഎ ഡയറക്ടര്‍ ഡോ. എമെയര്‍ കോര്‍ട്ടര്‍ വ്യക്തമാക്കി. കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ എനര്‍ജിയുടെ ആവശ്യം കൂടിവരുന്ന സാഹചര്യത്തില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കേണ്ടത് ആവശ്യമാണ് . കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട്, അയര്‍ലണ്ട് ദീര്‍ഘകാല പരിസ്ഥിതി സംരക്ഷണം നല്‍കുകയും സുസ്ഥിരത ഉറപ്പാക്കുകയും വേണം. 2020ലെ ലക്ഷ്യം നമുക്ക് നഷ്ടമായി. ഇനി 2030ലെ ഉത്തരവാദിത്വങ്ങളും ലക്ഷ്യങ്ങളുമാണ് നമ്മള്‍ ഏറ്റെടുക്കേണ്ടതെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.അയര്‍ലണ്ടിനെ 2050ഓടെ ലോ-കാര്‍ബണ്‍ ആക്കി മാറ്റുന്നതിന് പുതിയ നയസമീപനങ്ങളും കര്‍മ്മപരിപാടികളും അനിവാര്യമാണ്.

ദേശീയ അളവില്‍ പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് 61.19 ദശലക്ഷം ടണ്ണാണ്. 2015 ലെതിനേക്കാള്‍ 3.5 ശതമാനം കൂടുതലാണ് ഇത്. എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം കാര്‍ബണിന്റെ പുറന്തള്ളല്‍ കാര്‍ഷിക മേഖലയില്‍ 2.7 ശതമാനവും ഗതാഗത മേഖലയില്‍ 3.7 ശതമാനവും ഊര്‍ജ്ജ മേഖലയില്‍ 6.1 ശതമാനവും വര്‍ദ്ധിച്ചു. സൗരോര്‍ജ്ജ പാനലുകള്‍, കാറ്റ്, ടര്‍ബൈന്‍സ് തുടങ്ങി പുനര്‍ലഭ്യതയുള്ള ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് മൊത്തം ഊര്‍ജ്ജത്തിന്റെ 16ശതമാനം ലഭിക്കാത്തതിനാല്‍ ഓരോ വര്‍ഷവും അയര്‍ലണ്ട് 75 മില്ല്യന്‍ യൂറോ പിഴ അടയ്ക്കുന്നുണ്ട്. നിലവില്‍ ഈ ലക്ഷ്യം നേടാന്‍ കഴിയാത്ത നാല് രാജ്യങ്ങളില്‍ ഒന്നാണ് അയര്‍ലന്‍ഡ്.

മലിനീകരണ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കണമെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. പൊതു ഗതാഗതം, സൈക്ലിംഗ്, നടത്തം എന്നിവയ്ക്കായി കൂടുതല്‍ ഫണ്ട് അനുവദിക്കാത്തത് അന്തരീക്ഷ മലിനീകരണം വേഗത്തിലാക്കുന്നു. നേരത്തെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പെട്രോള്‍,ഡീസല്‍ വാഹനങ്ങളുടെ നികുതി കൂട്ടണമെന്ന് കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതിയുടെ ശുപാര്‍ശ ചെയ്തിരുന്നു. എമിഷന്‍ കുറയ്ക്കാനുള്ള പദ്ധതികളൊന്നും ഫലംകണ്ടില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ലോ-കാര്‍ബണ്‍ ഇക്കോണമിയിലേക്കെത്തണമെങ്കില്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ അനിവാര്യമാണെന്ന് സമിതി ആവശ്യപ്പെട്ടത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: