നോറോ വൈറസ് ബാധയെ തുടര്‍ന്ന് ഐറിഷ് ആശുപത്രികളില്‍ സന്ദര്‍ശക നിയന്ത്രണം

 

നോറോ വൈറസ് മൂലമുള്ള പകര്‍ച്ച വ്യാധികള്‍ അയര്‍ലണ്ടില്‍ കണ്ടെത്തി. ലീമെറിക് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ഇത്തരത്തില്‍ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നോറോ വൈറസ് ബാധയെ തുടര്‍ന്ന് ലീമെറിക് യൂണിവേഴ്സിറ്റി ആശുപത്രിയിലടക്കം പല ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നോറോ വൈറസ് ബാധയെന്ന സംശയത്തില്‍ നിരവധി പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. നോറോ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിലെ സന്ദര്‍ശന സമയം വെട്ടിച്ചുരുക്കി. UHL ലെ 3A, 1A വാര്‍ഡുകളില്‍ സന്ദര്‍ശകരെ പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്.

സന്ദര്‍ശകര്‍ ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും ഇടയ്ക്കും 6 നും 9 നും ഇടയ്ക്ക് മാത്രമേ രോഗികളെ സന്ദര്‍ശിക്കാവൂ എന്ന് ആശുപത്രി അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഒരു രോഗിക്ക് പരമാവധി ഒരു സന്ദര്‍ശകനെ മാത്രമേ അനുവദിക്കൂ. കുട്ടികളെ കൊണ്ടുവരരുത്. തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ആശുപത്രികള്‍ നല്‍കിയിരിക്കുന്നത്. വിന്റര്‍ വൊമിറ്റിംഗ് വൈറസ് അല്ലെങ്കില്‍ ഡയറിയ ബാധിച്ചിട്ടുള്ളവര്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് സ്വയം മാറി നില്‍ക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

വൈറസ് ബാധിതര്‍ ആശുപത്രിയില്‍ കഴിയുന്ന ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കുമ്പോള്‍ വൈറസ് മറ്റ് രോഗികളിലേക്കും പടരാന്‍ സാധ്യതയുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് അധികൃതരുടെ അഭ്യര്‍ത്ഥന.

ഛര്‍ദിക്കും, അതിസാരങ്ങള്‍ക്കും കാരണമാകുന്ന നോറോ വൈറസ് ബാധ മഞ്ഞു കാലത്താണ് വ്യാപകമാകുന്നത്. നോറോ എന്ന സൂക്ഷ്മാണു ആണ് രോഗം പരത്തുന്നത്. ഇനിയും ലക്ഷണങ്ങള്‍ പലരിലും കാണാന്‍ ഇടയായാല്‍ ഉടന്‍തന്നെ നഴ്‌സിംഗ് ഹോമിലെ നിരീക്ഷണ വിഭാഗത്തില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നേഴ്‌സിങ് ഹോമിലെത്തുന്നവര്‍ ആല്‍ക്കഹോള്‍ ജെല്‍ ഉപയോഗിച്ച് കൈ കാലുകള്‍ ശുചിയാക്കാനും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. ഈ പ്രദേശങ്ങളിലുള്ള വീടുകളില്‍ താമസിക്കുന്നവര്‍ പ്രതേക ജാഗ്രത പാലിക്കുവാനും നിര്‍ദ്ദേശമുണ്ട്. ഈ അണുബാധയെ തടയിടുവാന്‍ ആരോഗ്യവകുപ്പ് ഇതിനകം ഊര്‍ജ്ജിതമായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ക്ഷീണം, തലവേദന, വയറിളക്കം എന്നിവയാണ് നോറോ വൈറസ് ബാധയുള്ളവരില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: