‘ഓഖി’ ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു; കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്; കേരള തീരത്ത് ഭീമന്‍ തിരമാലയ്ക്ക് സാധ്യത

 

ലക്ഷദ്വീപിലേക്ക് കടന്ന ഓഖി തീവ്രരൂപം പൂണ്ട് ആഞ്ഞുവീശുന്നു. ചുഴലിക്കാറ്റ് ദ്വീപസമൂഹത്തില്‍ വന്‍നാശനഷ്ടമാണ് സൃഷ്ടിക്കുന്നത്. ഇവിടുത്തെ ആശയവിനിമയസംവിധാനങ്ങള്‍ തകരാറിലായി. വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. ദ്വീപില്‍ ഇപ്പോള്‍ കനത്തമഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. കേന്ദ്രആഭ്യന്തര മന്ത്രാലയം ദ്വീപിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേന കവരത്തിയിലേക്ക് തിരിച്ചു. നാവികസേനയും ഉടന്‍ ലക്ഷദ്വീപിലെത്തും. നേവിയുടെ ഐഎന്‍എസ് ശാരദയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്നത്.

കനത്തമഴയിലും കാറ്റിലും വിറങ്ങലിച്ചുനില്‍ക്കുകയാണ് ലക്ഷദ്വീപ് നിവാസികള്‍. മഴ ശക്തമായതോടെ കല്‍പ്പേനി ഹെലിപ്പാഡ് വെള്ളത്തില്‍ മുങ്ങി. ഇവിടുത്തെ ബോട്ട് ജെട്ടിയും കാറ്റില്‍ തകര്‍ന്നു. കവരത്തി ദ്വീപിലെ വടക്കന്‍മേഖല വെള്ളത്തിനടിയിലായി. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി. 130 വര്‍ഷം പഴക്കമുള്ള മിനിക്കോയ് ലൈറ്റ് ഹൗസ് ശക്തമായ കാറ്റില്‍ തകര്‍ന്നു. 145 കി.മീറ്റര്‍ വേഗതയില്‍ ഉള്ള ഓഖി അതിതീവ്രവിഭാഗത്തിലേക്ക് മാറിയിരിക്കുകയാണ്. ശക്തമായ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗത്തി, അമിനി, കടമത്, കല്‍ട്ടണ്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലകളുണ്ടാകും. 7.4 മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകളടിക്കുമെന്നാണ് അറിയിപ്പ്.

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ കേരളം നിര്‍ത്തിവെച്ചു. കൊച്ചിയില്‍ നിന്നുള്ള എംവി കവരത്തി, എംവി മിനിക്കോയ് കപ്പലുകളാണ് സര്‍വ്വീസ് റദ്ദാക്കിയിരിക്കുന്നത്. കാറ്റിന്റെ വേഗത ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുന്ന മണിക്കൂറുകളില്‍ 120-130 കിലോമീറ്റര്‍ വേഗത്തില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ന്ന് കാറ്റ് 145 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപിലും കേരളതീരങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

കേരളത്തിലെ ഒന്‍പത് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലെ തീരദേശങ്ങളില്‍ ഭീമന്‍ തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തീരദേശനിവാസികള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ കേരളത്തിലും ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയില്‍. കനത്ത മഴയെ തുടര്‍ന്ന് തീരദേശവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറം കടലില്‍ കുടുങ്ങിക്കിടന്ന ബോട്ടുകള്‍ കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബറില്‍ സുരക്ഷിതമായി തിരിച്ചെത്തി.

ഓഖി ചുഴലിക്കാറ്റ് വടക്കന്‍ കേരളത്തിലും ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഡിസംബര്‍ നാലുവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കോഴിക്കോട് ഫിഷറീസ് കണ്‍ട്രോള്‍ റും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ബേപ്പൂരില്‍ നിന്നും നാല് ദിവസം മുമ്പ് പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ സുരക്ഷിതമായി തിരിച്ചെത്തി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കരയ്ക്കെത്താന്‍ വലിയ പ്രയാസമനുഭവിച്ചെന്ന് രക്ഷപ്പെട്ടെത്തിയ മത്സ്യതൊഴിലാളികള്‍ പറഞ്ഞു.

എറണാകുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഒരു ബോട്ടും ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിചേര്‍ന്നു. പുറം കടലില്‍ കുടുങ്ങിയ ചില ബോട്ടുകല്‍ പുതിയാപ്പ ഹാര്‍ബറിലും തിരിച്ചെത്തിയിട്ടുണ്ട്. ബേപ്പുരില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കടലില്‍പോയ മത്സ്യബന്ധന ബോട്ടുകള്‍ പോര്‍ബന്തര്‍ തീരത്തും ഗോവത്തീരത്തും അടുപ്പിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ബീച്ചില്‍ എത്തുന്നവര്‍ക്കും തീരദേശവാസികള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ അകലെ വരെ കടലില്‍ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില്‍ 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വരെ തിരയുയരും. കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഡിസംബര്‍ രണ്ട് രാത്രി 11.30 വരെ രണ്ടു മുതല്‍ 3.3 മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ മഴയുണ്ടാവും. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: