ഭോപ്പാല്‍ ദുരന്തത്തിന് 33 വയസ്സ്; മൂന്നാം തലമുറയിലും സ്ത്രീകള്‍ വന്ധ്യതയുടെ പിടിയില്‍

 

വിഷവാതക ദുരന്തം നടന്ന് 33 വര്‍ഷത്തിന് ശേഷവും അതിന്റെ വേട്ടയാടല്‍ ഭോപ്പാലിനെ പിന്തുടരുകയാണ്. സ്ത്രീകളിലെ വന്ധ്യതയാണ് ഇപ്പോള്‍ ഭോപ്പാല്‍ നേരിടുന്നത്. ദുരന്തം നടന്ന് മൂന്ന് തലമുറയ്ക്ക് ശേഷമുള്ള സ്ത്രീകളില്‍ പോലും പലര്‍ക്കും അമ്മയാകാന്‍ സാധിച്ചിട്ടില്ല.  തന്റെ കുടുംബത്തിലുള്ള ഒരു സ്ത്രീക്ക് മൂന്ന് തവണ ഗര്‍ഭച്ഛിത്രമുണ്ടായെന്ന് ദുരന്തത്തിന്റെ ഇരകള്‍ക്കായി പ്രവര്‍ത്തിക്കുന്ന റഷീദ ബായ് പറഞ്ഞു. യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് ചോര്‍ന്ന വാതകത്തിന്റെ ആഘാതം ഇപ്പോഴും ഇവിടെയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു.

വാതകദുരന്തത്തെ തുടര്‍ന്ന് പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതാ പ്രശ്നങ്ങളുണ്ടായെന്ന് ഭോപ്പാല്‍ ഗ്യാസ് പീഢിത് മഹിള ഉദ്യോഗ് സംഘതന്‍ കണ്‍വീനന്‍ അബ്ദുള്‍ ജബ്ബാര്‍ പരഞ്ഞു. ദുരന്തത്തിന് ശേഷം പിറന്ന പല കുട്ടികള്‍ക്കും സാരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പലര്‍ക്കും സംസാരിക്കാനോ കേള്‍ക്കാനോ സാധിക്കില്ലായിരുന്നു.

1984 ഡിസംബര്‍ 2 ന് രാത്രി യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം എന്ന് അറിയപ്പെടുന്നത്. മീഥൈല്‍ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കില്‍ ചോര്‍ച്ചയുണ്ടായതിനെ തുര്‍ന്ന് വാതകം അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുകയായിരുന്നു.

കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാല്‍ നഗരത്തിലുടനീളം വ്യാപിച്ചതോടെ പതിനായിരക്കണക്കിന് ആളുകള്‍ മരിക്കുകയും ലക്ഷക്കണക്കിന് ആളുകളെ നിത്യരോഗികളാക്കുകയും ചെയ്തു. അപകടം ഉണ്ടായ ഉടന്‍ 2,259 പേര്‍ മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഇത് 3,787 ആയി സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കകം 8,000-ല്‍ അധികം ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു.

ദുരന്തത്തിന്റെ പരിണതഫലങ്ങള്‍ 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചുവെന്നാണ് കണക്കുകള്‍. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാല്‍ ദുരന്തം കണക്കാക്കപ്പെടുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: