ആന്റിബയോട്ടിക്കുകള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത അപകടകരമായ അവസ്ഥയെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്

 

വെള്ളത്തിലും മണ്ണിലും മരുന്നുകളും രാസവസ്തുക്കളും അനിയന്ത്രിതമായി കലര്‍ത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. ഇങ്ങനെ കലര്‍ത്തപ്പെടുന്നവയിലുള്ള മൂലകങ്ങളെ പ്രതിരോധിക്കുന്ന അണുക്കള്‍ പുതിയ വര്‍ഗത്തിനു രൂപം നല്‍കും. ഈ അണുക്കള്‍ പുതിയ രോഗങ്ങള്‍ പടര്‍ത്തുമന്നും ഇവ ഭേദമാക്കാന്‍ നിലവിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതു ഫലപ്രദമല്ലെന്നും ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകമങ്ങും നഗരങ്ങളില്‍നിന്നും കാര്‍ഷികമേഖലയില്‍നിന്നും വ്യാവസായിക മേഖലയില്‍നിന്നുമുള്ള മാലിന്യം വെള്ളത്തിലേക്കും മണ്ണിലേക്കുമാണു നിക്ഷേപിക്കുന്നത്. ഇതു സാധാരണ പ്രക്രിയയായി മാറിയിരിക്കുന്നു. മാത്രമല്ല, നദികളിലും മണ്ണിലും മറ്റും ഇവയുടെ സാന്ദ്രത വലിയ തോതില്‍ത്തന്നെ കാണപ്പെടുന്നതും സാധാരണമായി. ഇതു പ്രതിരോധ ബാക്ടീരിയയുടെ പരിണാമത്തിനു കാരണമാകുന്നു.

ഒരിക്കല്‍ നമ്മുടെ ആരോഗ്യത്തെ സംരക്ഷിച്ചുനിര്‍ത്തിയ മരുന്നുകള്‍ ഇന്നു വളരെപ്പെട്ടെന്ന് ആരോഗ്യത്തെ നശിപ്പിക്കുന്ന മാര്‍ഗമായി മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2014ലെ റിപ്പോര്‍ട്ടില്‍, 2050ല്‍ ഒരു വര്‍ഷം 10 മില്യണ്‍ ജനങ്ങള്‍ ‘മരുന്നു പ്രതിരോധ അണുബാധ’ മൂലം കൊല്ലപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നുസംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു. ഹൃദ്രോഗവും അര്‍ബുദവും മൂലം ആളുകള്‍ മരിക്കുന്നതിലും അധികമാവും ഇതെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതോടെ, ആന്റിബയോട്ടിക് കണ്ടുപിടിക്കാത്ത നാളുകളിലെ അവസ്ഥയിലേക്കു നാം മാറിയേക്കാമെന്നു പഠന സംഘത്തിനൊപ്പമുണ്ടായിരുന്ന എക്സെറ്റെര്‍ സര്‍വകലാശാലയിലെ വില്‍ ഗേസ് അഭിപ്രായപ്പെടുന്നു. മരുന്നുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയയ്ക്ക് അവയുടെ ജീനുകള്‍ മറ്റുള്ളവയിലേക്കു പകര്‍ന്നു നല്‍കാന്‍ കഴിയും. തലമുറകളിലേക്കും ഇങ്ങനെ പകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഐക്യരാഷ്ട്ര സംഘടനയുടെ എന്‍വിറോണ്‍മെന്റ് അസംബ്ലിയാണു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകമെങ്ങുമുള്ള പരിസ്ഥിതി വിഷയങ്ങളില്‍ കാര്യമായി ഇടപെടുന്ന സംഘമാണിത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: