ഇന്റലില്‍ സുരക്ഷാ വീഴ്ച; കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ

 

ഇന്റല്‍ അടക്കമുള്ള ചിപ്പുകള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് ഗൂഗിള്‍. ലോകത്തുടനീളം ഉപയോഗിക്കുന്ന ഇന്റല്‍, എ.എം.ഡി, എ.ആര്‍.എം അടക്കമുള്ള കമ്പനികളുടെ കമ്പ്യൂട്ടര്‍ ചിപ്പുകളില്‍ ഹാക്കര്‍മാര്‍ക്ക് അനായാസം കടന്നുകയറാവുന്ന സുരക്ഷ വീഴ്ചയെുണ്ടെന്ന് ഗൂഗിളിന്റെ പ്രൊജക്ട് സീറോ ടീം ആണ് വെളിപ്പെടുത്തിയത്. ഇത്തരം പ്രൊസസറുകള്‍ അടങ്ങിയ കമ്പ്യൂട്ടറുകളില്‍ നിന്നും പാസ്സ്വേഡുകളും മറ്റ് വിവരങ്ങളും ചോരാന്‍ സാധ്യതയുണ്ടെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

എല്ലാ ചിപ്പുകെളയും ബാധിക്കുന്ന ‘സ്‌പെക്ടര്‍’ എന്നുപേരിട്ട വീഴ്ചയാണ് ഇതിലൊന്ന്. ഇന്റലിന്റെ ചിപ്പുകളില്‍ ‘മെല്‍റ്റ്ഡൗണ്‍’ എന്ന മറ്റൊരു ബഗും കണ്ടെത്തിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതിന് തെളിവില്ലെന്നാണ് സൂചന. 1995നുശേഷം നിര്‍മിച്ച ചിപ്പുകളിലാണ് ബഗുകള്‍ കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു. ആവശ്യമായ സോഫ്‌റ്റ്വെയര്‍ പരിഷ്‌കാരംവഴി പ്രശ്‌നം പരിഹരിക്കാനാണ് തിരക്കിട്ട നീക്കം. ലോകത്തുടനീളം 80 ശതമാനം കമ്പ്യൂട്ടറുകളുടെയും 90 ശതമാനം ലാപ്‌ടോപ്പുകളുടെയും ചിപ്പുകള്‍ നല്‍കുന്നത് ഇന്റലാണ്. ഇവയിലേറെയും ആവശ്യമായ മാറ്റങ്ങള്‍ ഉടന്‍ വരുത്താവുന്നയാണ്. ചിലതില്‍ മാറ്റങ്ങള്‍ക്ക് സമയമെടുക്കേണ്ടിവരും.

സുരക്ഷാ വീഴ്ച പ്രൊജക്ട് സീറോ ടീം കണ്ടെത്തിയതോടെ അതിനുള്ള നടപടി സജീവമാക്കി ഇന്റല്‍. സെക്യൂരിറ്റി പാച്ച് നല്‍കി പ്രശ്‌നം പരിഹരിക്കാമെന്ന് ഇന്റല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശരാശരി കമ്പ്യൂട്ടര്‍ ഉപഭോക്താവിന് ഇത് നേരിടേണ്ട സാഹചര്യമുണ്ടാവില്ലെന്നും എത്രയും വേഗം പരിഹരിക്കുമെന്നും ഇന്റല്‍ ഉറപ്പ് നല്‍കുന്നു.

വരും ദിവസങ്ങളില്‍ തന്നെ സുരക്ഷാവീഴ്ച പരിഹരിക്കാന്‍ ഗൂഗിളും ഇന്റലും തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ടെക്‌നോളജി സൈറ്റായ ദി രജിസ്റ്റര്‍ സംഭവം വാര്‍ത്തയാക്കിയതോടെയാണ് പ്രശ്‌നമുണ്ടായ വിവരം ഇന്റലിന് വെളിപ്പെടുത്തേണ്ടി വന്നത്. എ.എം.ഡി അടക്കമുള്ള കമ്പനികളുമായി സഹകരിച്ച് വീഴ്ച നേരിടാനുള്ള ശ്രമത്തിലാണ് ഇന്റല്‍. എന്നാല്‍ വ്യത്യസ്ത ഡിസൈനുള്ള തങ്ങളുടെ ചിപ്പിന് സുരക്ഷാ വീഴ്ചയില്ലെന്ന് എ.എം.ഡി അവകാശപ്പെടുന്നു.

ഡികെ

 

Share this news

Leave a Reply

%d bloggers like this: