അയര്‍ലണ്ടിലെ ആശുപത്രി ദുരിതം തീരുന്നില്ല; ദിവസവും ആയിരക്കണക്കിന് പേര്‍ ചികിത്സ കാത്തിരിക്കുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്

 

രാജ്യത്തെ വിവിധ ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികള്‍ കിടയ്ക്കക്കായി കാത്തിരിക്കുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. ട്രോളികള്‍ ലഭിക്കാത്തതിനാല്‍ എമര്‍ജന്‍സി ചികിത്സാ സൗകര്യങ്ങള്‍ ഇവര്‍ക്ക് നിഷേധിക്കുകയാണ്. ആശുപത്രികളിലെ കിടക്ക ക്ഷാമത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ് ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം കഴിഞ്ഞ ബുധനാഴ്ച രാജ്യത്തെ വിവിധ ആശുപത്രികളിലായി എമര്‍ജന്‍സി വാര്‍ഡുകളിലായി ട്രോളിയ്ക്കായി കാത്തിരുന്നത് 677 രോഗികളാണ്.മുന്‍ ദിവസങ്ങളില്‍ ട്രോളി വാച്ച് മോണിറ്റര്‍ 656 എന്ന കണക്കും പുറത്തുവിട്ടു. ആരോഗ്യമേഖലയിലെ ഈ പ്രതിസന്ധിയില്‍ പ്രധാനമന്ത്രി ലിയോ വാരദ്കര്‍, ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് എന്നിവര്‍ ഖേദം പ്രകടിപ്പിച്ചു.

അതിനിടെ വര്‍ധിച്ചുവരുന്ന ആശുപത്രി തിരക്കുകള്‍ നിയന്ത്രിക്കാന്‍ വരും വര്‍ഷങ്ങളില്‍ ഹോസ്പിറ്റല്‍ ബെഡ്ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്. 2030 ആകുന്നതോടെ 2500 അധിക ബഡ്ഡുകള്‍ അനുവദിക്കപ്പെടണമെന്ന് ബെഡ് കപ്പാസിറ്റി റിവ്യൂ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ലഭ്യമാക്കാന്‍ 3 ബില്യണ്‍ യൂറോയോളം ചെലവിടേണ്ടി വരും.

റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രിയുടെ മുന്‍പാകെ അടുത്ത ആഴ്ചകളില്‍ സമര്‍പ്പിക്കപ്പെടും. എന്നാല്‍ ബെഡുകളുടെ എണ്ണം വര്‍ധിപ്പിച്ചത്‌കൊണ്ട് മാത്രം ആശുപത്രി തിരക്കുകള്‍ കുറച്ചുകൊണ്ട് വരാന്‍ ആവില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ശൈത്യകാലത്ത് വ്യാപകമായി പനി പടര്‍ന്നുപിടിച്ചതോടെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ അടിയന്തിര ശാസ്ത്രക്രീയകള്‍ പോലും അനന്തമായി നീളുകയാണ്. അയര്‍ലണ്ടില്‍ ആശുപത്രി സംവിധാനങ്ങളില്‍ അഴിച്ചുപണി ആവശ്യപ്പെട്ടുകൊണ്ട് ഐ.എന്‍.എം.ഒ ഉള്‍പ്പേടെയുള്ള ആരോഗ്യ സംഘടനകളും രംഗത്ത് വന്നു.

കിടക്കകള്‍ ലഭിക്കാത്തതിനാല്‍ ദിവസവും ആയിരക്കണക്കിന് രോഗികളാണ് ചികിത്സ കിട്ടാതെ വലയുന്നതെന്ന് ഡബ്ലിന്‍ ബ്ലൂമൗണ്ട് ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തലവന്‍ ഡോക്ടര്‍ പീഡര്‍ ഗില്ലിഗന്‍ വ്യക്തമാക്കി. കഴിഞ്ഞ 13 വര്‍ഷമായി ആരോഗ്യ രംഗത്ത് തുടരുന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ വേണ്ട രീതിയില്‍ കൈകൊള്ളാത്തതില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. അടിസ്ഥാന വികസ മേഖലയില്‍ ഫണ്ട് ദൗര്‍ലഭ്യം ഉണ്ടാകുന്നത് ആശുപത്രികളെ സാരമായി ബാധിച്ചിട്ടുണ്ട്. ആരോഗ്യരംഗത്ത് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ 10 മില്യണ്‍ യൂറോ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ആശുപത്രികളില്‍ തിരക്ക് കുറക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഐറിഷ് പൊതു ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മന്ത്രി സൈമണ്‍ ഹാരിസിന്റെ പ്രഖ്യാപനങ്ങളും ഇതുവരെ വെളിച്ചം കണ്ടില്ല.

ഈ വര്‍ഷം പ്രഖ്യാപിക്കപ്പെട്ട ബഡ്ജറ്റില്‍ ആരോഗ്യ രംഗത്ത് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് ലഭിച്ചെങ്കിലും തുടര്‍ നടപടികള്‍ വൈകുന്നതില്‍ വന്‍ ആക്ഷേപങ്ങളാണ് ഉയരുന്നത്. വരും ദിവസങ്ങളില്‍ പതിനായിരക്കണക്കിന് കുഞ്ഞുങ്ങള്‍ ക്രിസ്മസ് അവധിക്ക് ശേഷം സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞ് മറിയാനാണ് സാധ്യത.

 

എ എം

 

Share this news

Leave a Reply

%d bloggers like this: