ഗാന്ധിയെ വധിച്ചത് ഗോഡ്‌സെ തന്നെ; പുന:രന്വേഷണം ആവശ്യമില്ലെന്ന് അമിക്കസ് ക്യൂറി

 

മഹാത്മാഗാന്ധി വധത്തില്‍ പുന:രന്വേഷണം നടത്തേണ്ടതില്ലെന്ന് സുപ്രിം കോടതിയില്‍ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. നാഥൂറാം ഗോഡ്സെ അല്ലാതെ മറ്റൊരാളുടെ വെടിയേറ്റാണ് ഗാന്ധി കൊല്ലപ്പെട്ടതെന്നതിന് തെളിവില്ല. വിദേശ ഏജന്‍സികള്‍ക്ക് ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അമിക്കസ് റിപ്പോര്‍ട്ട് നല്‍കി.

മഹാത്മാഗാന്ധി വധത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് സവര്‍ക്കര്‍ അനുയായി പങ്കജ് ഫഡ്നിസ് നല്‍കിയ ഹര്‍ജിയിലാണ് അമിക്കസ് ക്യൂറി അമരീന്ദര്‍ സരണ്‍ സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗാന്ധി വധത്തെ കുറിച്ച് അന്വേഷിക്കാന്‍ പുതിയ കമ്മീഷനെ നിയമിക്കണം അല്ലെങ്കില്‍ വസ്തുതാ പഠനസംഘത്തിന് രൂപം നല്‍കണം എന്ന ഹര്‍ജിയിലെ ആവശ്യം അമിക്കസ് ക്യൂറി പൂര്‍ണമായും തള്ളിക്കളഞ്ഞു. ഗാന്ധി വധക്കേസ് രേഖകള്‍ പരിശോധിച്ച അമിക്കസ് ക്യൂറി വധത്തില്‍ ദുരൂഹതയുണ്ടെന്ന വാദം അംഗീകരിച്ചില്ല. നാഥൂറാം വിനായക് ഗോഡ്സെ അല്ലാതെ മറ്റൊരാളാണ് ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്തതെന്ന ആരോപണം തെളിയിക്കാനായിട്ടില്ല. ഗാന്ധിക്ക് നേരെ വെടിയുതിര്‍ത്തത് ഗോഡ്സെ ആണെന്ന് നിസംശയം തെളിഞ്ഞതാണ്. കേസില്‍ കോടതികള്‍ തീര്‍പ്പ് കല്‍പിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഗോഡ്സെയുടേത് അല്ലാതെ നാലാമത്തെ വെടിയുണ്ടയാണ് ഗാന്ധി കൊല്ലപ്പെടാന്‍ ഇടയാക്കിയതെന്ന ഹര്‍ജിക്കാരന്റെ സിദ്ധാന്തം നിലനില്‍ക്കില്ല. വിദേശ ഏജന്‍സിക്ക് വധത്തില്‍ പങ്കുണ്ടെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. കേസില്‍ പുതിയ തെളിവുകള്‍ ഒന്നും ലഭ്യമല്ലെന്നിരിക്കെ വീണ്ടും അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നാണ് അമിക്കസിന്റെ നിലപാട്. റിപ്പോര്‍ട്ട് പരിഗണിച്ച് പൊതുതാല്‍പര്യഹര്‍ജി തള്ളണമോയെന്ന് വെള്ളിയാഴ്ച കോടതി തീരുമാനിക്കും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: