റിപ്പബ്ലിക് ദിനത്തില്‍ പാക് ആക്രമണം ഉണ്ടാകുമെന്ന് സൂചന; സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

 

ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സി(ഐ.എസ്.ഐ)യുടെ നേതൃത്വത്തില്‍ രാജ്യത്ത് ആക്രമണമുണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്. നുഴഞ്ഞുകയറ്റവും ആക്രമണവും ഉണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ കഴിയും വരെ ജാഗ്രത പാലിക്കാനാനാണ് ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശം.

തങ്ങള്‍ക്ക് കിട്ടുന്ന ഭീകരഫണ്ട് മുടങ്ങാതിരിക്കാന്‍ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഐ.എസ്.ഐ പിന്തുണയോടെ ഭീകര സംഘടനകള്‍ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. പാക് ഏജന്‍സികളുടെ രഹസ്യ സന്ദേശങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. റാവല്‍പ്പിണ്ടിയില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, ഐ.എസ്.ഐ ഉദ്യോഗസ്ഥര്‍, തീവ്രവാദി നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമണം നടത്തുന്നതിന് രൂപരേഖ തയ്യാറാക്കി. കാശ്മീര്‍ മേഖലയില്‍ തങ്ങളുടെ സ്വാധീനം കുറയുന്നതായും നുഴഞ്ഞു കയറ്റം തടസപ്പെടുന്നതായും ഈ യോഗത്തില്‍ ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ ത്വയിബ നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.

ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ഇന്റലിജന്‍സ് വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയമാണ് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും പൊലീസ് മേധാവിമാര്‍ക്കും മുന്നറിയിപ്പ് സന്ദേശം അയച്ചത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് റിപ്പബ്ലിക് ദിനം കഴിയുന്നത് വരെ കനത്ത സുരക്ഷ പാലിക്കാനാണ് നിര്‍ദ്ദേശം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: