അയര്‍ലണ്ടില്‍ എല്ലാവര്‍ക്കും വീട്; സ്വപ്ന പദ്ധതിയുടെ ഗുണഭോക്താക്കള്‍ ശരാശരി വരുമാനക്കാര്‍: മലയാളികള്‍ക്കും ആശ്വസിക്കാം- പദ്ധതി ഫെബ്രുവരി മുതല്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം നല്‍കുന്ന പ്രഖ്യാപനവുമായി ഭവനമന്ത്രി. മൂന്ന് സ്‌കീമുകളിലൂടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയ്ക്ക് ഉത്തരം നല്‍കുകയാണ് ഭവനമന്ത്രാലയം. റി ബില്‍ഡിങ് അയര്‍ലണ്ട് ഹോം ലോണ്‍, അഫോര്‍ഡബില്‍ പര്‍ച്ചേഴ്‌സിങ് സ്‌കീം, അഫോര്‍ഡബിള്‍ റെന്റല്‍ സ്‌കീം തുടങ്ങി മൂന്ന് ഭവന പദ്ധതിയിലൂടെ പുതിയ വീടുകള്‍ വാങ്ങല്‍, സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ വാങ്ങല്‍, നിലവിലെ വീട് പുതുക്കി പണിയല്‍, കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം, തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ ആദ്യത്തെ രണ്ട് പദ്ധതികളും ഫെബ്രുവരി ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് ഭവന മന്ത്രാലയം അറിയിച്ചു.

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട പദ്ധതി പ്രകാരം മോര്‍ട്ടഗേജ് അനുവദിക്കുന്നത് സര്‍ക്കാര്‍ തന്നെയായിരിക്കും. അതായത് കൗണ്ടി കൗന്‍സിലുകള്‍ വഴി അര്‍ഹരായവര്‍ക്ക് മോര്‍ട്ടഗേജ് അനുവദിക്കപ്പെടും. വാര്‍ഷിക വരുമാനം ഒരാള്‍ക്ക് 50000 യൂറോയില്‍ കവിയാന്‍ പാടില്ല. ജോയിന്റ് ആപ്ലിക്കേഷനാണെങ്കില്‍ 75000 യൂറോയിലും വര്‍ധിക്കാന്‍ പാടില്ല. ഈ മാനദണ്ഡങ്ങള്‍ക്കൊപ്പം തന്നെ ഈ പദ്ധതിയില്‍ അംഗമാവുന്നവര്‍ സോഷ്യല്‍ ഹൗസിങ് പദ്ധതിയില്‍ ഉള്‍പ്പെടാത്തവരും വന്‍ തുകയ്ക്ക് വീട് വാങ്ങാന്‍ കഴിയാത്തവരുമായിരിക്കണം. ബാങ്കുകളില്‍ മോര്‍ട്ടഗേജ് അനുവദിക്കപ്പെടാത്തവര്‍ക്കും ഈ പദ്ധതിയിലൂടെ വായ്പ അനുവദിക്കും. ഈ സ്‌കീമിലൂടെ ഡബ്ലിന്‍, ഗാല്‍വേ, കോര്‍ക്ക് മേഖലകളില്‍ 320000 യൂറോ വരെയും അയര്‍ലണ്ടിലെ മറ്റ് പ്രദേശങ്ങളില്‍ 250000 യൂറോ വരെയും വിലയുള്ള വീടുകള്‍ സ്വന്തമാക്കാം.

റീബില്‍ഡിങ്ങ് അയര്‍ലണ്ട് ഹോം ലോണ്‍ പദ്ധതി പ്രകാരം 2 ശതമാനം മുതല്‍ 2.25 ശതമാനം വരെ സ്ഥിരമായ പലിശ നിരക്കില്‍ 30 വര്‍ഷ കാലയളവില്‍ ഒരാള്‍ക്ക് പുതിയതോ സെക്കന്‍ഡ് ഹാന്‍ഡ് വീട്ടുകളോ വാങ്ങിക്കാം. മാര്‍ക്കറ്റ് വിലയുടെ 90 ശതമാനം വരെ മോര്‍ട്ടഗേജ് അനുവദിക്കപ്പെടുകയും ചെയ്യും. നിലവിലെ വീട് പുതുക്കിപണിയാനും ലോണ്‍ അനുവദിക്കും. സ്ഥിരമായ പലിശ നിരക്ക് ഈടാക്കുന്നത് വഴി കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റാതെ തന്നെ ഇത് അടച്ച് തീര്‍ക്കാനും കഴിയും. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന പദ്ധതിയായിരിക്കും ഇതെന്ന് നിസംശയം പറയാം.

ഗുണഭോക്താവിന് Net disposable income (നികുതിയും ചെലവും ഒഴിച്ചു നിര്‍ത്തിയാല്‍ കൈവശം വരുന്ന തുക) ന്റെ മൂന്നില്‍ ഒരു ഭാഗം മാത്രമാണ് ബാധ്യതയായി വരുക. ഉദാഹരണത്തിന് 40000 യൂറോ വാര്‍ഷിക വരുമാനമുള്ള ഒരാള്‍ 224920 യൂറോ വിലയുള്ള ഒരു വീട് വാങ്ങിക്കുമ്പോള്‍ അയാള്‍ക്ക് 22400 യൂറോ ഡെപ്പോസിറ്റ് നാല്‍ക്കണം. ഇയാള്‍ക്ക് 198000 യൂറോ വരെ കൗണ്ടി കൗണ്‍സിലില്‍ നിന്നും വായ്പ നല്‍കും. ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ എന്നീ പ്രാദേശങ്ങള്‍ അല്ലാത്തതിനാല്‍ അയാള്‍ക്ക് മാസം തോറും 858 യൂറോ വീതം തിരിച്ചടവായി നല്‍കിയാല്‍ മതി. അതായത് നെറ്റ് ഡിസ്‌പോസിബിള്‍ ഇന്‍കത്തിന്റെ 33 ശതമാനം തിരിച്ചടച്ചാല്‍ മതിയാകും.

ഡബ്ലിന്‍, ഗാല്‍വേ, കോര്‍ക്ക് എന്നീ നഗരങ്ങളിലാണെങ്കില്‍ 75000 യൂറോ വാര്‍ഷിക വരുമാനമുള്ള ദമ്പതിമാര്‍ക്ക് 320000 യൂറോ മാര്‍ക്കറ്റ് വിലയുള്ള വീട് വാങ്ങിക്കാന്‍32000 ഡെപ്പോസിറ്റ് വേണ്ടി വരുമ്പോള്‍ 288000 യൂറോ ലോക്കല്‍ അതോറിറ്റി വായ്പ ലഭ്യമാകും. ഇവര്‍ക്ക് മസത്തവണയായി 1221 യൂറോ തിരിച്ചടവുണ്ടാകും. നെറ്റ് ഡിസ്‌പോസിബിള്‍ ഇന്‍കത്തിന്റെ 24 ശതമാനം വരുമിത്. 5.5 ശതമാനം മുതല്‍ 6 ശതമാനം വരെ കൊള്ളപ്പലിശ ഈടാക്കി ഇടപാടുകാരെ ഊറ്റുന്ന ഐറിഷ് ബാങ്കുകളില്‍ നിന്നും അയര്‍ലണ്ടിലെ ഭവന മേഖലയെ സംരക്ഷിക്കുന്നതോടൊപ്പം രാജ്യത്തെ വര്‍ധിച്ചുവരുന്ന ഭവന പ്രതിസന്ധിയും പരിഹരിക്കപ്പെടും. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ വസ്തു, ഭവന വിലകളിലും ഗണ്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷിക്കപ്പെടുന്നു.

അഫോര്‍ഡബില്‍ റെന്റല്‍ സ്‌കീം അനുസരിച്ച് സര്‍ക്കാര്‍ നേരിട്ടോ മറ്റ് ഹൗസിങ് ഏജന്‍സികള്‍ വഴിയോ സര്‍ക്കാര്‍ വസ്തുവില്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിര്‍മ്മിച്ച് ന്യായമായ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയാണിത്. വസ്തു സര്‍ക്കാരിന്റേത് ആയതിനാല്‍ വസ്തു വാങ്ങിക്കാനുള്ള മൂലധന നിക്ഷേപം ഏജന്‍സികള്‍ നടത്തേണ്ടി വരില്ല. അതുപോലെ ഇടയ്ക്കിടെ വാടക ഉയര്‍ത്താതെ സ്ഥിരമായ വാടക നിരക്കും അനുവദിക്കപ്പെടും. വീട് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ആശ്രയിക്കാവുന്ന മെച്ചപ്പെട്ട പദ്ധതിയാണിത്. അയര്‍ലണ്ടിലെ വാടക വില പിടിച്ച് നിര്‍ത്താന്‍ ആരംഭിച്ച റെന്റ് പ്രഷര്‍ സോണ്‍ എന്ന പദ്ധതി വേണ്ട വിധത്തില്‍ നടപ്പാക്കാത്തതാണ് മറ്റൊരു വാടക പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്.

How to Apply www.rebuildingirelandhomeloan.ie

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: