261 പേരുടെ ജീവന്‍ രക്ഷിച്ച ധീരവനിത, അഭിമാനമായി കാപ്റ്റന്‍ അനുപമ കോഹ്ലി

 

മുംബൈ: എയര്‍ ഇന്ത്യയുടെയും വിസ്താരയുടെയും വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്ന സംഭവത്തില്‍ വന്‍ ദുരന്തം ഒഴിവാക്കുവാനായി പരിശ്രമിച്ച അനുപമ കോഹ്ലി എന്ന വനിതാ പൈലറ്റിന്റെ മനഃസാന്നിധ്യത്തിന് വന്‍ അഭിനന്ദനപ്രവാഹം. സമയോചിതമായ ഇടപെടലൂടെ 261 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച എയര്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ അനുപമ കോഹ്ലിയെ എയര്‍ ഇന്ത്യ പ്രകീര്‍ത്തിച്ചു.

മുംബയില്‍ നിന്ന് ഭോപ്പാലിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ എ.ഐ 631 വിമാനവും ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് പറക്കുകയായിരുന്ന വിസ്താരയുടെ എ 320 നിയോ വിമാനവുമാണ് മുഖാമുഖമുള്ള കൂട്ടിയിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവ സമയത്ത് വനിതാ പൈലറ്റുമാരാണ് ഇരുവിമാനങ്ങളുടെയും നിയന്ത്രണം കൈകാര്യം ചെയ്തിരുന്നത്. ഇരുവിമാനങ്ങളിലെയും മുഖ്യ പൈലറ്റുമാര്‍ ശൗചാലയത്തില്‍ പോയതിനാലാണ് സഹപൈലറ്റുമാരായിരുന്ന വനിതകള്‍ വിമാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തത്.

2.8 കിലോമീറ്റര്‍ ദൂരത്തില്‍ ഇരു വിമാനങ്ങള്‍ തമ്മില്‍ കേവലം 100 അടിയുടെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ട്രാഫിക് കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റത്തിലെ (ടിസിഎഎസ്) അലാം മുഴങ്ങാന്‍ തുടങ്ങി. തുടര്‍ന്ന് ഇരു വിമാനങ്ങളിലെ കോക്പിറ്റിലും മുന്നറിയിപ്പെത്തി. എന്നാല്‍ പൈലറ്റുമാര്‍ക്കിടയില്‍ കുറച്ചു നേരത്തേയ്ക്ക് ആശയക്കുഴപ്പം നിലനിന്നെങ്കിലും ക്യാപ്റ്റന്‍ അനുപമ കോഹ്ലി ഉടന്‍ തന്നെ വിമാനം ഉയര്‍ത്തി പറപ്പിച്ചു. തന്മൂലം വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്നതില്‍ 20 വര്‍ഷമായി എയര്‍ ഇന്ത്യയില്‍ സേവനമനുഷ്ഠിക്കുന്ന അനുപമ കോഹ്ലി ലക്ഷ്യം കണ്ടു.

2.8 കിലോമീറ്ററെന്നതു സെക്കന്‍ഡുകള്‍ക്കുള്ളില്‍ എത്തുന്ന ദൂരമായതിനാല്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ദുരന്തമാണ് പൈലറ്റുമാരുടെ സമചിത്തതയെ തുടര്‍ന്ന് ഒഴിവായത്. എതിര്‍ദിശയില്‍ പോകുന്ന രണ്ടു വിമാനങ്ങള്‍ ഒരേസമയം ഇത്രയടുത്തു വന്ന അപകടത്തെ തുടര്‍ന്ന് രണ്ടു പൈലറ്റുമാരോടും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിശദീകരണം തേടിയിരുന്നു.

അതേസമയം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) നിര്‍ദേശമനുസരിച്ചാണ് വിമാനം പറത്തിയതെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിസ്താര ഇതുവരെ സംഭവത്തെ പറ്റി വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തെ കുറിച്ചുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

മഹാരാഷ്ട്രയില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ജനുവരി 28-ന് ഇന്‍ഡിഗോ വിമാനവും എമിറേറ്റ്സ് വിമാനവും നിയമപരമായ ദൂരപരിധി പാലിക്കാത്തതിനെ തുടര്‍ന്ന് മുഖാമുഖം വന്നിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: