ഗൂഗിള്‍ ഇമേജ് സെര്‍ച്ചിംഗില്‍ നിന്ന് ‘വ്യൂ ഇമേജ്’ ബട്ടണ്‍ ഒഴിവാക്കി; ചിത്രം പകര്‍ത്താന്‍ ഇനി നിബന്ധനകള്‍ പാലിക്കേണ്ടിവരും

 

ഗൂഗിളില്‍നിന്ന് ഇനി ചിത്രങ്ങള്‍ സൌജന്യമായി പകര്‍ത്താനാകില്ല. ഗൂഗിള്‍ ഇമേജസില്‍ ചിത്രങ്ങള്‍ കാണാന്‍ കഴിയുന്ന ‘വ്യൂ ഇമേജസ്’ ബട്ടണ്‍ നീക്കി. ചിത്രങ്ങള്‍ നേരിട്ട് ഡൌണ്‍ലോഡ് ചെയ്യുന്ന സൌകര്യം ഒഴിവാക്കി നേരെ ചിത്രവുമായി ബന്ധപ്പെട്ട വെബ്‌സൈറ്റിലേക്ക് നയിക്കുന്ന പുതിയ സംവിധാനം ഗൂഗിള്‍ നടപ്പാക്കി. ന്യൂസ് ഫോട്ടോ ഏജന്‍സിയായ ഗെറ്റി ഇമേജസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാറ്റം. ഗൂഗിളിന്റെ ഈ മാറ്റത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു.

2016ലാണ് ഗെറ്റി ഇമേജസ് ഗൂഗിളിന് എതിരെ യൂറോപ്യന്‍ കമ്മീഷന് പരാതി നല്‍കിയത്. തങ്ങളുടെ ചിത്രങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍ വഴി സുലഭമായി ലഭിക്കുന്നുവെന്നും ഇത് തടയണമെന്നുമായിരുന്നു പരാതി. ഇതേ തുടര്‍ന്നാണ് തങ്ങളുടെ സെര്‍ച്ചില്‍ നിന്ന് വ്യൂ ഇമേഴ് ബട്ടണ്‍ ഒഴിവാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ എല്ലാ ചിത്രങ്ങളുടെയും താഴെ പകര്‍പ്പവകാശം സംബന്ധിച്ച മുന്നറിയിപ്പും ചേര്‍ത്തിട്ടുണ്ട്.

പകര്‍പ്പവകാശമുള്ള ചിത്രങ്ങള്‍ സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇനി നിബന്ധനകള്‍ പാലിക്കേണ്ടിവരും. മിക്ക സൈറ്റുകളും ചിത്രം പകര്‍ത്താന്‍ പണം ഈടാക്കുന്നുണ്ട്. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെയും പ്രസാധകരുടെയും ചിത്രങ്ങള്‍ തങ്ങളറിയാതെ പകര്‍ത്തി ദുരുപയോഗിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ പുതിയ പരിഷ്‌കാരം. പകര്‍പ്പവകാശം സംരക്ഷിക്കുന്നതിനൊപ്പം ഉപയോക്താക്കളെ വെബ്‌സൈറ്റുമായി കൂടുതല്‍ അടുപ്പിക്കുകയുമാണ് ഗൂഗിള്‍ ലക്ഷ്യമാക്കുന്നത്.

ഇമേജ് സെര്‍ച്ചില്‍നിന്ന് ‘വ്യൂ ഇമേജ്’ നീക്കിയെങ്കിലും ചിത്രമടങ്ങുന്ന വെബ്‌സൈറ്റിലേക്ക് പോകാന്‍ സഹായിക്കുന്ന വിസിറ്റ് ബട്ടണ്‍ നിലനിര്‍ത്തിയിട്ടുണ്ട്.
ചിത്രങ്ങള്‍ക്കായി വ്യൂ ഇമേജസ് വഴി വെബ്‌സൈറ്റില്‍ കയറേണ്ടിവരുമ്‌ബോള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകും. ചിത്രങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്നതുവഴി സൈറ്റുകള്‍ക്ക് വന്‍ സാമ്ബത്തിക നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്.

 

ഡികെ

 

 

 

 

 

Share this news

Leave a Reply

%d bloggers like this: