കാന്‍സര്‍ എമ്മയെ തോല്പിച്ചു; പക്ഷേ, വായനക്കാര്‍ എമ്മ ഹനിഗന്റെ പുസ്തകത്തെ അയര്‍ലണ്ടിലെ ബെസ്റ്റ് സെല്ലറാക്കി

 

പതിനൊന്നു വര്‍ഷത്തെ ചെറുത്തു നില്‍പ്പിന് ശേഷം ബെസ്റ്റ് സെല്ലിംഗ് ഐറിഷ് എഴുത്തുകാരി എമ്മ ഹനിഗന്‍ കഴിഞ്ഞ ശനിയാഴ്ച ക്യാന്‍സറിന് കീഴടങ്ങി. സ്തനാര്‍ബുദം അത്യാസന്ന ഘട്ടത്തിലാണ് എന്നു ഈ നാല്‍പ്പത്തിയഞ്ചുകാരി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. മരണത്തിന് കുറച്ചു ആഴ്ചകള്‍ക്ക് മുന്‍പ് തന്റെ രോഗം ഭേദമാവില്ല എന്നു എമ്മ ഹനിഗന്‍ അറിയിച്ചപ്പോള്‍ അവരുടെ സഹ എഴുത്തുകാര്‍ എമ്മയുടെ അവസാന നോവലിനെ വില്പനയില്‍ ഒന്നാമതെത്തിക്കാനുള്ള പ്രചരണപരിപാടികള്‍ തുടങ്ങിയിരുന്നു. ആ ശ്രമം വിഫലമായില്ല. എമ്മ ഹനിഗന്റെ ‘ലെറ്റേഴ്‌സ് റ്റു മൈ ഡോട്ടേഴ്‌സ്’ അയര്‍ലണ്ടിലെ പുസ്തകച്ചാര്‍ട്ടുകളില്‍ ഒന്നാമതെത്തി.

ഹനിഗന്റെ നോവല്‍ 5000ത്തില്‍ അധികം കോപ്പികള്‍ വിറ്റുപോയതോടെ ഐര്‍ലന്റിലെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പുസ്തകം എന്ന പട്ടം നേടിയാതായി പുസ്തകവില്പനയുടെ ഔദ്യോഗിക നിരീക്ഷകനായ നീല്‍സെന്‍ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന, കാതി കെല്ലി എഴുതിയ ‘ദ ഇയര്‍ ദാറ്റ് ചെയ്ഞ്ച്ഡ് എവരിതിങ്’ എന്ന പുസ്തകം 1,893 കോപ്പികളാണ് വിറ്റുപോയത്. പുസ്തകത്തെ മുന്‍നിരയിലെത്തിക്കാനുള്ള പ്രചരണപരിപാടികളില്‍ കെല്ലിയും പട്രീഷ്യ സ്‌കാന്‍ലനും അടക്കമുള്ള ഐറിഷ് എഴുത്തുകാര്‍ സന്തോഷത്തോടെ പങ്കാളികളായിരുന്നു.

ഹനിഗന്‍ നോവലെഴുത്തിലേക്ക് തിരിഞ്ഞത് 2005ല്‍ അവര്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍ ജീന്‍ BrCa1 ഉണ്ടെന്ന് കണ്ടെത്തിയ ശേഷമാണ്. തന്റെ ജീവിതത്തില്‍നിന്ന് എടുത്ത കഥയായ ആദ്യപുസ്തകം ‘ഡിസൈനര്‍ ജീന്‍സ്’, ഓര്‍മ്മക്കുറിപ്പുകളായ ‘ഓള്‍ റ്റു ലിവ് ഫോര്‍’ എന്നിവ ഉള്‍പ്പെടെ വില്പനയില്‍ മുന്നില്‍നില്ക്കുന്ന ഒരു നിര പുസ്തകങ്ങള്‍ ഹനിഗന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു സ്തന ശസ്ത്രക്രിയക്ക് അവര്‍ വിധേയരായി. 2006ല്‍ അണ്ഡാശയങ്ങള്‍ മുന്‍കൂട്ടി നീക്കം ചെയ്‌തെങ്കിലും കാന്‍സര്‍ ബാധിതയായി. അതിനുശേഷം പത്തുതവണ കാന്‍സറിന് ചികിത്സിച്ചു. ഫെബ്രുവരി പതിനാറിന് അവര്‍ തന്റെ ബ്ലോഗില്‍ അവസാന വട്ട ചികിത്സക്കു ശേഷം ”എല്ലാ വഴികളും അടഞ്ഞിരിക്കുന്നു” എന്ന് കുറിച്ചു.

”വിട..നന്ദി.. ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നമസ്‌കരിക്കുന്നു. ഇനി തമ്മില്‍ കാണും വരെ നിങ്ങള്‍ക്കെല്ലാം നല്ലതുവരട്ടെ” ഹനിഗന്‍ എഴുതി. ”കുറച്ചു സമയം മാത്രം അഭിമുഖീകരിക്കേ, എന്താണെന്നില്‍നിന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നതെന്ന് പറയട്ടേ? സ്‌നേഹം. മറ്റൊന്നിനും ഇനി യാത*!*!*!ൊരു അര്‍ത്ഥവുമില്ല.. എന്റെ ഹൃദയത്തിലെ സ്‌നേഹം മാത്രമാണ് ഇപ്പോള്‍ പ്രധാനം. വിട എന്നു പറയുമ്പോള്‍ ഹൃദയം പൊട്ടുന്നുണ്ട്, അതുകൊണ്ട് യാത്രാവന്ദനം എന്നു പറയാമെന്ന് കരുതുന്നു ‘

താന്‍ ലെറ്റേഴ്‌സ് റ്റു മൈ ഡോട്ടേഴ്‌സ് എന്ന ഒരു നോവല്‍ പ്രസിദ്ധീകരിച്ചു എന്ന കാര്യവും അവര്‍ കൂട്ടിച്ചേര്‍ത്തു. ”സാധാരണ അടുത്ത കുറച്ച് ആഴ്ചകളില്‍ അതിനെക്കുറിച്ച് സംസാരിച്ചും നിങ്ങള്‍ക്കത് ഇഷ്ടമായോ എന്നതിനെക്കുറിച്ച് ആശങ്കപ്പെടുവാന്‍ ധൈര്യം കാണിച്ചും സമയം ചെലവഴിക്കാറാണ് പതിവ്. കാരണം ഇത്തരം സമയങ്ങളില്‍ തങ്ങളുടെ പുതിയ കുട്ടിയെ ആര്‍ക്കും ഇഷ്ടമായില്ലെങ്കിലോ എന്ന് പേടിച്ച് എഴുത്തുകാര്‍ അവരുടെ അലമാരക്കു പിന്നില്‍ ഒളിച്ചിരിക്കുന്ന സമയമാണിത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ എനിക്ക് ഒളിക്കേണ്ട കാര്യമില്ല. പക്ഷേ നിങ്ങള്‍ അത് ആസ്വദിക്കണം എന്ന് ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.”

ഹനിഗന്റെ വാര്‍ത്ത അറിഞ്ഞ സഹ ഐറിഷ് എഴുത്തുകാര്‍, ആ പുസ്തകത്തെ വില്പനയില്‍ ഒന്നാമതെത്തിക്കാനുള്ള പ്രചരണപരിപാടികള്‍ ആസൂത്രണം ചെയ്തു. ”എമ്മക്ക് അവരുടെ കൃതിയെ പ്രചരിപ്പിക്കാനാവില്ല, അതിനാല്‍ ഞങ്ങളോട് സഹകരിക്കുക. പുസ്തകം വാങ്ങൂ, വായിക്കൂ, പ്രചരിപ്പിക്കൂ”. അന്ന മക് പാര്‍ട്‌ലിന്‍ ട്വിറ്ററില്‍ കുറിച്ചു. മരിയന്‍ കെയ്‌സ് നോവലിനെ വിശേഷിപ്പിച്ചത് ”ഓരോ പുറവും മറിക്കാന്‍ പ്രേരിപ്പിക്കുന്ന, ഊഷ്മളതയും വൈകാരികബുദ്ധിയും നിറഞ്ഞ, അത്യുജ്ജ്വലമായ പുസ്തകം ‘ എന്നാണ്.

ഹനിഗനെ കഴിഞ്ഞ ഒമ്പതു വര്‍ഷമായി പ്രതിനിധീകരിക്കുന്ന ഏജന്റ് ഷീല ക്രോലേ പറയുന്നത് ”അവിശ്വസനീയമായ ബഹുമാനവും സ്‌നേഹവും” ആണ് പുസ്തകവിപണിയില്‍നിന്ന് കിട്ടിയത് എന്നാണ്. ”എഴുത്തുകാരി എന്ന നിലയില്‍ മാത്രമല്ല, മനുഷ്യജീവി എന്ന നിലയിലും അവര്‍ ചെയ്ത എല്ലാ കാര്യങ്ങളെയും ഉള്‍ക്കൊള്ളുന്നത് ഞങ്ങള്‍ തുടരും” അവര്‍ പറയുന്നു.

ഹനിഗന്റെ പ്രസാധകരായ ഹഷേറ്റ് ഐര്‍ലന്റ് ഇപ്പോള്‍ പുസ്തകത്തിന്റെ അടുത്ത പതിപ്പ് അച്ചടിക്കുന്ന തിരക്കിലാണ്. അമ്മയേക്കാള്‍ അടുപ്പമുള്ള വളര്‍ത്തമ്മ മേയ്, പെട്ടെന്ന് മരിക്കുമ്പോള്‍ മൂന്നു സഹോദരിമാര്‍ക്ക് ഉണ്ടാവുന്ന മനസ്താപത്തെക്കുറിച്ചാണ് ഈ നോവല്‍.

ബ്രെസ്റ്റ് കാന്‍സര്‍ അയര്‍ലന്റിന് വേണ്ടി ധനസമാഹരണത്തിനായി CURE എന്ന് 50300 ലേക്ക് സന്ദേശമയക്കാന്‍ നോവലിസ്റ്റ് ആവശ്യപ്പെടുന്നു. അയര്‍ലന്റിന് പുറത്തുള്ളവര്‍ക്കും ഇതില്‍ പങ്കാളികളാകാവുന്നതാണ്. ഫെബ്രുവരി 21ന് ഹനിഗന്‍ ഫെയ്‌സ്ബുക്കില്‍ എഴുതി : ”നിങ്ങള്‍ കാണിക്കുന്ന കാരുണ്യത്താല്‍ എന്റെ മനസ്സു നിറഞ്ഞിരിക്കുന്നു. അതിനേക്കാള്‍ ഉപരിയായി, എന്റെ എഴുത്തുകൊണ്ട് ആവശ്യത്തിന് ധനം സമാഹരിക്കാനാവുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമെങ്കില്‍ ഞാന്‍ പുളകിതയായി. എന്റെ സമയം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കഴിയുമെങ്കില്‍ മറ്റുള്ളവരെ സഹായിക്കാന്‍ എന്നെ സഹായിക്കുക”

 

എ എം

 

Share this news

Leave a Reply

%d bloggers like this: