മലയാളികളടക്കം എട്ടു പേരുടെ മരണത്തിനിടയാക്കിയ M1 മോട്ടോര്‍വേ അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി

 

കോട്ടയം സ്വദേശികളായ സിറിയക് ജോസഫ് (50), ഋഷി രാജീവ്(27) എന്നിവരടക്കം എട്ടു ഇന്ത്യക്കാരുടെ മരണത്തിന് കാരണമായ എം വണ്‍ മോട്ടോര്‍വേ ദുരന്തത്തില്‍ ഉള്‍പ്പെട്ട ട്രക്കുകളുടെ ഡ്രൈവര്‍മാരില്‍ ഒരാള്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. രണ്ടാമത്തെ ട്രക്ക് ഡ്രൈവറുടെ വിചാരണാ നടപടികള്‍ റെഡ്ഡിങ്ങിലെ ക്രൗണ്‍ കോടതിയില്‍ പുരോഗമിക്കുകയാണ്. ബ്രിട്ടീഷുകാരനായ ഡേവിഡ് വാഗ്സ്റ്റാഫ്, പോളണ്ടുകാരനാട റൈസാര്‍ഡ് മാസീറാക്ക് എന്നിവരുടെ ലോറികളാണ് അപകടമുണ്ടാക്കിയത്. ഇതില്‍ റൈസാര്‍ഡ് മാസീറാക്ക് (31) കുറ്റക്കാരനാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷുകാരനായ ഡേവിഡ് വാഗ്സ്റ്റാഫിന്റെ (54) വിചാരണാ നടപടികളാണ് തുടരുന്നത്.

റൈസാര്‍ഡ് അമിതമായി മദ്യപിച്ചിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യം കോടതിയ്ക്ക് ബോധ്യമായി.നിയമവിരുദ്ധമായി സ്ലോ ലെയിനില്‍ നിര്‍ത്തിയിട്ടിരുന്ന മാസീറാക്കിന്റെ ലോറിയെ കടന്നു പോകാന്‍ ബെന്നിയുടെ മിനി ബസ് ശ്രമിക്കുന്നതിനിടെ വാഗ്സ്റ്റാഫിന്റെ ലോറി ഇടിച്ചു കയറുകയായിരുന്നു. ഒഴിവാക്കാമായിരുന്ന അപകടം ട്രക്ക് ഡ്രൈവര്‍മാരുടെ അശ്രദ്ധയും മദ്യലഹരിയിലുള്ള ഡ്രൈവിംഗും കാരണമാണ് സംഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു.

അപകടത്തില്‍ രണ്ടു ലോറികള്‍ക്കുമിടയില്‍പ്പെട്ട ബെന്നി ഓടിച്ച മിനി ബസ് പൂര്‍ണ്ണമായും തകര്‍ന്നു. കഴിഞ്ഞ ഓഗസ്റ്റ് 25ന് വെള്ളിയാഴ്ച രാത്രിയായിരുന്നു എം-1 മോട്ടോര്‍വേയില്‍ മിനിവാനും ട്രക്കുകളും കൂട്ടിയിടിച്ചു വന്‍ദുരന്തം ഉണ്ടായത്. കാല്‍ നൂറ്റാണ്ടിനിടയിലെ ബ്രിട്ടനിലെ ഏറ്റവും വലിയ റോഡപകടമായിരുന്നു ഇത്. ബെന്നിയുടെ ഉടമസ്ഥതയിലുള്ള എബിസി ട്രാവല്‍സ് എന്ന മിനിവാനാണ് അപകടത്തില്‍പെട്ടത്. ഉടമയായ ബെന്നിതന്നെയാണു വാന്‍ ഓടിച്ചിരുന്നത്. യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ട നാലു വിപ്രോ കമ്പനി ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും നോട്ടിങ്ങാമില്‍നിന്നു ലണ്ടനിലെ വെംബ്ലിയിലുള്ള ടൂര്‍ കമ്പനിയിലെത്തിക്കാനായി പോകുമ്പോഴായിരുന്നു മില്‍ട്ടണ്‍ കെയില്‍സിനു സമീപം പുലര്‍ച്ചെ 3.15ന് എം-1 മോട്ടോര്‍വേയില്‍ വാന്‍ അപകടത്തില്‍ പെട്ടത്. മരിച്ച എട്ടുപേരെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ക്കും ഗുരുതരമായി പരുക്കേറ്റു.

മാസീറാക്ക് അനുവദനീയമായതിനേക്കാള്‍ രണ്ടിരട്ടിയിലധികം മദ്യപിച്ചിരുന്നുവെന്നും അപകടത്തിനു മുമ്പ് റൗണ്ട്എബൗട്ടില്‍ തെറ്റായ ദിശയിലോടിച്ച് രണ്ട് കാറുകളുമായി കൂട്ടിയിടിക്കാന്‍ തുടങ്ങിയിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. താന്‍ 21 മണിക്കൂര്‍ മുമ്പ് മദ്യപിച്ചിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞെങ്കിലും അത് പച്ചക്കള്ളമാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഇയാള്‍ മദ്യപിച്ചിരുന്നതായും നിര്‍ത്തിയിട്ട വാഹനത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നുമാണ് വ്യക്തമായത്. വാഗ്സ്റ്റാഫ് വാഹനമോടിച്ചിരുന്നത് ഓട്ടോ പൈലറ്റിലായിരുന്നുവെന്നും തനിക്കു മുമ്പില്‍ നടക്കുന്നത് എന്താണെന്ന് അയാള്‍ അറിഞ്ഞതുപോലുമില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. 56 മൈല്‍ വേഗതയില്‍ പോകുകയായിരുന്ന ഇയാള്‍ക്ക് 10 സെക്കന്‍ഡ് മുമ്പ് തന്റെ മുന്നിലുള്ള വാഹനം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. അപകടത്തില്‍ വാഗ്സ്റ്റാഫ് ആക്സിലറേറ്റര്‍ കുറയ്ക്കാനോ ബ്രേക്ക് ചെയ്യാനോ ശ്രമിച്ചതിന്റെ അടയാളം പോലും പരിശോധനയില്‍ കണ്ടെത്താനായില്ല.

 

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: