ചൈനയുടെ 8.5 ടണ്‍ ഭാരമുള്ള സ്പെയ്സ് സ്റ്റേഷന്‍ ആഴ്കള്‍ക്കുള്ളില്‍ ഏതു നിമിഷവും ഭൂമിയില്‍ തകര്‍ന്നുവീഴുമെന്ന് ശാസ്ത്രജ്ഞര്‍

 

ന്യൂയോര്‍ക്ക്: ചൈനയുടെ പ്രവര്‍ത്തന രഹിതമായ ആദ്യ സ്പെയ്സ് സ്റ്റേഷന്‍ ആഴ്കള്‍ക്കുള്ളില്‍ ഏതു നിമിഷവും ഭൂമിയില്‍ തകര്‍ന്നുവീഴുമെന്ന് ശാസ്ത്രജ്ഞര്‍. പക്ഷെ ഭൂമിയില്‍ എവിടെയാണ് 8.5 ടണ്‍ ഭാരമുള്ള ഈ കൂറ്റന്‍ ബഹിരാകാശ നിലയം പതിക്കാന്‍ പോകുന്നതെന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയാതെ കുഴയുകയാണ് ശാസ്ത്രജ്ഞരെന്നും ചൊവ്വാഴ്ച പുറത്തിറങ്ങിയ ശാസ്ത്ര പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എയറോ സ്പെയ്സ് കോര്‍പ്പറേഷന്റെ അനുമാനം അനുസരിച്ച് ശൂന്യാകാശത്തു നിയന്ത്രണം തെറ്റിയ ചൈനയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ ടിയാന്‍ ഗോംങ് -1 ഏപ്രില്‍ ആദ്യവാരം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. അതേ സമയം മാര്‍ച്ച് 24നും ഏപ്രില്‍ 19നും ഇടയില്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കുമെന്നാണ് യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സി പ്രവചിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തത്.

സ്പെയ്സ് ടിയാന്‍ ഗോങ്ങിന്റെ നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടതായി 2016 ല്‍ ചൈന തന്നെ വെളിപ്പെടുത്തിയിരുന്നു. നിയന്ത്രണം വീണ്ടെടുക്കാനും വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാനും പറ്റാത്തവിധം സെപെയ്സ് സ്റ്റേഷന്‍ നിയന്ത്രണ രഹിതമായെന്നായിരുന്നു ചൈനയുടെ തുറന്നുപറച്ചില്‍. ബഹിരാകാശ നിലയത്തിന്റെ ഒരു ഭാഗം ഭൂമിയില്‍ പതിക്കുമെന്നും ചൈനീസ് എയറോ സ്പെയ്സ് പ്രസ്താവനയില്‍ അറിയിച്ചു. നിലം പതിക്കുന്ന ഭാഗങ്ങള്‍ നൂറുകിലോമീറ്ററില്‍ താഴെയുള്ള ഭാഗങ്ങളില്‍ പതിക്കാനാണ് സാധ്യത.

താഴെ പതിക്കുന്ന പേടകാവശിഷ്ടങ്ങളില്‍ മാരക ശക്തിയുള്ള ഹൈഡ്രസൈന്‍ എന്ന വിഷവസ്തുക്കളും ദ്രവീകരണശക്തിയുള്ള ഇന്ധനവും ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന പേടകാവശിഷ്ടം ഭൂമധ്യരേഖയ്ക്ക് 43 ഡിഗ്രി വടക്കും 43 ഡിഗ്രി തെക്കുമായി വീഴാനാണ് സാധ്യതയെന്നും ചൈനീസ് ബഹിരാകാശ ഏജന്‍സി പ്രവചിക്കുന്നു. ഇതു പ്രകാരം വടക്കന്‍ ചൈന, മിഡില്‍ ഈസ്റ്റ് , മധ്യ ഇറ്റലി, വടക്കന്‍ സ്പെയിന്‍, യുഎസിന്റെ വടക്കന്‍ സംസ്ഥാനങ്ങള്‍, ന്യൂസീലാന്‍ഡ്, ടാസ്മാനിയ, തെക്കന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങള്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കുന്നു.

ഒരു പൂര്‍ണ രാഷ്ട്രീയ ശക്തി ആയതിന്റെ പ്രതീകം എന്ന നിലയില്‍ 2011ലാണ് ചൈന ആഘാഷപൂര്‍വ്വം ടിയാന്‍ഗോങ് 1 ബഹിരാകാശത്ത് എത്തിച്ചതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹിരകാശത്ത് ആളുകളെ എത്തിച്ചും അല്ലാതെയുമുള്ള ദൗത്യങ്ങള്‍ക്ക് ടിയാന്‍ഗോങ് 1 ചൈന ഉപയോഗിച്ചിരുന്നു.

ചൈനയുടെ ആദ്യ വനിത ബഹിരാകാശ യാത്രികയായ ലിയു യാങ് 2012ല്‍ ടിയാന്‍ ഗോങ്ങില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 1991ല്‍ സോവ്യറ്റ് യൂണിയന്റെ 20 ടണ്‍ ഭാരമുള്ള സല്യൂട്ട് 7 സ്പെയ്സ് സ്റ്റേഷന്‍ തകര്‍ന്നുവീണിരുന്നു. റഷ്യയുടെ തന്നെ 20 ടണ്‍ ഭാരമുള്ള കോസ്മോസും 1686ല്‍ ഭൂമിയില്‍ പതിച്ചു. അവയുടെ അവശിഷ്ടങ്ങള്‍ അര്‍ജന്റീനയിലെ കാപ്പിറ്റന്‍ ബര്‍മുഡസ് പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് ചിതറി വീണത്. 1979ല്‍ നിയന്ത്രണം നഷ്ടപ്പെട്ട നാസയുടെ 77 ടണ്‍ ഭാരമുള്ള സ്‌കൈലാബ് വലിയ കഷണങ്ങളായി പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് നിപതിച്ചത്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: