സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാട് തോമ്മാശ്ലീഹാ ഇന്ത്യയില്‍ വന്നു എന്നുതന്നെ

കൊച്ചി: വിശുദ്ധ തോമ്മാശ്ലീഹാ ഇന്ത്യയില്‍ വന്നു എന്നതു ചരിത്ര സത്യവും സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാടുമാണെന്ന് സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം:

വി. തോമ്മാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവില്ല എന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് പ്രസ്താവിച്ചതായി പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അത് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാട് തന്നെയാണെന്നും ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് വസ്തുതാവിരുദ്ധമാണ്. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാട് തോമ്മാശ്ലീഹാ ഇന്ത്യയില്‍ വന്നു എന്നുതന്നെയാണ്.

അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തില്‍നിന്ന് ഉദ്ഭവിച്ചതാണ് സീറോ മലബാര്‍ സഭ എന്നതും ഔദ്യോഗിക നിലപാടു തന്നെയാണ്. ലോകപ്രശസ്തരായ പല ചരിത്രകാരന്മാരും തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ വസ്തുതയായി സ്വീകരിച്ചിട്ടുള്ളതാണ്. പല ഗണത്തില്‍പ്പെടുന്ന ചരിത്ര രേഖകളും അതിന് ഉപോല്‍ബലകമായുണ്ട്. ചെറിയൊരു ഗണം ചരിത്രകാരന്മാര്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് ഉള്ളവരും ഉണ്ടാകാം എന്ന വസ്തുതതയും അംഗീകരിക്കുന്നു. അതൊരു ന്യൂനപക്ഷം മാത്രമാണ്.

കേരളത്തിലെ കത്തോലിക്ക സഭകളില്‍ ലത്തീന്‍ സഭയൊഴികെയുള്ള സഭകളും മാര്‍ത്തോമ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, സുറിയാനി തുടങ്ങിയ ക്രൈസ്തവ സഭകളും തോമാശ്ലീഹ ഭാരതത്തിലെത്തി ജ്ഞാനസ്‌നാനം നടത്തിയെന്ന പാരമ്പര്യത്തിലൂന്നിയുള്ള വിശ്വാസമാണ് പുലര്‍ത്തിപ്പോരുന്നത്. ഇതിന് വിരുദ്ധമായ രീതിയിലുള്ള ഫാദര്‍ പോള് തേലക്കാടിന്റെ ലേഖനത്തിനെതിരേ വിവിധ സഭകളില്‍ നിന്ന് കടുത്ത വിയോജിപ്പ് ഉയര്‍ന്നിരുന്നു. സിറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് കൂടിയായ ഫാദര്‍ തേലക്കാടിന്റെ പ്രസ്താവന സഭയുടെ ഔദ്യോഗിക നിലപാടാണെന്ന് വ്യാഖ്യാനിക്കെപ്പെടുന്ന സാഹചര്യമുണ്ടായതിനെ തുടര്‍ന്ന് ഫാദര്‍ തേലക്കാടിനോട് സഭാ നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് ഫാദര്‍ തേലക്കാട് നല്കിയ വിശദീകരണം തൃപ്തികരമല്ലാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പരസ്യമായി തിരുത്തിക്കൊണ്ടുള്ള പ്രസ്താവന സഭാ നേതൃത്വത്തില്‍ നിന്നുണ്ടായത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: