വ്യാജ ഹര്‍ത്താല്‍ ആഹ്വാനം: കേരളത്തില്‍ വ്യാപക സംഘര്‍ഷം

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഹര്‍ത്താലിന്റെ പേരില്‍ മലബാര്‍ മേഖലയില്‍ വ്യാപക സംഘര്‍ഷം. ഹര്‍ത്താല്‍ അനുകൂലികള്‍ എന്ന വ്യാജേന തെരുവിലിറങ്ങിയ ഒരുകൂട്ടം ആളുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ ബലമായി അടപ്പിച്ചു. തിരൂരിലും കണ്ണൂരിലും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനവും നടത്തി. ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജ പ്രചാരണം പലയിടങ്ങളിലും ഫലത്തില്‍ ഹര്‍ത്താലായി മാറി.

പ്രകടനമായി എത്തിയവര്‍ വാഹന ഗതാഗതവും തടയാന്‍ ശ്രമിച്ചു. കടകള്‍ അടപ്പിക്കുന്നത് വ്യാപാരികള്‍ കൂട്ടമായി തടഞ്ഞതോടെയാണ് സ്ഥലത്ത് ഉന്തു തള്ളുമുണ്ടായത്. വ്യാജ ഹര്‍ത്താല്‍ ആയിരുന്നതിനാല്‍ പോലീസും മുന്‍ കരുതലുകളൊന്നും സ്വീകരിച്ചിരുന്നില്ല. പുലര്‍ച്ചെ ഹര്‍ത്താല്‍ എന്ന പേരില്‍ ഒരുസംഘം മലപ്പുറത്തെ വള്ളുവന്പ്രത്തും കാസര്‍ഗോഡ് ജില്ലയിലെ ചില സ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് തിങ്കളാഴ്ച ഹര്‍ത്താല്‍ എന്ന പേരില്‍ നവമാധ്യമങ്ങള്‍ വഴി പ്രചരണം നടന്നത്. ആര്, എന്ത് കാര്യത്തിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചുവെന്ന് പോലും രേഖപ്പെടുത്താത്ത സന്ദേശങ്ങളായിരുന്നു സോഷ്യല്‍മീഡിയയില്‍ എത്തിയത്. വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരേയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കത്വയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: