ഇനി ഒരു ലിഗയോ ജിഷയോ ശ്രീജിത്തോ ഉണ്ടാകാതിരിക്കട്ടെ! ഡബ്ലിനിലെ ജിനീഷ് രാജന്റെ പോസ്റ്റ് വൈറലാകുന്നു

കേരളം സന്ദര്‍ശിക്കുവാന്‍ കോവളത്തെത്തി മരണമടഞ്ഞ ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ അയര്‍ലണ്ടിലെ ജിനീഷ് രാജന്റെ ഇത്തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലാകുകയാണ്. നിരവധിയാളുകളാണ് ഇതിനോടകം പോസ്റ്റ് ഷെയര്‍ ചെയ്തതും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തത്. ജിനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍ വായിക്കുക.

ഏകദേശം 4 വര്‍ഷങ്ങള്‍ക്ക് മുമ്പ്. സമയം രാവിലെ 3 മണി.
ഭാര്യ എന്റെ പുറത്തു തട്ടി വിളിച്ചു.
അച്ചാച്ചാ..’താഴെ ആരോ നടക്കുന്ന ശബ്ദം കേള്‍ക്കുന്നു!’
പാതിമയക്കത്തോടെ ഞാന്‍ പറഞ്ഞു. ‘നിനക്കു തോന്നിയതായിരിക്കും’.

‘അല്ല ഞാന്‍ കേട്ടു’ അവള്‍ വീണ്ടും പറഞ്ഞു. ‘കുറച്ചു നേരായമായ് ഞാന്‍ ഉണര്‍ന്നു കിടക്കുവാ’

ഞങ്ങള്‍ വീണ്ടും കാതോര്‍ത്തു കിടന്നപ്പോള്‍ താഴെ നിന്ന് കാല്‍പെരുമാറ്റവും ജാക്കറ്റ് ഉരയുന്ന ശബ്ദവും കേട്ടു. തോന്നിയതായിരിക്കുമോ?

മനസില്ലാമനസോടെ ഞാന്‍ എണീറ്റു. ചെറിയ പേടി ഉണ്ടെകിലും ധൈര്യം സംഭരിച്ചു ഞാന്‍ താഴത്തെ നിലയില്ലേക് ഇറങ്ങി. എല്ലാ മുറിയിലെയും ലൈറ്റ് തെളിഞ്ഞു കിടക്കുന്നു!. 5 മാസം ഗര്‍ഭിണിയായ എന്റെ പ്രിയതമയും അപ്പോഴേക്കും താഴെ ഇറങ്ങിയിരുന്നു.

ഞാന്‍ ചോദിച്ചു… ഞാന്‍ ലൈറ്റ് ഓഫാക്കതെ ആണോ ഇന്നലെ രാത്രി കേറി വന്നത്?

അവള്‍ പറഞ്ഞു ‘അല്ല, നമ്മള്‍ ഓഫ് ആകിയതാണല്ലോ?

അസ്വഭാവികത ഒന്നും തോന്നാത്തതിനാല്‍ ഞങ്ങള്‍ ലൈറ്റ് ഓഫ് ആക്കി തിരിച്ചു കയറി. രാവിലെ ഡ്യൂട്ടിക് പോകാനുള്ളതിനാല്‍ ഞാന്‍ വീണ്ടും പുതപ്പിന്റെ അടിയിലേക് കയറി. ഈ സമയം എന്റെ ഭാര്യ വീണ്ടും എന്നെ വിളിച്ചു.
ഞാന്‍ നോക്കുമ്പോള്‍ അവള്‍ ബെഡ് റൂമിലെ ബ്ലൈന്‍ഡ് മാറ്റി മുറ്റത്തേക്കു നോക്കികൊണ്ടിരിക്കുന്നു. . സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തില്‍ ഗേറ്റ് മലര്‍ക്കെ തുറന്നു കിടക്കുന്നത് അവള്‍ ശ്രദ്ധിച്ചു.
അവള്‍ പറഞ്ഞു. ‘ഞാന്‍ ഇന്നലെ ഗേറ്റ് അടച്ചതാണല്ലോ, ഇപ്പോ ഇതെങ്ങനാ തുറന്നെ? ‘

അപ്പോള്‍ ചില അസ്വഭാവികതള്‍ മണത്തു തുടങ്ങി. എന്ത് ചെയ്യണമെന്നറിയാത്തതിനാല്‍ ഞങ്ങളുടെ ഉറ്റ സൃഹുത്തുമായ അച്ചായനെ വിളിച്ചു നോക്കി.
ഭാഗ്യം ഫോണ്‍ എടുത്തു, സംഭവങ്ങള്‍ എല്ലാം വിവരിച്ചു.

അച്ചായന്‍ പറഞ്ഞു, ‘നിങ്ങള്‍ ഒരു കാരണവശാലും താഴേക്കു ഇറങ്ങരുത്. ഉടനെ ഗാര്‍ഡയെ (ഐറിഷ് പോലീസ്) വിവരം അറിയിക്ക് , എന്നിട്ട് ഞങ്ങളെ വിളിക്കു’.
ഫോണ്‍ വെച്ച ഉടനെ തന്നെ ഞാന്‍ ഗാര്‍ഡയെ വിളിച്ചു.
ഓഫീസര്‍ ഉടനെ തന്നെ ചില നിര്‍ദേശങ്ങള്‍ തന്നു. ‘ഞങ്ങള്‍ വരുന്നത് വരെ നിങ്ങള്‍ ബെഡ് റൂമില്‍ നിന്ന് ഇറങ്ങരുത്.’ (ഞങ്ങള്‍ താഴെ ഇറങ്ങിയ കാര്യം അവരോട് പറഞ്ഞില്ല).

ജനലിലൂടെ ഗാര്‍ഡയുടെ വരവും കാത്തു ഞങ്ങള്‍ കണ്ണും നട്ട് ഇരുന്നു. 3 മിനിറ്റ് കഴിഞ്ഞപ്പോള്‍ 3 കാര്‍ നിറയെ ഗാര്‍ഡ എത്തി.
ഗാര്‍ഡ എന്ന് വെച്ചാല്‍ നല്ല ഒന്നാംതരം Armed Gardae! .. എല്ലാവരും ആജാനുബാഹുക്കള്‍. കയ്യില്‍ പിസ്റ്റള്‍സും റൈഫിള്‍സും ഒക്കെ ഉണ്ട്. ഞങ്ങള്‍ താഴെ ഇറങ്ങി കതക് തുറന്നു.
ഒരു ഗാര്‍ഡ പറഞ്ഞു ‘കാറിന്റെ വിന്‍ഡ് ഷീല്‍ഡില്‍ കൈപ്പത്തി അടയാളങ്ങള്‍ ഉണ്ട് ‘. ഇതേസമയം മറ്റുള്ളവര്‍ എല്ലാ റൂമും ബാക് ഗാര്‍ഡനും അരിച്ചു പെറുക്കി. ഫ്രന്റ് ഡോര്‍ ഏതോ ഒരു ടൂള്‍ ഉപയോഗിച്ച് കുത്തി തുറന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തന്നു.

ഇറങ്ങുന്നതിനു മുന്‍പ് സെര്‍ജന്റ് വന്നു പറഞ്ഞു. ‘ഇത് ഒരു ഓര്‍ഗനൈസ്ഡ് ക്രൈം ആണ്. അന്നേ രാത്രി 6 ഓളം ബ്ലാക്ക് പസ്സാറ്റ് കാറുകള്‍ മോഷണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ അവര്‍ വന്നത് നിന്റെ കാര്‍ മോഷിടിക്കാനാണ്. ഇനി വരാനിടയില്ല. നിങ്ങള്‍ കതക് അടച്ചു കിടന്നോളു. എന്തേലും ഉണ്ടെങ്കില്‍ വിളിച്ചാല്‍ മതി’.

സാധരണ ഡ്യൂട്ടി കഴിഞ്ഞു വന്നാല്‍ കാറിന്റെ കീ അലക്ഷ്യമായി താഴെ എവിടെങ്കിലും ഇടുന്ന ഞാന്‍, അന്നേ രാത്രി കീ ബെഡ്‌റൂമില്‍ ആണ് വെച്ചത്. അതുകാരണം മോഷണം പോയില്ല.

ഇത് ഒരു സംഭവം.
അടുത്തത് ഞാന്‍ നൈറ്റ് ഡ്യൂട്ടിയില്‍ ആയിരിക്കുമ്പോള്‍ രാത്രി 12 മണി കഴിഞ്ഞപ്പോള്‍ ഭാര്യയുടെ കോള്‍. വീടിന്റെ അലാറം അടിക്കുന്നു .. (പഴയ സംഭവത്തിനു ശേഷം ലാന്‍ഡ്‌ലോര്‍ഡ് പുതിയ സെക്യൂരിറ്റി അലാറം ഫിറ്റ് ചെയ്ത് തന്നാരുന്നു). അവളാണേല്‍ വീട്ടില്‍ 3 മാസം പ്രായമായ കുഞ്ഞുമായി തനിച്.. ഉടനെ ഞാന്‍ ഗാര്‍ഡയെ വിളിച്ചു. ഏകദേശം 4 മിനിറ്റിനുള്ളില്‍ ഗാര്‍ഡ സ്ഥലത്തു എത്തി പരിശോധിച്ചു (That was a technical problem of the Alarm, No itnruders).

ഇതെല്ലം ഇവിടെ പറഞ്ഞത് എന്തിനാണെന്നല്ലേ ??
പറയാം..

ലിഗ… അയര്‍ലന്‍ഡില്‍ നിന്നും ഫെബ്രുവരി മൂന്നിന് തന്റെ സഹോദരി ഇല്‍സിക്കൊപ്പം ആയുര്‍വേദ ചികത്സയ്ക്കായി കേരളത്തില്‍ എത്തിയതാണ്. മാര്‍ച്ച് 14 നു ലിഗയെ കാണാതാവുന്നു. ഇല്‍സിയും ഭര്‍ത്താവ് ആന്‍ഡ്രൂവും അന്നുമുതല്‍ അന്വേഷണം ആരംഭിച്ചതാണ്.

ലോക്കല്‍ പോലീസ് സ്റ്റേഷനിലും എന്തിനു മുഖ്യമന്ത്രിയുടെ ഓഫീസിലും ഡിജിപി യുടെ ഓഫീസിലും വരെ സഹായത്തിനായി എത്തി കേണപേക്ഷിച്ചു.. നാട് നാടംതരം പോസ്റ്ററുകള്‍ ഒട്ടിച്ചു.
ഇപ്പോളിതാ അഴുകിയ മൃതു ദേഹം കണ്ടെത്തിയിരിക്കുന്നു.

ഇതിനോടനുമ്പതിച്ച മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തികച്ചും വേദനാജനകമാണ്. നാട്ടില്‍ അവര്‍ നേരിട്ട അവഗണനകളും, പോലീസ് കുറച്ചുകൂടി proactive ആയിരുന്നെങ്കില്‍ ലിഗയെ ജീവനോടെ കണ്ടെത്താമായിരുന്നു എന്നൊക്കെ ഉള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ശരിക്കും ഹൃദയം വേദനിക്കുന്നു.

സത്യാവസ്ഥ എന്താണെന്നു എനിക്കറിയില്ല. കൊലപാതകമാണോ അതോ സ്വഭാവിക മരണമാണോ എന്നും അറിയില്ല. എങ്കിലും കേരളത്തിന്റെ പൈതൃകം കാണാനും അനുഭവിക്കാനുമായി വരുന്ന വിദേശ യാത്രക്കാര്‍.. അവര്‍ സുരക്ഷിതരാണോ? അവര്ക് അര്‍ഹികപെട്ട സേവനങ്ങള്‍ ലഭിക്കുന്നുണ്ടോ?

ഞാനുള്‍പ്പെടെ ലക്ഷകണക്കിന് ഇന്ത്യക്കാര്‍ അയര്‌ലന്ഡിലുണ്ട്. അതില്‍ പതിനായിരക്കണക്കിന് മലയാളികള്‍ ഉണ്ട്. ഇവിടെ സ്വദേശിയര്‍ എന്നോ വിദേശീയര്‍ എന്നോ വേര്‍തിരിവില്ലാതെ എല്ലാവര്ക്കും സുരക്ഷിതത്വം കൊടുക്കാന്‍ ഇവിടുത്തെ ഗവണ്‍മെന്റ് ആവുന്നത് ശ്രമിക്കുന്നുണ്ട്. ആവശ്യത്തിന് ആള്‍ബലം ഇല്ലാഞ്ഞിട്ടു പോലും, ഇവിടുത്തെ പോലീസ് ഡിപ്പാര്‍ട്‌മെന്റ് ഒരു പരിധി വരെ അത് ചെയ്യുന്നുമുണ്ട്.

ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. ഞങ്ങളുടെ മക്കള്‍ ഇവിടെ സുരക്ഷിതരാണ്. ഇനിയും അത് അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ..

കേരള ഗവണ്‍മെന്റിനോട് ഒരപേക്ഷ.
നിങ്ങള്‍ കോടികള്‍ മുടക്കി കേരള ടൂറിസത്തിനു ഒരു ബ്രാന്‍ഡ് ഇമേജ് ഉണ്ടാക്കി കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കണ്ട് വരുന്ന യാത്രക്കാര്‍ക് ആവശ്യമായ സുരക്ഷിതത്വം ഉറപ്പു വരുത്തുക. മനുഷ്യര്‍ക്കു മാനുഷിക മൂല്യം കൊടുക്കുക..

ഇനി ഒരു ലിഗയോ ജിഷയോ ശ്രീജിത്തോ ഉണ്ടാകാതിരിക്കട്ടെ!

Share this news

Leave a Reply

%d bloggers like this: