അയര്‍ലണ്ടില്‍ പതിനായിരത്തിലധികം BMW കാറുകള്‍ തിരികെ വിളിക്കുന്നു; കാരണം ഞെട്ടിക്കുന്നത്

ജര്‍മന്‍ കാര്‍ നിര്‍മാതാവായ BMW അയര്‍ലണ്ടില്‍ പതിനായിരത്തിലധികം കാറുകള്‍ തിരികെ വിളിക്കുന്നു. അപകടങ്ങള്‍ക്ക് വഴിവെക്കാവുന്ന ഗുരുതരമായ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാറുകള്‍ തിരികെ വിളിക്കാന്‍ കമ്പനി തീരുമാനിച്ചത്. ഓടുന്നതിനിടയില്‍ ഇലക്ട്രിക്കല്‍ സിസ്റ്റത്തിലുണ്ടാകുന്ന തകരാര്‍ മൂലം എന്‍ജിന്‍ അപ്രതീക്ഷിതമായി നിന്നുപോകുന്നതാണ് പ്രശ്‌നം. ഈ തകരാര്‍ കാരണമുണ്ടായ അപകടത്തില്‍ യുകെയില്‍ ഒരു മുന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 36,140 പെട്രോള്‍ കാറുകള്‍ കമ്പനി തിരികെ വിളിക്കുകയും ചെയ്തു.

എന്നാല്‍ 2007 മാര്‍ച്ചിനും 2011 സെപ്റ്റംബറിനുമിടയില്‍ നിര്‍മിച്ച വണ്‍ സീരീസ്, 3 സീരീസ്, Z4, X1 പെട്രോള്‍, ഡീസല്‍ മോഡലുകളിലെല്ലാം ഈ സുരക്ഷാപ്രശ്നമുണ്ടെന്ന് വ്യക്തമായതോടെ യുകെയില്‍ 3,12,000 കാറുകള്‍ തിരികെ വിളിച്ചിരിക്കുകയാണ്. അയര്‍ലണ്ടില്‍ 10,602 കാറുകളില്‍ ഈ തകരാര്‍ ബാധിച്ചിട്ടുള്ളതായാണ് കമ്പനിയുടെ പ്രാഥമിക നിഗമനം. അതേസമയം കൃത്യമായ കണക്കുകള്‍ക്കായി ഐറിഷ് ഗതാഗത വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.

2016 ക്രിസ്മസ് ദിനത്തിലാണ് യുകെയില്‍ നാരായണ്‍ ഗുരുങ് എന്ന് മുന്‍ ഗൂര്‍ഖ സൈനികന്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. എന്‍ജിന്‍ നിലച്ചതുമൂലം നടുറോഡില്‍ നിന്നുപോയ ഒരു ബിഎംഡബ്ല്യു ബ്ലാക്ക് 3 സീരീസ് കാറില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കാര്‍ ഒരു മരത്തില്‍ ഇടിക്കുകയായിരുന്നു. ഇലക്ട്രിക്കല്‍ തകരാറാണ് കാര്‍ നിന്നുപോകാന്‍ കാരണമായത്. ബ്രേക്ക്ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. അപകടത്തിനു പിന്നാലെ ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഈ തകരാര്‍ ബിഎംഡബ്ല്യു കാറുകളില്‍ വ്യാപകമായുണ്ടാകാനിടയുണ്ടെന്ന് വ്യക്തമായത്.

അയര്‍ലണ്ടില്‍ തകരാര്‍ സംഭവിച്ചിട്ടുള്ള കാറുടമകളെ അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കമ്പനി ബന്ധപ്പെടുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും സഹായത്തിനും തൊട്ടടുത്തുള്ള ബിഎംഡബ്ല്യു ലോക്കല്‍ ഡീലറിനെ സമീപിക്കാവുന്നതും കസ്റ്റമര്‍ കെയര്‍ നമ്പറായ 1890 719 421 ല്‍ ബന്ധപ്പെടാവുന്നതുമാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഒരു പ്ലഗ് മാറ്റിവെച്ചാല്‍ മാത്രം മതിയാകുമെന്നതിനാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിക്കാനാകുമെന്നും വക്താവ് പറഞ്ഞു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: