കര്‍ണാടകയില്‍ ഇന്ന് ജനവിധി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വൈകീട്ട്

കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് പിന്നാലെ വിവിധ മാധ്യമങ്ങളും ഏജന്‍സികളും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കും വിധം നിര്‍ണായകമാകും കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനത ദള്‍ എസും ശക്തമായ മത്സരം കാഴ്ച വയ്ക്കാമെന്ന പ്രതീക്ഷയില്‍ രംഗത്തുണ്ട്. സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നു – ചാമുണ്ഡേശ്വരിയിലും ബദാമിയിലും. ബിജെപി അധ്യക്ഷന്‍ ബിഎസ് യെദിയൂരപ്പ ശിക്കാരിപുരയില്‍ നിന്നാണ് ജനവിധി തേടുന്നത്. എച്ച്ഡി കുമാരസ്വാമി ചന്നപട്ടണയില്‍ മത്സരിക്കുന്നു.

224 മണ്ഡലങ്ങളില്‍ രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടക നിയമസഭയിലുള്ളത്. ബംഗളൂരു നഗരത്തിന്റെ ഭാഗമായ രണ്ട് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് മാറ്റി വച്ചത്. നഗരത്തിലെ ഫ്ളാറ്റില്‍ നി്ന്ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്ക് മാറ്റി. ഇവിടെ 31നാണ് വോട്ടെണ്ണല്‍ നടക്കുക. ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

4.9 കോടി പേരാണ് ഇത്തവണ കര്‍ണാടകയില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുക. 2013നേക്കാള്‍ 12 ശതമാനം അധികം വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ആറ് മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാര്‍ഥികളാണ് മത്സരിക്കുക. ഒന്നര ലക്ഷത്തിലേറെ വോട്ടിംഗ് യന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വോട്ടു റസീറ്റ് (വിവിപാറ്റ്) യന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ബംഗളൂരുവില്‍ ഏഴിടത്ത് എം-3 മോഡല്‍ വോട്ടിങ് യന്ത്രം പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ഉപയോഗിക്കുന്നു. യന്ത്രത്തില്‍ എന്തെങ്കിലും ക്രമക്കേട് നടന്നാല്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഈ മോഡല്‍. മേയ് 15നാണ് കര്‍ണാടകയില്‍ വോട്ടെണ്ണല്‍.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: