സ്പെയിനില്‍ അവിശ്വാസ വോട്ടെടുപ്പില്‍ മറിയാനോ റജോയ് പുറത്ത്; പെഡ്രോ സാഞ്ചസ് പുതിയ പ്രധാനമന്ത്രി

വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം നഷ്ടമായ സ്‌പെയിന്‍ പ്രധാനമന്ത്രി മരിയാനോ റജോയ് രാജിവെച്ചു. സ്‌പെയിന്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയായ പി.എസ്.ഒ.ഇ. നേതാവ് പെഡ്രോ സാഞ്ചസാണ് പുതിയ പ്രധാനമന്ത്രി. റജോയിയുടെ പീപ്പിള്‍സ് പാര്‍ട്ടി(പി.പി.) നേതാക്കള്‍ക്കുനേരെയുള്ള അഴിമതിയാരോപണങ്ങള്‍ സ്‌പെയിന്‍ പരമോന്നതകോടതി ശരിവെച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

350 അംഗ പാര്‍ലമെന്റില്‍ 84 സീറ്റുകള്‍ മാത്രമുള്ള സാഞ്ചസിന് വോട്ടെടുപ്പില്‍ 180 എം.പി.മാരുടെ പിന്തുണ ലഭിച്ചു. 169 എം.പി.മാര്‍ റജോയിയെ പിന്തുണച്ചപ്പോള്‍ ഒരാള്‍ വിട്ടുനിന്നു. ഏഴുവര്‍ഷമായി അധികാരത്തിലുള്ള റജോയ് രാജ്യത്തിന്റെ ചരിത്രത്തില്‍ അവിശ്വാസവോട്ടെടുപ്പിലൂടെ സ്ഥാനംനഷ്ടമാകുന്ന ആദ്യ പ്രധാനമന്ത്രിയാണ്. പ്രതിപക്ഷത്തുള്ള ബാസ്‌ഖ്വെ നാഷണലിസ്റ്റ് പാര്‍ട്ടി(പി.എന്‍.വി.)യും പോഡമോസ് പാര്‍ട്ടിയും സ്വതന്ത്ര കാറ്റലോണിയയ്ക്കായി പ്രവര്‍ത്തിക്കുന്ന രണ്ടുപാര്‍ട്ടികളും സാഞ്ചസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതോടെയാണ് റജോയിക്ക് കാലിടറിയത്.

സ്‌പെയിനില്‍ താമസിയാതെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റ സാഞ്ചസ് പറഞ്ഞു. സാമൂഹിക-വിദ്യാഭ്യാസ മേഖലകളില്‍ ചില പരിഷ്‌കരണപദ്ധതികള്‍ നടപ്പാക്കാനായി ഏതാനുംമാസം പദവിയില്‍ തുടരുമെന്നും അതിനുശേഷമാവും തിരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി. കാറ്റലോണിയയിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുമെന്നും സാഞ്ചസ് പറഞ്ഞു.

അതേസമയം, പാര്‍ലമെന്റില്‍ 84 എം.പി.മാരുടെ മാത്രം പിന്തുണയുള്ള സാഞ്ചസിന് ഭരണം പ്രതീക്ഷിച്ചപോലെ എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. അഴിമതിക്കെതിരായ പോരാട്ടത്തില്‍ ലഭിച്ച പ്രതിപക്ഷപിന്തുണ ഭരണരംഗത്തും ഉറപ്പുവരുത്താന്‍ അദ്ദേഹത്തിനുകഴിയുമോ എന്നാണ് സ്‌പെയിന്‍ കാത്തിരിക്കുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: