അഴിമതി കേസ്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്

അഴിമതി കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷ. കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് ഏഴ് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. പാക് അക്കൗണ്ടബിലിറ്റി കോടതിയുടേതാണ് ഉത്തരവ്

വരവിനെക്കാള്‍ ഉയര്‍ന്ന ആഡംബരജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു അദ്ദേഹത്തിനെതിരേയുള്ള ആരോപണം. ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ലണ്ടനില്‍ നാല് ആഡംബരഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്നും മകള്‍ മറിയം വ്യാജരേഖ ചമച്ചെന്നും കേസുകളുണ്ട്.

തൊണ്ണൂറുകളില്‍ പ്രധാനമന്ത്രിയായിരിക്കേ ഷെരീഫും കുടുംബാംഗങ്ങളും വിദേശരാജ്യത്ത് കോടികളുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2013-ലെ പൊതുതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ ദുബായ് കേന്ദ്രീകരിച്ചുള്ള ആസ്തികള്‍ മറച്ചുവെയ്ക്കുകവഴി പ്രധാനമന്ത്രി പാര്‍ലമെന്റിനെയും കോടതിയെയും വഞ്ചിച്ചതായും സുപ്രീംകോടതി പരാമര്‍ശമുണ്ടായിരുന്നു.

ഇതിന് പുറമെ, പാനമ പേപ്പറുമായി ബന്ധപ്പെട്ട കേസിലും നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് പാകിസ്താന്‍ സുപ്രീം കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, തനിക്കെതിരായ കേസിന്റെ വിചാരണ ഒരാഴ്ച വൈകിപ്പിക്കണമെന്ന് നവാസ് ഷെരീഫ് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി അദ്ദേഹത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. തനിക്ക് കേസിന്റെ വാദം നേരിട്ട് കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് വാദം നീട്ടി വയ്ക്കാന്‍ അപേക്ഷ നല്‍കിയത്. അദ്ദേഹം ഇപ്പോള്‍ മകള്‍ മറിയത്തിനൊപ്പം ലണ്ടനിലാണ് താമസം.

 

 

 

Share this news

Leave a Reply

%d bloggers like this: