ബ്രെറ്റ് കാവനോ യുഎസ് സുപ്രീംകോടതി ജഡ്ജിയാകും

വാഷിങ്ടണ്‍: യു.എസ്. സുപ്രീംകോടതി ജസ്റ്റിസ് ആന്റണി കെന്നഡി രാജിവെച്ച ഒഴിവിലേക്ക് ബ്രെറ്റ് കവനഫിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു. കൊളംബിയ ജില്ലാ അപ്പീല്‍കോടതി ജഡ്ജിയായ ബ്രെറ്റ്, മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണിന്റെപേരിലുള്ള ലൈംഗികപീഡനക്കേസ് അന്വേഷിച്ച കെന്നത്ത് സ്റ്റാറിലെ അഭിഭാഷകനുമായിരുന്നു.

ആന്റണി കെന്നഡിയുടെ ഒഴിവിലേക്ക് ട്രംപ് നിയമിക്കുന്നത് ആരെയാവുമെന്നതുസംബന്ധിച്ച് ഒരുമാസമായി അഭ്യൂഹങ്ങളും ചര്‍ച്ചയും സജീവമായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് അനുഭാവമുള്ള ബ്രെറ്റിന്റെ നിലപാട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള പല സുപ്രധാന കേസുകളിലും നിര്‍ണായകമാണ്. ഗര്‍ഭച്ഛിദ്രം, തോക്കുപയോഗം തുടങ്ങിയ കേസുകളാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളത്.

നിലവില്‍ റിപ്പബ്ലിക്കുകള്‍ക്ക് മേല്‍ക്കോയ്മയുള്ള പാനലില്‍ ബ്രെറ്റിന്റെ നിയമനം കാര്യമായ മാറ്റമുണ്ടാക്കില്ല. എന്നാല്‍, കൂടുതല്‍ യാഥാസ്ഥിതികമായ വിധികളാവും ഗര്‍ഭച്ഛിദ്രമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സുപ്രീംകോടതിയില്‍നിന്ന് ഇനിയുണ്ടാവുക. ഇന്ത്യന്‍ വംശജനായ അമല്‍ തപാറ ഉള്‍പ്പെടെയുള്ള 25 അംഗ ചുരുക്കപ്പട്ടികയില്‍നിന്നാണ് ട്രംപ് ബ്രെറ്റിനെ തിരഞ്ഞെടുത്തത്. സുപ്രീംകോടതിയിലെ ഒന്പതു ജഡ്ജിമാരുടെയും നിയമനം ആജീവനാന്ത കാലത്തേക്കാണ്. കാവനോ കൂടി വരുന്‌പോള്‍ അഞ്ച് യഥാസ്ഥിതിക ജഡ്ജിമാരും നാലു ലിബറല്‍ ജഡ്ജിമാരും സുപ്രീംകോടതിയിലുണ്ടാകും. അന്പത്തിമൂന്നുകാരനായ കാവനോയ്ക്ക് ഏറെ നാള്‍ പദവിയില്‍ തുടരാനാകും.

സുപ്രീം കോടതിയില്‍ ഇപ്പോള്‍ത്തന്നെ റിപ്പബ്ലിക്കന്‍ മേധാവിത്വമുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ തുടങ്ങിയ വിവാദവിഷയങ്ങളില്‍ അനുകൂല നിലപാടെടുത്തു കെന്നഡി പലപ്പോഴും വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഈ വിഷയങ്ങളില്‍ കടുത്ത എതിര്‍പ്പുള്ള റിപ്പബ്ലിക്കന്‍ നയമാകും കവനോയുടേത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തിലുള്‍പ്പെടെ ട്രംപിന് ഇദ്ദേഹത്തിന്റെ പിന്തുണ ഉറപ്പാണ്.

മേരിലാന്‍ഡിലെ കൊളംബിയ ഡിസ്ട്രിക്ട് അപ്പീല്‍ കോടതിയില്‍ 12 വര്‍ഷമായി ജഡ്ജിയാണ് കാവനോ. നേരത്തെ ജോര്‍ജ് ഡബ്ല്യു. ബുഷ് സര്‍ക്കാരില്‍ അസോസിയേറ്റ് കോണ്‍സല്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കത്തോലിക്കാ മതവിശ്വാസിയാണ്. നിയമം നിര്‍മിക്കുകയല്ല, വ്യാഖ്യാനിക്കുകയാണ് ജഡ്ജിയുടെ കടമയെന്നു കാവനോ കഴിഞ്ഞദിവസം വ്യക്തമാക്കുകയുണ്ടായി. ഭരണഘടനാധിഷ്ഠിത റിപ്പബ്ലിക്കിന്റെ നെറുകയിലെ ഉജ്വല രത്‌നമാണ് സ്വതന്ത്ര ജുഡീഷറിയെന്നു സെനറ്റര്‍മാരെ ബോധ്യപ്പെടുത്താന്‍ താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: