നെറ്റ് നൂട്രാലിറ്റിക്ക് ടെലികോം കമ്മീഷന്റെ അംഗീകാരം

 

ഇന്റര്‍നെറ്റ് സേവനങ്ങളില്‍ വിവേചനം തടയുന്ന നെറ്റ് നൂട്രാലിറ്റിക്ക് ടെലികോം കമ്മീഷന്റെ അംഗീകാരം. ചില സൈറ്റുകള്‍ക്ക് മാത്രം ഫ്രീ ആക്സസ് നല്‍കിയും പ്രത്യേക സ്പീഡ് അനുവദിച്ചും മറ്റ് കണ്ടന്റുകള്‍ ബ്ലോക്ക് ചെയ്തും പെയ്ഡ് സര്‍വീസാക്കി മാറ്റിയുമെല്ലാമുള്ള പദ്ധതികള്‍ക്കെതിരെ ആഗോളതലത്തില്‍ ഉയര്‍ന്നുവന്ന കാംപെയിനാണ് സ്വതന്ത്ര ഇന്റര്‍നെറ്റ് ഉപയോഗത്തിന് വേണ്ടി വാദിക്കുന്ന നെറ്റ് നൂട്രാലിറ്റി. എന്നാല്‍ റിമോട്ട് സര്‍ജറി, ഓട്ടോണമസ് കാര്‍സ് തുടങ്ങിയ സര്‍വീസുകള്‍ക്ക് നെറ്റ് നൂട്രാലിറ്റി ബാധകമായിരിക്കില്ല.

നെറ്റ് നൂട്രാലിറ്റി സംബന്ധിച്ച് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) 2016ല്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. ട്രായുടെ ഉപദേശ പ്രകാരമാണ് നെറ്റ് നൂട്രാലിറ്റിക്ക് അംഗീകാരം നല്‍കുന്നതെന്ന് ടെലികോം വകുപ്പ് സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. ഇന്റര്‍നെറ്റിന്റെ സ്വതന്ത്ര ഉപയോഗം തടയുന്ന കരാറുകളില്‍ ഏര്‍പ്പെടുന്ന സര്‍വീസ് പ്രൊവൈഡര്‍ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രായ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പുതിയ ടെലികോം നയവും കമ്മീഷന്‍ പ്രഖ്യാപിച്ചു. നാഷണല്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018, കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അരുണ സുന്ദരരാജന്‍ പറഞ്ഞു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും 2018 ഡിസംബറിനുള്ളില്‍ വൈഫൈ ഹോട്സ്പോട്ടുകള്‍ ലഭ്യമാക്കാന്‍ ടെലികോം കമ്മീഷന്‍ തീരുമാനിച്ചു. 12.5 ലക്ഷം വൈഫൈ ഹോട്ട് സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി 6000 കോടി രൂപ വയബിളിറ്റി ഗാപ് ഫണ്ടിംഗ് വഴിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: