കത്തിയെരിഞ്ഞ് യൂറോപ്പ് ; താപനില 40 ന് മുകളിലേക്ക്

മാഡ്രിഡ് : യൂറോപ്പില്‍ ചൂട് തരംഗം റെക്കോര്‍ഡ് വര്‍ദ്ധനവിലേക്ക്. കഴിഞ്ഞ ആഴ്ചകളില്‍ മഴ തിമിര്‍ത്താടിയ ബ്രിട്ടനില്‍ പോലും ചൂട് വീണ്ടും തിരിച്ചെത്തുന്നു. പോര്‍ചുഗലിലും, സ്‌പെയിനിലും കാട്ട് തീ പടര്‍ന്ന് പിടിക്കുന്നുണ്ട്. രണ്ടാഴ്ച മുന്‍പ് ഗ്രീസില്‍ ഉണ്ടായ തീപിടുത്തത്തില്‍ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്വിറ്റ്‌സര്‍ലാന്‍ഡിലും കാട്ട് തീ മുന്നറിയിപ് നല്‍കിക്കഴിഞ്ഞു.

ഫിന്‍ലന്‍ഡിലും, പോളണ്ടിലും ഇതേ സാഹചര്യമാണ് നിലവിലുള്ളത്. യൂറോപ്പ് മെഡിറ്ററേനിയന്‍ കാലാവസ്ഥയില്‍ നിന്നും ചൂട് കൂടിയ താപനിലയിലേക്ക് മാറിയതോടെ ജനജീവിതം ദുസ്സഹമായി തുടങ്ങി. ഭൂമധ്യരേഖ പ്രദേശത്ത് അനുഭവപ്പെടുന്ന ചൂടാണ് നിലവില്‍ യൂറോപ്പില്‍ നിലനില്‍ക്കുന്നത്. പോര്‍ട്ടുഗലില്‍ പ്രഭാതങ്ങളില്‍ പോലും കഠിന ചൂട് അനുഭവപ്പെടുകയാണ്.

ഇവിടെ നിരവധി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വില്പന ഇല്ലാത്ത സമയത്തു ശീതികരിച്ച മുറികള്‍ സാധാരണക്കാര്‍ക്ക് വേണ്ടി തുറന്നു കൊടുക്കുന്നുണ്ട്. സൂര്യാഘാതം ഏറ്റ് നിരവധി ആളുകള്‍ പല ആശുപത്രികളില്‍ തുടരുകയാണ്. 1976ന് ശേഷമാണ് ഇത്തരത്തില്‍ ഒരു ചൂട് കൂടിയ കാലാവസ്ഥക്ക് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്. ഫാര്‍മുകളില്‍ വളര്‍ത്തുന്ന ആട് -മാടുകള്‍ക്ക് ഭക്ഷണത്തിനൊപ്പം ഐസ്‌ക്യൂബുകളും ഉള്‍പ്പെടുത്തിയാണ് ഇവയുടെ ശരീര താപനില നിയന്ത്രിക്കുന്നത്.

വെയില്‍ ഏല്‍ക്കാന്‍ ബീച്ചുകളില്‍ എത്തുന്ന യൂറോപ്പുകാര്‍ പുറത്തിറങ്ങുന്നത് ഇപ്പോള്‍ അള്‍ട്രാ വയലെറ്റ് രശ്മികളെ ചെറുക്കുന്ന കുടകളുമായാണ്. ആഗോളതാപനം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ബാധിച്ചത് യൂറോപ്പിനെയും, വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളെയുമാണ്. അടുത്തിടെ അല്പം ചൂട് കുറഞ്ഞ അയര്‍ലണ്ടില്‍ വീണ്ടും ചൂട് കൂടുന്നതായി കാണാം. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സേനയ്ക്ക് യൂണിഫോമിന് പകരം ടി -ഷര്‍ട്ടും, ഇറക്കം കുറഞ്ഞ പാന്റ്‌സും ധരിക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കി.

ഡികെ

Share this news

Leave a Reply

%d bloggers like this: