കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് അങ്ങനെ ഒന്നാമതെത്തിയിരിക്കുന്നു. ഫെയ്സ്ബുക്കിലെ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ ഇന്ത്യയിലെ ഒന്നാമത്തെ പോലീസ് ഫെയ്സ്ബുക്ക് പേജ് എന്ന ഖ്യാതി ഇനി കേരളാ പോലീസിന് സ്വന്തം. ബാംഗ്ലൂര്‍ സിറ്റി പോലീസിന്റെ 6.26 ലക്ഷത്തെ മറികടന്ന് കേരളാ പോലീസ് ഒന്നാമതെത്തിയത്. 6,30,000 ന് മുകളിലാണ് ഇപ്പോള്‍ കേരളാ പോലീസ് പേജിന്റെ ലൈക്കുകളുടെയും ഫോളോവര്‍മാരുടേയും എണ്ണം.
കേരളാ പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പേജിന്റെ ലൈക്ക് 6,00,000 എത്തിയിരുന്നു. ഒരു സര്‍ക്കാര്‍ ഏജന്‍സിയുടെ ഗൗരവ ഭാവങ്ങളൊന്നുമില്ലാതെ ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും യുവാക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയെടുക്കാന്‍ കഴിഞ്ഞ ഫെയ്സ്ബുക്ക് പേജാണ് കേരളാ പോലീസിന്റേത്.
സന്ദേശങ്ങളും, ഉപദേശങ്ങളും, മുന്നറിയിപ്പുകളും, എന്തിന് അല്പ സ്വല്പം ഭീഷണിയുമെല്ലാം തമാശയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാന്‍ വിദഗ്ദരാണ് കേരളാ പോലീസ് പേജിന് പിന്നിലുള്ളവര്‍. പേജില്‍ പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ക്ക് വന്‍ ജനപ്രീതിയാണുള്ളത്. തമാശകളിലൂടെയും, കമന്റുകള്‍ക്ക് ലഭിക്കുന്ന അതിവേഗ മറുപടികളിലൂടെയും പേജിനെ സജീവമാക്കി നിര്‍ത്തിയതാണ് ചുരുങ്ങിയ കാലയളവില്‍ ഇത്രയധികം ലൈക്ക് പേജിന് നേടിക്കൊടുത്തത്. ഒരോ സന്ദേശങ്ങള്‍ക്കും കമന്റുകള്‍ക്കും പേജില്‍ നിന്നും നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടി ലഭിക്കും.
നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച കേരളാ പോലീസ് മൂന്നുകോടിയില്‍ പരം ജനങ്ങളുള്ള കേരളത്തില്‍ പോലീസിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനായി പേജ് കൂടുതല്‍ ജനകീയമാക്കുന്നതിന് പ്രിയപ്പെട്ട ചങ്കുകളുടെ സഹകരണം തുടര്‍ന്നും വേണമെന്നും ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.
എ എം