കേരളത്തിലെ പ്രളയ ദുരിതം: ഇയു ഫണ്ടിനായി ഓണ്‍ലെന്‍ പെറ്റിഷന്‍

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പ്രളയ ദുരിതത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമേകാന്‍ ഇയു ഫണ്ടിനായി ഓണ്‍ലൈന്‍ പെറ്റിഷന്‍ തയ്യാറാകുന്നു. ദുരിതനുഭവിക്കുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇയുവിന് ഈ ഹര്‍ജി സമര്‍പ്പിക്കുന്നത്. കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അസാധാരണവും അപ്രതീക്ഷിതവുമായ അത്തരമൊരു കൊടുംദുരന്താനുഭവത്തെയാണ്. 10 ദിവസത്തിനിടെ 164 പേര്‍ക്ക് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായെന്നാണ് സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍. ആകെ 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി 52, 856 കുടുംബങ്ങളിലെ 2, 23, 000 ആളുകളാണ് ഉള്ളത്. പ്രളയബാധിതമേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പ്രളയത്തിന്റെ കെടുതി ഒരിക്കലും അനുഭവിക്കാത്തവര്‍ക്ക് സങ്കല്‍പിക്കാനാവാത്തതാണ് നമുക്കൊപ്പമുള്ള പതിനായിരക്കണക്കിനു പേര്‍ ഇപ്പോള്‍ അനുഭവിക്കുന്ന നഷ്ടവും സങ്കടവും ബുദ്ധിമുട്ടും. റോഡുകള്‍ തകര്‍ന്ന് പുറംലോകത്തേക്കുള്ള സഞ്ചാരമാര്‍ഗങ്ങളെല്ലാം അടഞ്ഞ്, ഭക്ഷണപദാര്‍ഥങ്ങളെല്ലാം തീര്‍ന്ന്, വിശന്നും കരഞ്ഞും പേടിച്ചും കഴിയുന്നവര്‍പോലും അക്കൂട്ടത്തിലുണ്ട്. കെടുതിപ്രദേശങ്ങളിലെ എല്ലാവരും ദുരിതാശ്വാസ ക്യാംപുകളില്‍ എത്തുന്നില്ലെന്നത് ഒരു യാഥാര്‍ഥ്യമാണ്. ക്യാംപുകളില്‍ എത്തുന്നവരില്‍ ചിലരാകട്ടെ, വീടും സ്വര്‍ണവും കൃഷിയുമെല്ലാം നഷ്ടപ്പെട്ട് ഇനിയുള്ള ജീവിതംതന്നെ വഴിമുട്ടിയവരും.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു ചെയ്യാന്‍ ഏറെ പരിമിതികളുണ്ട്. ദുരിതബാധിതര്‍ക്ക് ആവശ്യമായ ശുദ്ധജലവും ഭക്ഷണവും മരുന്നുകളും യഥേഷ്ടം ലഭ്യമാക്കണം. വ്യാപകമായുണ്ടായ കൃഷിനാശത്തിലെ നഷ്ടം കണക്കാക്കി തുടര്‍നടപടികളിലേക്കു കടക്കുകയും വേണം. വീടുകള്‍ തകര്‍ന്നവരും ഒട്ടേറെയാണ്. ഇതുവരെയുണ്ടാക്കിയതെല്ലാം പ്രളയം കവര്‍ന്നെങ്കിലും അവരുടെ ജീവിതം ഇനിയും തളിരിട്ടേതീരൂ. വെള്ളപ്പൊക്കത്തെയും അനിയന്ത്രിതമായ മണ്ണിടിച്ചിലുകളെയും തടയാന്‍ അപര്യാപ്തമായ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും ഉദ്യോഗസ്ഥരുമാണ് നിലവിലുള്ളത്. പലര്‍ക്കും ഞങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധപെടാന്‍ കഴിഞ്ഞിട്ടില്ല, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെങ്കിലും ആവശ്യമായ പിന്തുണ നല്‍കാന്‍ ആര്‍ക്കും കഴിയുന്നില്ല.

കഴിഞ്ഞ ഓഗസ്റ്റ് എട്ട് മുതലാണ് കേരളത്തില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ആരംഭിച്ചത്. പല സ്ഥലങ്ങളിലും വ്യോമ, റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്തെ മിക്കവാറും എല്ലാ ജില്ലകളിലും പൊതു ഗതാഗതം നിശ്ചലമായി. ആശുപത്രികളിലും ദുരിതാശ്വാസക്യാമ്പുകളിലും ഭക്ഷണം, ശുദ്ധജലം, വൈദ്യസഹായം എന്നിവ ലഭ്യമാക്കാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും ഇന്ധനം ഇല്ല. കേരള സംസ്ഥാനം 20,000 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.

ഇത്രയും കലുഷിതമായ സാഹചര്യത്തില്‍ കേരളത്തിലെ നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക്, യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ആധുനിക സാങ്കേതിക സഹായങ്ങള്‍, ഹൈ എന്‍ഡ് മെഷിനറി, സാമ്പത്തിക സഹായം, മരുന്നുകള്‍, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിനാണ് ഈ പെറ്റിഷന്‍ തയ്യാറാക്കുന്നത്. നൂറ്റാണ്ടുകണ്ട കൊടുംപ്രളയത്തെ നേരിടാനുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. ലോകരാജ്യങ്ങളുടെ സഹായം ഈ അവസരത്തില്‍ കേരളത്തിന് ആവശ്യമുണ്ട്. ഇതിലേക്ക് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെ ശ്രദ്ധ ചെലുത്താനാണ് ഈ ഓണ്‍ലെന്‍ പെറ്റിഷന്‍ തയാക്കുന്നത്. ലിങ്ക് തുറന്ന ശേഷം പേര്, ഇമെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ പെറ്റിഷനില്‍ ഒപ്പിടാന്‍ കഴിയും.

ഓണ്‍ലൈന്‍ പെറ്റിഷനില്‍ ഭാഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Share this news

Leave a Reply

%d bloggers like this: