ഭാരത് ബന്ദിന് തുടക്കമായി; കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

ഡല്‍ഹി: ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ചില സംസ്ഥാനങ്ങളില്‍ ട്രെയിന്‍ അടക്കമുള്ള വാഹന ഗതാഗതം തടയുന്നുണ്ട്. പ്രതിപക്ഷത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണ് ബന്ദ് കാര്യമായി ബാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമാണ്.

ബിഹാറില്‍ ബന്ദ് അനുകൂലികള്‍ രാവിലെ ട്രെയിനുകള്‍ തടഞ്ഞു. മിക്കവാറും ദേശീയപാതകളെല്ലാം തടസ്സപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ ബന്ദിനെ നേരിടുന്നതിന് വലിയതോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ജോലിക്ക് ഹാജരാകാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം നല്‍കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യവ്യാപക ബന്ദിന്റെ ഭാഗമായി ഡല്‍ഹി രാജ്ഘട്ടില്‍ 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്ന് ധര്‍ണ നടത്തും. ബന്ദ് നടക്കുന്ന ഒമ്പത് മണി മുതല്‍ മൂന്നു മണിവരെയാണ് ധര്‍ണ. ഭാരത ബന്ദിന്റെ ഭാഗമായി കേരളത്തില്‍ രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുമണിവരെ ഹര്‍ത്താല്‍ നടക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല. നഗരപ്രദേശങ്ങളില്‍ കടകള്‍ മിക്കതും അടഞ്ഞുകിടക്കുകയാണ്. കോണ്‍ഗ്രസും സിപിഎമ്മും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രളയ ബാധിത മേഖലകളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാണ് ബന്ദിന്റെ സമയം ക്രമീകരിക്കാന്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു. ഇന്ധന വിലയിലും എക്‌സൈസ് ഡ്യൂട്ടിയിലും ഉള്ള വര്‍ദ്ധനവാണ് ബന്ദിന്റെ കാരണങ്ങള്‍. ബിജെപി സാധാരണ ജനങ്ങളെ പിഴിഞ്ഞെടുക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങളിലെ അമിതമായ വാറ്റ് നികുതിയും അടിയന്തിരമായി ഒഴിവാക്കുക, പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിക്ക് അകത്തു കൊണ്ടുവരിക തുടര്‍ന്നവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍. 2014 മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില 50 ശതമാനത്തോളം കൂടിയെന്നും പെട്രോളിന് മേലുള്ള എക്‌സൈസ് നികുതി 211 ശതമാനവും ഡീസലിന് മേലുള്ള എക്‌സൈസ് നികുതി 443 ശതമാനവും കൂടിയെന്നും കോണ്‍ഗ്രസ്സ് ആരോപിക്കുന്നു.

ബഹുമുഖമായ വിഷയങ്ങളില്‍ ബിജെപി നയിക്കുന്ന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ജെഡിയു നേതാവ് ശരത് യാദവ്. ദളിതുകളും ആദിവാസികളും മറ്റ് പിന്നോക്ക വിഭാഗങ്ങളും കൂടുതലായി അക്രമിക്കപ്പെടുന്ന വിഷയവും അദ്ദേഹം ഉന്നയിച്ചു. ജനങ്ങളുടെ ദേഷ്യം പ്രകടിപ്പിച്ച് സര്‍ക്കാരിനെ ഉണര്‍ത്താനാണ് ബന്ദ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹ്്‌ലോട്ട്, അഹ്മദ് പട്ടേല്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് താരിഖ് അന്‍വര്‍ എന്നീ പ്രതിപക്ഷ നേതാക്കള്‍ ശരത് യാദവിന്റെ വീട്ടില്‍ നടന്ന ചര്‍ച്ചക്ക് ശേഷമാണ് ബന്ദിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായത്.

ഭാരതബന്ദിനെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ ഇന്നലെ പറഞ്ഞിരുന്നു. വ്യാപാരികളുടെ സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ദ് സമാധാനപരമായിരിക്കണമെന്നും അക്രമങ്ങളിലൊന്നും പങ്കാളികളാകരുതെന്നും പാര്‍ട്ടിപ്രവര്‍ത്തകരോട് വക്താവ് നിര്‍ദേശിച്ചു. ഇന്ധന വിലവര്‍ധനയെക്കുറിച്ച് ബി.ജെ.പി. നിര്‍വാഹകസമിതി യോഗം മൗനം പാലിക്കുകയാണെന്ന് മാക്കന്‍ കുറ്റപ്പെടുത്തി. വിലക്കയറ്റത്തെക്കുറിച്ചോ രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചോ ബി.ജെ.പി. യോഗത്തില്‍ ചര്‍ച്ച നടന്നില്ല. ഞായറാഴ്ച ഇന്ധനവില റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടിക്കൊണ്ടിരിക്കുകയാണ് – അദ്ദേഹം കുറ്റപ്പെടുത്തി.

2014 മുതല്‍ ഇതുവരെ പെട്രോളിന്റെ എക്‌സൈസ് തീരുവ 211.7 ശതമാനമാണ് കൂട്ടിയത്. ഡീസലിന്റെ തീരുവ 433 ശതമാനം കൂട്ടി. 2014-ല്‍ പെട്രോളിന് ഒരു ലിറ്ററിന് 9.2 രൂപയായിരുന്നു എക്‌സൈസ് തീരുവ. ഇപ്പോഴത് ലിറ്ററിന് 19.48 ആയി.

എ എം

Share this news

Leave a Reply

%d bloggers like this: