സ്വീഡനില്‍ തൂക്കുസഭ; തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ തീരുമാനം നിര്‍ണ്ണായകമാവും

പൊതു തെരഞ്ഞെടുപ്പ് നടന്ന സ്വീഡനില്‍ തൂക്കുസഭ. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഒരു സഖ്യത്തിനും ഭൂരിപക്ഷമില്ല. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടെടുക്കുന്ന വലതു പക്ഷ സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കുന്നവരായിരിക്കും ഭരണത്തിലേറുക.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റ്സും സഖ്യകക്ഷികളും 40.6 ശതമാനം സീറ്റുകള്‍ നേടി. പ്രധാന പ്രതിപക്ഷമായ മോഡറേറ്റ്സും സഖ്യ കക്ഷികളും നേടിയത് 40.3 ശതമാനം വോട്ടുകളാണ്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടെടുക്കുന്ന വലതു പക്ഷ സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 17.6 ശതമാനം വോട്ടുകളാണ് നേടിയത്. സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ആരെ പിന്തുണക്കുന്നുവോ അവരാണ് ഭരണം പിടിക്കുക എന്ന കാര്യം ഉറപ്പായി. തങ്ങളുടെ തീവ്ര വലതുപക്ഷ കുടിയേറ്റ നയങ്ങള്‍ നടപ്പിലാക്കുന്നവരെ പിന്തുണക്കുമെന്ന് സ്വീഡന്‍ ഡെമോക്രാറ്റ് നേതാവ് ജിമ്മി അക്കേസണ്‍ പറഞ്ഞു.

ജനകീയത കൈവരിച്ച തീവ്രവലത് നിലപാടുകളിലൂടെയാണ് ജിമ്മീ അകെസ്സന്റെ പാര്‍ട്ടി സ്വീഡനില്‍ വളര്‍ന്നത്. ഇദ്ദേഹത്തിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്ക് വന്‍ കൈയടി കിട്ടുകയുണ്ടായി. നിയോ നാസി പ്രസ്ഥാനത്തിലാണ് ഈ പാര്‍ട്ടിയുടെ വേരുകള്‍. കുടിയേറ്റം സംബന്ധിച്ച് സ്വീഡനില്‍ വളര്‍ന്നിട്ടുള്ള ഭീതിയെ മുതലെടുക്കുകയായിരുന്നു സ്വീഡന്‍ ഡെമോക്രാറ്റ്‌സ്. നിയമനിര്‍മാണത്തില്‍ ഇനി ഈ പാര്‍ട്ടിയുടെ നിലപാട് വളരെ നിര്‍ണായകമായിരിക്കും. ബില്ലുകള്‍ പാസ്സാക്കിയെടുക്കാന്‍ മിത ഇടത്-വലത് വിഭാഗങ്ങള്‍ ഒരുമിക്കേണ്ടതായി വരും. ഇല്ലെങ്കില്‍ ഇരുവരും ഒരു കാരണവശാലും സ്വീഡന്‍ ഡെമോക്രാറ്റിന്റെ നിലപാടിനൊപ്പം നില്‍ക്കില്ലെന്ന് തീരുമാനിക്കേണ്ടതായി വരും. ചുരുക്കത്തില്‍ കാര്യങ്ങള്‍ വളരെയേറെ സങ്കീര്‍ണമായിത്തീരും.

തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായും നവ നാസികളുമായും ബന്ധമുള്ള സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 2010ലാണ് രൂപീകൃതമായത്. നവനാസികളുമായും തീവ്ര വലതുപക്ഷപാര്‍ട്ടികളുമായും ബന്ധമുള്ള സ്വീഡന്‍ ഡെമോക്രാറ്റുകള്‍ 2010-ലാണ് സ്വീഡിഷ് പാര്‍ലമെന്റിലേക്ക് ആദ്യവിജയം നേടുന്നത്. ജിമ്മി അകിസണ്‍ ആണ് സ്വീഡന്‍ ഡെമോക്രാറ്റുകളുടെ നേതാവ്. കുടിയേറ്റവിരുദ്ധനിലപാടിനുപുറമേ സ്വീഡന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ആവശ്യവും എസ്.ഡി. ഉന്നയിക്കുന്നുണ്ട്.

ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രധാനമന്ത്രി രാജിവെക്കണമെന്നും ജിമ്മി അക്കേസണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭരണഘടന അംഗീകരിച്ച പ്രകാരം രണ്ടാഴ്ച കൂടി പ്രധാനമന്ത്രിയായി തുടരുമെന്നും സഖ്യസാധ്യതകള്‍ പരിശോധിക്കുമെന്നും പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ പറഞ്ഞു. അന്തിമഫലം നാളെയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: