3 ലക്ഷം പേരെ അണിനിരത്തി ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡ് നടത്തി റഷ്യ

ശീതയുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും ബൃഹത്തായ സൈനികാഭ്യാസത്തിന് തുടക്കം കുറിച്ച് റഷ്യ. റഷ്യന്‍ സൈനികര്‍ക്ക് പുറമെ മംഗോളിയന്‍, ചൈനീസ് സൈനികരും അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം സൈനികാഭ്യാസം അമേരിക്കക്ക് വലിയ തലവേദനയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയും അമേരിക്ക അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഉരസല്‍ വര്‍ധിച്ചുനില്‍ക്കുന്ന സമയത്താണ് ഈ ശക്തിപ്രകടനമെന്നതും ശ്രദ്ധേയമാണ്. പാശ്ചാത്യ രാജ്യങ്ങളിലും ഉക്രെയിനിലും സിറിയയിലും അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരെ ഉയര്‍ത്തുന്ന ആരോപണം. മേഖലയില്‍ കൂടുതല്‍ അശാന്തി വിതക്കാനേ റഷ്യയുടെ സൈനിക അഭ്യാസം വഴിവെക്കൂവെന്ന് നാറ്റോയുടെ ആരോപണം. എന്നാല്‍ ഇവക്കൊന്നും റഷ്യ ചെവികൊടുക്കുന്നില്ല.

36,000 ടാങ്കുകളും 1000-ത്തോളം യുദ്ധവിമാനങ്ങളും 80 യുദ്ധക്കപ്പലുകളും അഭ്യാസത്തിന്റെ ഭാഗമായുണ്ട്. ചൈനയില്‍നിന്നുള്ള 3200 സൈനികരും അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. ജപ്പാന്‍ സമുദ്രം, ബെറിങ് ഉള്‍ക്കടല്‍ ഉള്‍പ്പെടെ അന്‍പത് കേന്ദ്രങ്ങളിലാണ് സൈനികാഭ്യാസം. സൈനികര്‍ക്കുപുറമേ, കവചിത വാഹനങ്ങളും വിമാനങ്ങളും ചൈന അയക്കുന്നുണ്ടെന്നാണ് വിവരം. മംഗോളിയയും സൈനികരെ അയക്കുന്നുണ്ട്. 1981-ല്‍ ശീതയുദ്ധസമയത്താണ് റഷ്യ ഏറ്റവുമൊടുവില്‍ വലിയതോതിലുള്ള സൈനികാഭ്യാസം നടത്തിയത്. അഭ്യാസം തുടങ്ങിയ ചൊവ്വാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. സെപ്റ്റംബര്‍ 17 വരെയാണ് സൈനികാഭ്യാസം. യു.എസ്. നേതൃത്വത്തില്‍ 29 രാജ്യങ്ങള്‍ അംഗങ്ങളായ നാറ്റോയുമായി റഷ്യയുടെ ബന്ധം വഷളായി നില്‍ക്കുന്ന സമയത്താണ് ചൈനയുമായി ചേര്‍ന്നുള്ള പുതിയ നീക്കം.

കിഴക്കന്‍ സെര്‍ബിയയില്‍ വോസ്റ്റോക്ക് 2018 എന്ന പേരില്‍ നടക്കുന്ന സൈനികാഭ്യാസം റഷ്യ ഇതുവരെ നടത്തിയ അഭ്യാസങ്ങളേക്കാള്‍ പതിന്മടങ്ങ് കരുത്തുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുമായി നേരിട്ടു കൊമ്പുകോര്‍ത്ത സോവിയറ്റ് യൂണിയന്റെ കാലത്തെ സൈനിക ശക്തിപ്രകടനത്തെ വെല്ലുന്നതാണ് ഇത്തവണത്തേത്. 1981ല്‍ ഒന്നു മുതല്‍ ഒന്നര ലക്ഷം സൈനികരെ അണിനിരത്തിയാണ് റഷ്യ സൈനിക ശക്തി കാണിച്ചത്. ഇത്തവണ ഇതിനേക്കാള്‍ പതിന്‍മടങ്ങ് കരുത്തുള്ള സൈനികാഭ്യാസമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി സെര്‍ജി ഷോഗു പറഞ്ഞു. 3600 സൈനിക വാഹനങ്ങളും ടാങ്കുകളും കവചിത വാഹനങ്ങളും മറ്റു യുദ്ധകോപ്പുകളും ഓരേ നിരയില്‍ ഒന്നിച്ചു നീങ്ങുന്നത് യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ – ചൈന ബന്ധം ഊട്ടിയുറപ്പിക്കുന്നതുകൂടിയായിരിക്കും ഇത്. അതേസമയം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം അത്ര സുഖകരമല്ലാത്ത സാഹചര്യത്തില്‍ സൈനികാഭ്യാസ പ്രകടനങ്ങള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിന് കാരണമാകുമെന്ന് നാറ്റോ അഭിപ്രായപ്പെട്ടു. വ്‌ലാഡിവോസ്റ്റോക്കില്‍ സാന്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ സൈനികാഭ്യാസ പ്രകടനം കാണാനെത്തുമെന്നാണ് കരുതുന്നത്. 17നാണ് സൈനികാഭ്യാസം സമാപിക്കുക.

 

 

എ എം

Share this news

Leave a Reply

%d bloggers like this: