‘ഫ്ളോറന്‍സ്’ അമേരിക്കന്‍ തീരത്തോടടുക്കുന്നു; അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു

വാഷിങ്ടണ്‍: യു.എസില്‍ നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ് ‘ഫ്ളോറന്‍സ്’ തീരത്തോടടുക്കുന്നു. വിര്‍ജീനിയ, കരോലൈനയുടെ വടക്കുകിഴക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളിലുള്ള 17 ലക്ഷത്തോളംപേര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറുകയാണ്. വ്യാഴാഴ്ചയോടെ ചുഴലിക്കാറ്റ് തീരംതൊടുമെന്ന് കാലാവസ്ഥാവിഭാഗം പറഞ്ഞു. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗമുള്ള ഫ്ളോറന്‍സിനെ അതിഭീകരമെന്ന് വിശേഷിപ്പിച്ച് കാറ്റഗറി നാലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കരയോടടുക്കുമ്പോഴേക്കും ചുഴലിക്കാറ്റ് കാറ്റഗറി അഞ്ചിലെത്തുമെന്ന് മയാമി ആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹുറിക്കെയ്ന്‍ സെന്റര്‍ അറിയിച്ചു. വടക്ക്, കിഴക്കന്‍ കരോലൈന, മേരിലന്‍ഡ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവിടങ്ങളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കന്‍ ജനതയുടെ സുരക്ഷയാണ് ഏറ്റവുംപ്രധാനമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മുന്‍കരുതലായി ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ അനുസരിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന ഒട്ടേറെ പ്രചാരണപരിപാടികള്‍ അദ്ദേഹം റദ്ദാക്കി. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് 38 മുതല്‍ 50 സെന്റീമീറ്റര്‍വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

കിഴക്കന്‍തീരത്തെ ലക്ഷ്യമാക്കുന്ന ‘ഫ്ളോറന്‍സ്’ നൂറ്റാണ്ടിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായിരിക്കുമെന്നാണ് കരുതുന്നത്. ജീവന് ഭീഷണിയുണ്ടാക്കുന്ന കാറ്റില്‍ ചിലയിടങ്ങളില്‍ തീരത്ത് 13 അടി വരെ വെള്ളം ഉയരുമെന്നാണ് പ്രവചനം. വീടുകളില്‍ തുടരുന്നത് അപകടമാണെന്നും ഉടന്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും നോര്‍ത്ത് കരോലൈന ഗവര്‍ണര്‍ റോയ് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കി.

ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതിനാല്‍ ബുധനാഴ്ച ദേശീയ പാതകളില്‍ വലിയതോതില്‍ ഗതാഗതസ്തംഭനമുണ്ടായി. ഉള്‍പ്രദേശങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ ഒട്ടേറെ പ്രധാനപാതകളുടെ ഒരുവശത്തേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പൂര്‍ണ പ്രഹരശേഷിയുള്ളതാണ് ഫ്ളോറന്‍സെന്ന് ഫെമ ഭരണാധികാരി ബ്രോക് ലോങ് പറഞ്ഞു. ഇതിന്റെ ശക്തി ആഴ്ചകളോളം നില്‍ക്കും. തീരപ്രദേശങ്ങളില്‍ ഉള്ളവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റും. ഉള്‍പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകും. ശൈത്യകാലകാറ്റ് ‘സ്‌നോസില്ല’ വീശിയ 2016-ലാണ് യു.എസില്‍ ഇതിനുമുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

തീരപ്രദേശത്തുള്ള പത്തുലക്ഷം വീടുകള്‍ ഒഴിപ്പിക്കാന്‍ തിങ്കളാഴ്ച സൗത്ത് കരോലൈന ഗവര്‍ണര്‍ ഹെന്റി മക്മാസ്റ്റര്‍ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ ആകെയുള്ള 46 മണ്ഡലങ്ങളിലെ 26 ഇടത്തെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച മുതല്‍ അവധിയാണ്. പ്രധാന വിനോദകേന്ദ്രമായ ഔട്ടര്‍ ബാങ്ക്‌സ്, തീരപ്രദേശമായ ഡെയര്‍ കൗണ്ടി എന്നിവിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനും നിര്‍ദേശമുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: