യൂറോപ്പിലെ സമയമാറ്റം 2019 മാര്‍ച്ചില്‍ പ്രാബല്യത്തിലാവും; നോര്‍ത്തേണ്‍ അയര്‍ലന്റുമായി ഒരു മണിക്കൂര്‍ സമയ വ്യത്യാസം.

ഡബ്ലിന്‍: ഓരോ വര്‍ഷത്തിലും ശീതകാലത്തും വസന്തകാലത്തും സമയം ഒരു മണിക്കൂര്‍ മാറ്റി ക്രമീകരിക്കുന്ന യൂറോപ്പിലെ സമ്പ്രദായം അടുത്ത വര്‍ഷം കൊണ്ട് അവസാനിക്കും. 2019 മാര്‍ച്ചിലെ അവസാന ഞായറാഴ്ച അവസാനമായി സമയം ക്രമപ്പെടുത്തി നിയമം നടപ്പിലാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്‌ളtuഡ് ജൂങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിയമം പ്രാബല്യത്തിലാക്കാന്‍ ഇയു റാറ്റിന്റെ അനുമതി ലഭിച്ചുവെന്നും ജുങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയനിലെ 28 രാജ്യങ്ങള്‍ക്ക് നിയമം ബാധകമായിരിയ്ക്കും.

എന്നാല്‍ ഈ വര്‍ഷത്തെ ശൈത്യകാല സമയമാറ്റം ഒക്ടോബര്‍ 28 ന് ഞായറാഴ്ച പുലര്‍ച്ചെ പതിവുപോലെ നടക്കും. ഈ പ്രക്രിയയിലെ അവസാനത്തെ സമയമാറ്റമായിരിയ്ക്കും ഇത്. 4.6 മില്യന്‍ ആളുകളെ പങ്കെടുപ്പിച്ച് യൂറോപ്യന്‍ കമ്മിഷന്‍ സംഘടിപ്പിച്ച വിശാലമായ ഓണ്‍ലൈന്‍ സര്‍വേയില്‍ യൂറോപ്യന്‍ പൗരന്‍മാരില്‍ എണ്‍പതു ശതമാനവും സമയമാറ്റ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് വോട്ടു ചെയ്തിരുന്നു. ഹിതപരിശോധനയുടെ നിയമ സാധുതയില്‍ ഉപരി സമയ ക്രമീകരണം സംബന്ധിച്ച പുനര്‍വിചിന്തനത്തിന് ഇയു നേതാക്കളെ പ്രേരിപ്പിച്ചതാണ് നിയമം നടപ്പിലാക്കാനുള്ള കാരണം.

യൂറോപ്യന്‍ കൗണ്‍സിലും യൂറോപ്യന്‍ പാര്‍ലമെന്റും സംയുകതമായാണ് തീരുമാനമെടുത്തത്. വിന്റര്‍ സമയമാണോ, സമ്മര്‍ സമയമാണോ നിജപ്പെടുത്തേണ്ടത് എന്ന സംശയവും ചര്‍ച്ചയില്‍ ഉദിച്ചു. എന്നാല്‍ വിന്റര്‍ സമയത്തില്‍ തുടരണമെന്നുള്ളവര്‍ 2019 ഒക്ടോബറില്‍ അവസാനമായി ഒരു മണിക്കൂര്‍ സമയമാറ്റം വരുത്തണം.

അതേസമയം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്ന ബ്രിട്ടന്‍ ഗ്രീന്‍വിച്ച് മീന്‍ ടൈമിലും സമ്മര്‍ ടൈമിലും തുടരും. 2019 മാര്‍ച്ച് 29 വെള്ളിയാഴ്ചയാണ് ബ്രിട്ടന്‍ ഔദ്യോഗികമായി ഇയുവില്‍ നിന്ന് പുറത്തുപോകുന്നത്. ഇത് പ്രകാരം അയര്‍ലന്‍ഡ് സ്വീകരിക്കുന്ന സമ്മര്‍ സമയമോ, വിന്റര്‍ സമയമോ അനുസരിച്ച് നോര്‍ത്തേണ്‍ അയര്‍ലന്റുമായി മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ അവസാനം വരെയോ, ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് അവസാനം വരെയോ ഒരു മണിക്കൂര്‍ സമയ വ്യത്യാസമുണ്ടാകും.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: