അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇന്ത്യക്കാരുടെ സംഖ്യയില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായതായി കണക്കുകള്‍; ഇടനിലക്കാരായി മനുഷ്യക്കടത്തു സംഘങ്ങള്‍

അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇന്ത്യക്കാരുടെ സംഖ്യയില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായതായി കണക്കുകള്‍. അനധികൃത കടന്നുകയറ്റത്തിന്റെ പേരില്‍ യുഎസില്‍ ഈ വര്‍ഷം ഇതുവരെ അറസ്റ്റിലായ ഇന്ത്യക്കാരുടെ സംഖ്യ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയായതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ ആളിനും 25,000 ഡോളറിനും 50,000 ഡോളറിനും ഇടയിലുള്ള തുക കള്ളക്കടത്തു സംഘങ്ങള്‍ക്കു നല്‍കിയാണ് ഇവര്‍ മെക്സിക്കോ അതിര്‍ത്തി കടന്ന് എത്തുന്നതെന്ന് സിബിപി വക്താവ് സല്‍വദോര്‍ സമോറ വെളിപ്പെടുത്തി.

ന്യായമായ കാരണങ്ങള്‍ നിരത്തിയാണ് ഇവരില്‍ പലരും അഭയത്തിനായി അപേക്ഷിക്കുന്നത്. എന്നാല്‍ കൃത്രിമ പരാതികളുമായി എത്തുന്ന സാമ്പത്തിക കുടിയേറ്റക്കാരാണ് അധികവും. ഇത്തരം തട്ടിപ്പുകാരുടെ സംഖ്യ വര്‍ധിക്കുന്നത് സത്യസന്ധമായ കേസുകള്‍ പോലും തള്ളിപ്പോകാന്‍ ഇടയാക്കിയേക്കുമെന്നും ഒരു അഭിമുഖത്തില്‍ സമോറ പറഞ്ഞു. 2017ല്‍ 3,162 ഇന്ത്യക്കാരാണ് അനധികൃതമായി യുഎസില്‍ പ്രവേശിച്ചതിന് അറസ്റ്റിലായെങ്കില്‍ ഈ വര്‍ഷം ഇതുവരെയായി 9000ത്തിലധികം പേര്‍ പിടിയിലായിട്ടുള്ളതായാണ് ഔദ്യോഗിക കണക്കുകള്‍.

ഉയര്‍ന്ന ജാതിയില്‍നിന്നു വിവാഹം കഴിച്ചതിനെ തുടര്‍ന്ന് വധ ഭീഷണി നേരിടുന്ന താഴ്ന്ന ജാതിക്കാര്‍ മുതല്‍ രാഷ്ട്രീയമായി വേട്ടയാടുന്നു എന്ന് പരാതിപ്പെടുന്ന സിഖുകാര്‍ വരെ ഇത്തരത്തില്‍ യുഎസില്‍ അഭയം തേടുന്ന ഇന്ത്യക്കാരില്‍ ഉള്‍പ്പെടും. 2012-17 കാലഘട്ടത്തില്‍ യുഎസില്‍ അഭയം തേടിയ ഇന്ത്യക്കാരില്‍ 42.2 ശതമാനം പേരുടെയും അപേക്ഷ തള്ളപ്പെട്ടിരുന്നു. മെക്സികോയിലെ മൂന്നു മൈല്‍ നീളമുള്ള അതിര്‍ത്തി വഴിയാണ് ഈ വര്‍ഷം പിടിയിലായ 4000 ഇന്ത്യക്കാരും യുഎസില്‍ പ്രവേശിച്ചതെന്ന് സമോറ കൂട്ടിച്ചേത്തു.

 

 

 

 

 

 

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: