ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഡല്‍ഹി: രാജ്യത്തിന്റെ 46-ാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു. ആസ്സാമില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. പതിമൂന്ന് മാസം ജസ്റ്റിസ് ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും. ദൈവ നാമത്തില്‍ ആയിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ സത്യപ്രതിജ്ഞ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രീം കോടതി ജഡ്ജിമാര്‍, അറ്റോര്‍ണി കെകെ വേണുഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഭാര്യ രൂപാഞ്ജലി ഗോഗോയ്, അമ്മ ശാന്തി ഗോഗോയി എന്നിവരും രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് കോടതിയില്‍ എത്തി ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു.

ജനുവരിയില്‍ ചീഫ് ജസ്റ്റിസ് ദിപക് മിശ്രയ്ക്കെതിരെ നടത്തിയ അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നാലു ജഡ്ജിമാരില്‍ ഒരാള്‍ ആണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ഗൗരവവും കാര്‍ക്കശ്യവും കൈവിടാത്ത ന്യായാധിപന്‍. അസം മുന്‍ മുഖ്യമന്ത്രി കേശബ് ചന്ദ്ര ഗോഗോയിയുടെ മകനാണ് ജസ്റ്റിസ് ഗോഗോയ്. 1978ല്‍ അഭിഭാഷക വൃത്തി തുടങ്ങിയ ജസ്റ്റിസ് ഗോഗോയ് 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2012ല്‍ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ട അദ്ദേഹം ഒരു വര്‍ഷവും ഒരു മാസവും ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും.

മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഔദ്യോഗിക ബംഗ്ളാവ് നല്‍കേണ്ട, സൗമ്യ കേസില്‍ ഗോവിന്ദ ചാമിക്ക് വധശിക്ഷ വേണ്ട, ബലാത്സംഗ കേസുകളില്‍ മൊഴിമാറ്റുന്ന ഇരയെ ശിക്ഷിക്കാം തുടങ്ങിയ വിധികള്‍ പ്രസ്താവിച്ചത് ജസ്റ്റിസ് ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ്. കെട്ടികിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ തനിക്ക് കൃത്യമായ പദ്ധതിയുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വിവാദങ്ങള്‍ നിറഞ്ഞു നിന്ന ജസ്റ്റിസ് ദീപക് മിശ്രയുടെ കാലഘട്ടത്തിന് ശേഷം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് എത്തുമ്പോള്‍ പ്രവര്‍ത്തന ശൈലിയില്‍ എന്തു മാറ്റമെന്നാണ് നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: